കൊച്ചി: നവകേരള ബസ്സിനുനേരെ ഷൂ എറിഞ്ഞ് പ്രതിഷേധിച്ച കെ.എസ്.യു. പ്രവര്‍ത്തകരെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ കേസെടുത്തു. ഷൂ എറിഞ്ഞ കേസിലെ പ്രതികളായ ബേസില്‍ വര്‍ഗീസ്, ദേവകുമാര്‍, ജെയ്ദീന്‍, ജോണ്‍സണ്‍ എന്നിവരുടെ പരാതിയിലാണ് മര്‍ദിച്ച പോലീസുകാര്‍ക്കെതിരെ പോലീസ് കേസെടുത്തത്. കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഇവര്‍ പരാതി നല്‍കിയത്.
ഈ മാസം 10-ന് പെരുമ്പാവൂരിലെ ഓടക്കാലിയില്‍ വച്ചാണ് മുഖ്യമന്ത്രിയും 20 മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ്സിനുനേരെ കെ.എസ്.യു. പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞ് പ്രതിഷേധിച്ചത്. ഇവര്‍ ബസ്സിനുനേരെ ഷൂ എറിയുന്നതിന്റെയും തുടര്‍ന്ന് പോലീസ് ഇവരെ ക്രൂരമായി മര്‍ദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തങ്ങളെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി ഇവര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കോടതി പരാതി നല്‍കാന്‍ ഇവരോട് നിര്‍ദേശിച്ചത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് മര്‍ദിച്ച പോലീസുകാര്‍ക്കെതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
പോലീസുകാർക്കെതിരായ എഫ്.ഐ.ആറിൽ നിന്ന്
എറണാകുളം റൂറലിലെ കുറുപ്പംപടി പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐ.പി.സി) 34, 323 വകുപ്പുകള്‍ പ്രകാരമാണ് കേസ്. പ്രതികളായ പോലീസും കമാന്‍ഡോ വേഷം ധരിച്ച പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പരാതിക്കാരെ മര്‍ദിച്ചു എന്നാണ് എഫ്.ഐ.ആറിലുള്ളത്. അതേസമയം പ്രതികളായ പോലീസുകാരുടെ പേരുവിവരങ്ങള്‍ എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടില്ല.
നവ കേരള ബസ്സിനെതിരെ ഷൂ എറിഞ്ഞ കെ.എസ്.യു. പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി നേരത്തേ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ ഇതിനെതിരെ ശക്തമായ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. ഷൂ എറിഞ്ഞാല്‍ ആരെയെങ്കിലും വധിക്കാന്‍ കഴിയുമോ എന്ന് കോടതി ചോദിച്ചത് പോലീസിന് വലിയ നാണക്കേടായിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും തിരിച്ചടിയായി മര്‍ദിച്ച പോലീസുകാര്‍ക്കെതിരെ കേസെടുക്കേണ്ടി വന്നത്.