KeralaNews

ആദ്യം പനി, പിന്നാലെ ചുമയും ശക്തം; എട്ടാം നാൾ മുഹമ്മദലിക്ക് ജീവൻ പോയി; നിപ ഉറവിടം മലമുകളിലെ കൃഷിത്തോട്ടം?

കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച കുറ്റ്യാടി മരുതോങ്കര കള്ളാട് സ്വദേശി എടവലത്ത് മുഹമ്മദലിക്കു നിപ ബാധിച്ചത് ഏതുവഴിയാണെന്ന ആശങ്കയിൽ ആരോഗ്യപ്രവർത്തകരും പ്രദേശവാസികളും (Nipah Virus). വീടിനടുത്തായുള്ള കൃഷിത്തോട്ടത്തിൽ നിന്നായിരിക്കാം എന്നാണ് ഇന്നലെ ചേർന്ന ആരോഗ്യവകുപ്പിന്റെ അവലോകനയോഗത്തിലെ നിഗമനം. ഇക്കാര്യം അടുത്തദിവസങ്ങളിൽ നടത്തുന്ന വിദഗ്ധ പരിശോധനകൾക്കു ശേഷമേ സ്ഥിരീകരിക്കാനാകൂ. മുഹമ്മദലിയുടേത് പ്രാരംഭകേസായി പരിഗണിച്ചുകൊണ്ടുള്ള പ്രോട്ടോക്കോൾ നടപടികളാണ് നിലവിൽ പുരോഗമിക്കുന്നത്.

പ്രവാസിയായിരുന്ന മുഹമ്മദലി ദീർഘനാളായി നാട്ടിലുണ്ട്. വീട്ടിൽനിന്നു അധികമൊന്നും പുറത്തുപോകാറില്ല. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ മലമുകളിലുള്ള തോട്ടത്തിൽ തെങ്ങും കമുകുമാണ് പ്രധാനകൃഷി. കഴിഞ്ഞമാസം അവസാനത്തോടെ തേങ്ങയിടലിനും മറ്റുമായി മുഹമ്മദലി അവിടെ പോയിരുന്നതായാണ് വിവരം.

22നാണ് മുഹമ്മദലി പനി ബാധിച്ച് കുറ്റ്യാടിയിലെ ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് ചുമയും പനിയും ശക്തമായതോടെ 25ന് വീണ്ടും ഇതേ ആശുപത്രിൽ വരികയും പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിലേക്കു മാറ്റുകയുമായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ 30നായിരുന്നു മരണം. കരൾരോഗമടക്കം വിവിധ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നതിനാൽ നിപയാണെന്ന് സംശയം ആശുപത്രി അധികൃതർക്കുണ്ടായിരുന്നില്ല. ഇതുമൂലം സാംപിൾ പരിശോധനകളില്ലാതെ മൃതദേഹം കുടുംബത്തിനു വിട്ടുനൽകി.

എന്നാൽ സമാനലക്ഷണങ്ങളോടെ ബന്ധുക്കൾ ചികിത്സ തേടിയപ്പോഴാണ് നിപ സംശയിച്ചത്. തുടർന്ന് സ്രവപരിശോധനയിൽ ഇവർക്ക് രോഗബാധ സ്ഥിരീകരിച്ചു. മുഹമ്മദലിയുടെ ഒൻപതു വയസ്സുള്ള മകൻ, ഭാര്യാസഹോദരൻ എന്നിവരാണ് നിപ സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഇദ്ദേഹത്തിന്റെ ഭാര്യ, ഭാര്യാസഹോദരന്റെ 10 മാസം പ്രായമുള്ള കുഞ്ഞ് എന്നിവരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. ഇവരെല്ലാം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker