ന്യൂഡല്‍ഹി : 10 വര്‍ഷത്തിനിടെ വിവിധ പുരുഷന്മാരെ വിവാഹം കഴിക്കുകയും അവരില്‍ നിന്ന് ഒത്തുതീര്‍പ്പിന്റെ ഭാഗമായി ഒന്നേകാല്‍ കോടി തട്ടിയെടുക്കുകയും ചെയ്ത സ്ത്രീ പോലീസ് പിടിയിലായി. കൊള്ളക്കാരി വധു എന്നാണ് പോലീസ് ഇവരെ വിശേഷിപ്പിക്കുന്നത്.
ഉത്തരാഖണ്ഡുകാരിയായ നിക്കി എന്ന സീമയാണ് പോലീസ് അറസ്റ്റിലായത്. 2013-ലാണ് ഇവര്‍ ആഗ്രയില്‍ നിന്നുള്ള വ്യവസായിയെ വിവാഹം കഴിക്കുന്നത്. കുറച്ചു നാളുകള്‍ക്ക് ശേഷം അയാളുടെ കുടുംബത്തിന്റെ പേരില്‍ കേസ് കൊടുക്കുകയും ഒത്തുതീര്‍പ്പിന്റെ ഭാഗമായി 75 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തു.
പിന്നീട് 2017-ല്‍ ഗുരുഗ്രാമില്‍ നിന്നുള്ള ഒരു സോഫ്റ്റ്വെയര്‍ എന്‍ജിനീയറെ സീമ വിവാഹം കഴിക്കുകയും പിന്നീട് ഇയാളുമായി വേര്‍പിരിഞ്ഞതിന് ശേഷം 10 ലക്ഷം രൂപ സെറ്റില്‍മെന്റായി വാങ്ങുകയും ചെയ്തു. 2023-ല്‍ ജയ്പുര്‍ ആസ്ഥാനമായുള്ള ഒരു ബിസിനസുകാരനെ ഇവര്‍ വിവാഹം കഴിച്ചു. എന്നാല്‍ താമസിയാതെ 36 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും പണവും തട്ടിയെടുത്തു അവരുടെ വീട്ടില്‍ നിന്ന് ഇവര്‍ കടന്നു.
വീട്ടുകാര്‍ കേസ് കൊടുത്തതിനെത്തുടര്‍ന്നാണ് ജയ്പൂര്‍ പോലീസ് സീമയെ അറസ്റ്റ് ചെയ്തത്. പോലീസ് അന്വേഷണത്തില്‍ സീമ മാട്രിമോണിയല്‍ സൈറ്റുകളില്‍ നിന്നാണ് തട്ടിപ്പിനിരയായവരെ കണ്ടെത്തിയത്. സാധാരണയായി വിവാഹമോചിതരായവരോ അല്ലെങ്കില്‍ ഭാര്യമാരെ നഷ്ടപ്പെട്ടതോ ആയ പുരുഷന്മാരെയാണ് ഇവര്‍ ലക്ഷ്യമാക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ വിവാഹം കഴിച്ച് വിവിധ കേസുകളിലായി 1.25 കോടി രൂപയാണ് ഇവര്‍ തട്ടിയെടുത്തത്.