KeralaNews

‘വെടിക്കെട്ട് ആചാരത്തിന്റെ ഭാഗം’; ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി സര്‍ക്കാര്‍

തിരുവനന്തപുരം: അസമയത്തെ വെടിക്കെട്ട് നിരോധനത്തിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ഹര്‍ജി ഡിവിഷന്‍ ബെഞ്ച് നാളെ പരിഗണിക്കും. വെടിക്കെട്ട് ആചാരത്തിന്റെ ഭാഗമാണെന്ന് സർക്കാർ പറഞ്ഞു. 2005 ല്‍ സുപ്രീംകോടതി വെടിക്കെട്ടിന് ഇളവ് നല്‍കിയിട്ടുണ്ട്. 2006 ല്‍ സുപ്രീംകോടതി ഉത്തരവില്‍ വ്യക്തത വരുത്തി. ആചാരങ്ങള്‍ക്ക് തടസമില്ലെന്നാണ് സുപ്രീംകോടതി ഉത്തരവ്. സിംഗിള്‍ബെഞ്ച് ഈ വിധിയൊന്നും പരിശോധിച്ചില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം വെടിക്കെട്ട് നിയന്ത്രിച്ചതിനെതിരെ ഹൈക്കോടതിയിൽ ഡിവിഷൻ ബെഞ്ച് മുമ്പാകെ അപ്പീൽ നൽകുമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് അറിയിച്ചു. വെടി പൊട്ടിക്കുന്നത് ക്ഷേത്രാചാരങ്ങളുടെ ഭാഗമാണ്. ആചാരങ്ങൾ പാലിക്കാതിരിക്കുന്നത് ക്ഷേത്രവിശ്വാസത്തെ ഹനിക്കും. ക്ഷേത്രങ്ങളെ ദോഷകരമായി ബാധിക്കുമെന്നും കൊച്ചിൻ ദേവസ്വം ബോർഡ് പറഞ്ഞു.

നിയന്ത്രണം ക്ഷേത്ര ചൈതന്യത്തെ ബാധിക്കും. വെടിക്കെട്ടുകൾ നിർത്തിയാൽ ആഘോഷങ്ങളുടെ ‌പൊലിമ കുറയുമെന്നും ദേവസ്വം ബോർഡ് അം​ഗങ്ങൾ കൂട്ടിച്ചേർത്തു. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പാലക്കാട്ടെ ഉല്‍സവക്കമ്മിറ്റികള്‍ അറിയിച്ചിരുന്നു. വിധിയെ നിയമപരമായി നേരിടാൻ ഉല്‍സവക്കമ്മിറ്റി ഭാരവാഹികളുടെ യോഗത്തില്‍ തീരുമാനമായി. കേസ് വീണ്ടും പരിഗണിക്കുന്ന ഈ 24നു മുന്‍പ് തന്നെ ഹൈക്കോടതിയെ സമീപിക്കാനാണു തീരുമാനം.

വിധിക്കെതിരെ മരട് ക്ഷേത്രഭാരവാഹികളും രംഗത്തുവന്നിരുന്നു. ബന്ധപ്പെട്ട കക്ഷികളെ കേള്‍ക്കാതെയാണ് ഹൈക്കോടതിയുടെ പരാമര്‍ശമെന്നും 24 ന് കേസ് പരിഗണിക്കുമ്പോള്‍ റിവ്യൂ ഹര്‍ജി നല്‍കുമെന്നും മരട് ഭാരവാഹികളും അറിയിച്ചിട്ടുണ്ട്.

വെള്ളിയാഴ്ചയാണ് സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ വെടിക്കെട്ടിന് നിരോധനം ഏര്‍പ്പെടുത്തി ഹൈക്കോടതി ഉത്തരവിട്ടത്. രാത്രികാലങ്ങളില്‍ വെടിക്കെട്ട് നടക്കുന്നില്ലെന്ന് ജില്ലാ കളക്ടര്‍മാര്‍ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് അമിത് റാവല്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ദൈവത്തെ പ്രീതിപ്പെടുത്താന്‍ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധഗ്രന്ഥത്തിലും പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ആരാധനാലയങ്ങളില്‍ നിയമവിരുദ്ധമായി സൂക്ഷിച്ചിരിക്കുന്ന വെടിമരുന്നുകള്‍ ജില്ലാ പൊലീസ് കമ്മീഷണര്‍മാരുടെ സഹകരണത്തോടുകൂടി പിടിച്ചെടുക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker