KeralaNews

പെരിയാറിൽ മത്സ്യക്കുരുതി:നശിച്ചത് 150ലധികം കൂടുകൾ, കോടികളുടെ നഷ്‌ടം, അന്വേഷണം തുടങ്ങുന്നു

കൊച്ചി: പെരിയാറിൽ വൻതോതിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ പ്രാഥമിക കണക്ക് പുറത്തുവിട്ട് ഫിഷറീസ് വകുപ്പ്. പെരിയാറിൽ പാതാളം റെഗുലേറ്റർ കം ബ്രിഡ്ജിന് താഴെയായി തിങ്കളാഴ്ച അർദ്ധരാത്രിയോടെയാണ് വൻതോതിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയത്. 150ലേറെ മത്സ്യക്കൂടുകൾ പൂർണമായി നശിച്ചതായി ഫിഷറീസ് വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. കോടികളുടെ നഷ്ടമാണ് മത്സ്യക്കർഷകർക്കുണ്ടായിരിക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

വരാപ്പുഴ, ചേരാനല്ലൂർ, കടമക്കുടി പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത്. കൊച്ചി കോർപ്പറേഷൻ മേഖലയിലേയ്ക്കും വിഷപ്പുഴ ഒഴുകിയതായി ഫിഷറീസ് വകുപ്പ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കരിമീൻ, പൂളാൻ, പള്ളത്തി, കാളാഞ്ചി അടക്കമുള്ള മത്സ്യങ്ങളാണ് വ്യാപകമായി ചത്തുപൊങ്ങിയത്. റെഗുലേറ്റർ കം ബ്രിഡ്ജിന് താഴെ പെരിയാറിലെ വെള്ളത്തിന് നിറംമാറ്റം തുടങ്ങിയിരുന്നു.

സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താൻ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് മലിനീകരണ നിയന്ത്രണ ബോർഡിന് നിർദ്ദേശം നൽകിയിരുന്നു. കളക്ടർ വിളിച്ച ഉദ്യോഗസ്ഥരുടെ അടിയന്തര യോഗത്തിലാണ് നിർദ്ദേശം നൽകിയത്. ഫോർട്ട്കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ്, ഇറിഗേഷൻ, വ്യവസായ വകുപ്പ്, ആരോഗ്യ വകുപ്പ്, വാട്ടർ അതോറിറ്റി, ഫിഷറീസ് വകുപ്പ് പ്രതിനിധികളെ ഉൾപ്പെടുത്തി അന്വേഷണക്കമ്മിറ്റി രൂപീകരിച്ചിരുന്നു. സംയുക്ത അന്വേഷണം ഇന്ന് തുടങ്ങും. ഒരാഴ്ചക്കകം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. ഫോർട്ട് കൊച്ചി സബ് കളക്ടർ കെ മീര ഇന്ന് എടയർ വ്യവസായ മേഖലയിലെത്തും.

പ്രദേശം വ്യവസായ മേഖലയായതിനാൽ പുഴയിലേക്ക് രാസമാലിന്യം ഒഴുക്കിയതിന്റെ ഫലമായാണോ മത്സ്യക്കുരുതി എന്നറിയാൻ സി.സി.ടി.വി ക്യാമറകൾ പരിശോധിക്കും. രാസമാലിന്യം കലർന്നിട്ടുണ്ടെങ്കിൽ കുറ്റക്കാരായ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികൾ സ്വീകരിച്ച് റിപ്പോർട്ട് ചെയ്യാൻ മലിനീകരണ നിയന്ത്രണ ബോർഡ് എൺവയൺമെന്റൽ എൻജിനിയറോട് കളക്ടർ നിർദ്ദേശിച്ചിരിക്കുകയാണ്.

സംഭവ സ്ഥലത്ത് നിന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ശേഖരിച്ച മീനിന്റെയും ജലത്തിന്റെയും സാമ്പിൾ പരിശോധനയ്ക്കായി കുഫോസ് സെൻട്രൽ ലാബിന് നൽകി. ഒരാഴ്ചക്കുള്ളിൽ ഫലം ലഭിക്കും. അതേസമയം, മലിനീകരണ നിയന്ത്രണ ബോർഡിന്റെ (പൊല്യൂഷൻ കൺട്രോൾ ബോർഡ്, പിസിബി) അനാസ്ഥയിൽ പ്രതിഷേധിച്ച് നാട്ടുകാർ ഇന്ന് എലൂർ പിസിബി ഓഫീസിലേയ്ക്ക് മാർച്ച് നടത്തും.

പെരിയാറിലെ മത്സ്യക്കുരുതിയിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈബി ഈഡൻ എം.പി ആവശ്യപ്പെട്ടു. കമ്പനികളിൽ നിന്ന് രാസമാലിന്യങ്ങൾ പുഴയിലേക്കൊഴുക്കിയെന്ന് സംശയമുണ്ട്. സി.എം.എഫ്.ആർ.ഐ പോലുള്ള വിദദ്ധ ഏജൻസികളുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണം. മത്സ്യ കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്നും എം.പി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker