FeaturedHome-bannerKeralaNews

ഫിറോസ്‌ കുന്നുംപറമ്പിലിനെ പോലീസ്‌ ചോദ്യം ചെയ്തു

കൊച്ചി:അമ്മയുടെ ചികിത്സയ്ക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശിനിയായ യുവതിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ഫിറോസ്‌ കുന്നുംപറമ്പിലിനെ പോലീസ് ചോദ്യം ചെയ്തു. എറണാകുളം എ.സി.പി: കെ. ലാല്‍ജിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

യുവതിയെ വിളിച്ചതായും അധികമായി ലഭിച്ച പണം ആവശ്യപ്പെട്ടതായും ഫിറോസ്‌ സമ്മതിച്ചു. പത്തുലക്ഷത്തോളം ഫോളോവേഴ്‌സുള്ള തന്റെ ഫേസ്ബുക്ക്‌ പേജിലൂടെ വര്‍ഷയുടെ ചികിത്സാസഹായ അഭ്യര്‍ഥന പ്രചരിപ്പിക്കാമെന്നും അധികമായി ലഭിക്കുന്ന തുകയില്‍ ഒരു വിഹിതം നിര്‍ധനരായ മറ്റു രോഗികള്‍ക്ക്‌ നല്‍കാമെന്നും യുവതിയുമായി ധാരണയുണ്ടായിരുന്നതായി ഫിറോസ്‌ മൊഴിനല്‍കി. എന്നാല്‍ താന്‍ തുക ആവശ്യപ്പെട്ട് വര്‍ഷയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഫിറോസ്‌ പറഞ്ഞു.

ഫിറോസ്‌ യുവതിയോട്‌ മോശമായി സംസാരിച്ചിട്ടില്ലെന്നാണ്‌ പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ഇയാള്‍ പറഞ്ഞ വിവരങ്ങള്‍ സത്യമാണോയെന്ന്‌ പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ വീണ്ടും ചോദ്യംചെയ്യും. പെണ്‍കുട്ടിയും സന്നദ്ധപ്രവര്‍ത്തകരും തമ്മില്‍ ധാരണയുണ്ടാക്കിയിരുന്നോയെന്ന്‌ പോലീസ്‌ പരിശോധിക്കും. ഇതോടൊപ്പംതന്നെ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനും പോലീസ്‌ തീരുമാനിച്ചിട്ടുണ്ട്‌. കേസിലുള്‍പ്പെട്ട സാജന്‍ കേച്ചേരി, സലാം, ഷാഹിദ്‌ എന്നിവരെ തിങ്കളാഴ്‌ച ചോദ്യം ചെയ്‌തിരുന്നു.

ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ചതിനാണ്‌ ഇവര്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്‌. ചികിത്സാ സഹായത്തിന്‌ അഭ്യര്‍ഥന നടത്തിയതിനു പിന്നാലെ വര്‍ഷയുടെ അക്കൗണ്ടിലേക്ക്‌ ഒരു കോടിയിലേറെ രൂപയെത്തിയെന്നാണ് വിവരം. ഇതില്‍ ഒരു വിഹിതം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് വര്‍ഷയുടെ പരാതി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button