CrimeNationalNews

രണ്ട് വിരൽ പരിശോധന, അതിജീവിതയ്‍ക്ക് ഡോക്ടര്‍മാര്‍ 5 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് കോടതി

ബലാത്സംഗം ചെയ്യപ്പെട്ട, പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് രണ്ട് വിരൽ പരിശോധന നടത്തി. നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ നൽകണമെന്ന് സർക്കാരിനോട് ഹിമാചൽ ഹൈക്കോടതി. പരിശോധന നടത്തി റിപ്പോർട്ട് തയ്യാറാക്കിയ ഡോക്ടർമാരിൽ നിന്നും ആ തുക ഈടാക്കാം എന്നും കോടതി പറഞ്ഞു.

പെൺകുട്ടിയിൽ രണ്ട് വിരൽ പരിശോധന നടത്തിയ പാലംപൂർ സിവിൽ ആശുപത്രിയിലെ ഡോക്ടർമാരെ ഹിമാചൽ പ്രദേശ് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. കുട്ടിക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് സംസ്ഥാന സർക്കാരിനോട് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.

പിഴവ് വരുത്തിയ ഡോക്ടർമാരിൽ നിന്ന് ആ തുക ഈടാക്കാമെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ തർലോക് സിംഗ് ചൗഹാൻ, സത്യൻ വൈദ്യ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, ഈ പരിശോധന നടത്തിയ ഡോക്ടർമാർക്കെതിരെ അന്വേഷണം നടത്താനും സർക്കാരിനോട് ആവശ്യപ്പെട്ടു.

ബലാത്സംഗത്തെ അതിജീവിച്ച പെൺകുട്ടിയോടുള്ള ക്രൂരതയായിട്ടാണ് ഈ രണ്ട് വിരൽ പരിശോധനയെ കോടതി നോക്കിക്കണ്ടത്. അത് കുട്ടിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് എന്നും കുട്ടിയുടെ അവകാശങ്ങളെ ലംഘിക്കുകയാണ് ഡോക്ടർമാർ ചെയ്തത് എന്നും കോടതി നിരീക്ഷിച്ചു. ഈ ഡോക്ടർമാർ നിയമം ലംഘിച്ചു എന്നും കോടതി കുറ്റപ്പെടുത്തി.

ഏറെ മനുഷ്യത്വരഹിതമായ പരിശോധനയാണ് രണ്ട് വിരൽ പരിശോധന. സാധാരണയായി ബലാത്സംഗം ചെയ്യപ്പെടുന്ന പെൺകുട്ടികളിലാണ് ഈ മെഡിക്കൽ പരിശോധന നടത്തുന്നത്. സ്ത്രീകളുടെ വജൈനല്‍ മസിലുകളുടെ ഇറുക്കം പരിശോധിക്കുക, ‘കന്യക’യാണോ എന്ന് പരിശോധിക്കുക ഇവയൊക്കെയാണ് ഇതിൽ ചെയ്യുന്നത്. എന്നാൽ, ഇത് തീർത്തും അശാസ്ത്രീയമായ രീതിയാണ് എന്ന വാദം നേരത്തെ തന്നെ നിലനിന്നിരുന്നു.

2022 -ൽ സുപ്രീം കോടതി ഈ പരിശോധന നിരോധിച്ച് കൊണ്ട് ഒരു ഉത്തരവും ഇറക്കി. ഈ പരിശോധനയ്ക്ക് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്നും ഈ പ്രാകൃത പരിശോധനാ രീതി ബലാത്സംഗത്തെ അതിജീവിച്ചവരെ വീണ്ടും അപമാനിക്കുന്നതാണ് എന്നുമായിരുന്നു അന്ന് കോടതിയുടെ പരാമർശം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker