
കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലം ഹോളിക്രോസ് കോളേജില്‍ ഒന്നാംവർഷ വിദ്യാർഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തതായി പരാതി. ആറ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ റാഗിങ് വിരുദ്ധ നിയമ പ്രകാരം പൊലീസ് കേസെടുത്തു. ആരോപണ വിധേയരായ വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി ഹോളിക്രോസ് കോളേജ് പ്രിന്‍സിപ്പാള്‍ ഷൈനി ജോര്‍ജ്ജ് അറിയിച്ചു.
ഇക്കഴിഞ്ഞ ഫെബ്രുവരി 14ന് കോളേജ് ആര്‍ട്സ് ഡേക്കിടെയായിരുന്നു റാഗിങ്ങ്. ഒന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥി വിഷ്ണു കൂളിങ്ങ് ഗ്ലാസ് വെച്ച് നൃത്തം ചെയ്തിരുന്നു. ഇത് ഇഷ്ടപെടാത്തതിനാണ് മര്‍ദനമെന്നാണ് പരാതി. വിഷ്ണുവിന്‍റെ കൂളിങ് ഗ്ലാസ് എടുത്തുമാറ്റി സീനിയര്‍ വിദ്യാര്‍ത്ഥികളായ ആറു പേര്‍ റാഗ് ചെയ്തെന്നാണ് പരാതി.
മര്‍ദനത്തില്‍ വിഷ്ണുവിന് കാലിനും തലക്കും പരിക്കേറ്റതായി പരാതിയില്‍ പറയുന്നു. കോളേജിലെ റാഗിങ് വിരുദ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നടക്കാവ് പൊലീസ് കേസെടുത്തു. സീനിയര്‍ വിദ്യാര്‍ത്ഥികളായ മുഹമ്മദ് സിനാന്‍, ഗൗതം എന്നിവര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെയാണ് കേസ്. പൊലീസ് കേസെടുത്ത പശ്ചാത്തലത്തിലാണ് ആറ് പേരെയും കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. ഇന്നലെ വൈകിട്ടാണ് നടക്കാവ് പൊലീസ് കേസെടുത്തത്. കേരള റാഗിങ് വിരുദ്ധ നിയമം നാലില്‍ ഒന്ന്, രണ്ട് ഉപവകുപ്പുകള്‍ പ്രകാരണാണ് കേസ്. കോഴിക്കോട് ഒളവണ്ണ സ്വദേശിയാണ് റാഗിങിന് ഇരയായ വിഷ്ണു.