ന്യൂഡല്‍ഹി: പാക്ക് ചെയ്ത ഭക്ഷ്യസാധനങ്ങള്‍ക്ക് അധിക നികുതിയെന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലുറച്ച് കേന്ദ്രം. കേരളമടക്കം ഒരു സംസ്ഥാനത്തെയും ധനമന്ത്രിമാര്‍ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനത്തെ എതിര്‍ത്തില്ലെന്ന് ലോക് സഭയില്‍ വിലക്കയറ്റ ചര്‍ച്ചക്ക് ധനമന്ത്രി നിര്‍മ്മല സീതരാമാന്‍ മറുപടി നല്‍കി. ആശുപത്രി ഐസിയു , മോര്‍ച്ചറി, ശ്മശാനം എന്നിവക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയെന്ന വാദം മന്ത്രി തള്ളി. ഒരു മാസത്തെ ജി.എസ്.ടി കുടിശികയാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകാനുള്ളതെന്നും ജൂണ്‍ മാസത്തിലെ കുടിശ്ശിക സംസ്ഥാനങ്ങൾ എ.ജിയുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഉടൻ അനുവദിക്കുമെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം വിലക്കയറ്റത്തെക്കുറിച്ച് ലോക്സഭയിൽ നടന്ന മണിക്കൂറുകൾ നീണ്ട ചര്‍ച്ചയ്ക്ക് ഒടുവിൽ പ്രതിപക്ഷം ലോക്സഭയിൽ നിന്നും ഇറങ്ങി പോയി. സാമാന്യ ബോധത്തെ പരിഹസിക്കരുതാണ് ധനമന്ത്രിയുടെ പ്രസ്താവന എന്ന് വിമര്‍ശിച്ചാണ് കോണ്‍ഗ്രസും ഡിഎംകെയും തൃണമൂലും അടക്കമുള്ള കക്ഷികൾ സഭയിൽ നിന്നും ഇറങ്ങിപ്പോക്ക് നടത്തിയത്. എന്നാൽ പ്രതിപക്ഷ കക്ഷികൾ വാക്കൗട്ട് നടത്തിയ ശേഷവും ധനമന്ത്രി നിര്‍മലാ സീതാരാമൻ മറുപടി തുടര്‍ന്നു. പ്രതിപക്ഷം കള്ളക്കണക്കുകൾ പറഞ്ഞ് മുതലക്കണ്ണീര്‍ പൊഴിക്കുകയാണെന്നും താൻ പറയുന്നത് കേൾക്കാൻ ത്രാണിയില്ലാതെയാണ് ഇപ്പോൾ സഭ വിട്ടു പോയതെന്നും നിര്‍മല പരിഹസിച്ചു.
ചര്‍ച്ചക്കിടെ പ്രതിപക്ഷവുമായി നിരന്തരം ധനമന്ത്രി ഏറ്റുമുട്ടി.യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് 9 തവണ നാണയപ്പെരുപ്പം രണ്ടക്കത്തിലെത്തിയിരുന്നു എന്ന യാഥാര്‍ത്യം മനസിലാക്കി മതി കുതിരകയറാനുള്ള ശ്രമമെമെന്ന് മന്ത്രി ആഞ്ഞടിച്ചു.ബഹളം വച്ച കോണ്‍ഗ്രസ് മറുപടി തൃപ്തികരമല്ലെന്ന് പ്രതികരിച്ച് ആദ്യം സഭ വിട്ടു.പെന്‍സിലിനും, പെന്‍സില്‍ കട്ടറിന് നികുതി ഏര്‍പ്പെടുത്തി പ്രധാനമന്ത്രി കുട്ടികളെ പോലും വെറുതെ വിട്ടില്ലെന്ന കനിമൊഴി എംപിയുടെ ആരോപണത്തിന് തമിഴില്‍ ധനമന്ത്രി പരിഹാസമുയര്‍ത്തിയതോടെ ഡിഎംകെ അടക്കമുള്ള മറ്റ് കക്ഷികളും ഇറങ്ങിപോയി.
പ്രതിപക്ഷം തന്നെ പരിഹസിക്കുന്നുവെങ്കിൽ മറുപടിയും അങ്ങനെ തന്നെയായിരിക്കുമെന്ന് നിര്‍മല പറഞ്ഞു. മറുപടി പ്രസംഗത്തിനിടെ പലവട്ടം ധനമന്ത്രിയും പ്രതിപക്ഷ അംഗങ്ങളും സഭയിൽ കൊമ്പ് കോര്‍ത്തു. തന്നെ വിമര്‍ശിച്ച സംസാരിച്ച തൃണമൂൽ എംപി സൗഗത റോയിയോട് നിര്‍മല കയര്‍ത്തു. സ്ത്രീകളോട് ബഹുമാനം കാട്ടാത്തയാളാണ് സൗഗതയെന്ന് ധനമന്ത്രി പറഞ്ഞു.
വിമര്‍ശനവുമായി എത്തിയ ഡിഎംകെ കനിമൊഴിയോടും കടുത്ത ഭാഷയിലാണ് നിര്‍മലാ സീതാരാമൻ സംസാരിച്ചത്. ധനവകുപ്പിനെതിരെ ഉയർത്തിയ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയേ താൻ നിർത്തൂവെന്ന് നിര്‍മല പറഞ്ഞു.
പെൻസിലിനും, പെൻസിൽ കട്ടറിനും, പാലിനും വില കൂട്ടിയെന്ന് തമിഴിൽ പറഞ്ഞാൽ മറുപടി കൊടുക്കില്ലെന്ന് കരുതിയോ? ഇക്കുറി പെൻസിലിന് ജിഎസ്ടി കൂട്ടിയിട്ടില്ലെന്ന് കനിമൊഴിയുടെ ആരോപണത്തിന് മറുപടിയായി നിര്‍മല പറഞ്ഞു. 2021 നവംബറിൽ പെട്രോളിനും, ഡീസലിനും വില കുറച്ചത് ഓർമ്മയില്ലേയെന്നും ധനമന്ത്രി കനിമൊഴിയോട് പറഞ്ഞു. 5 മണിക്കൂർ നീണ്ടുനിന്ന ചർച്ചക്ക് ഒരു മണിക്കൂർ കൊണ്ട് മറുപടി പറയണമെന്ന് പറയുന്നത് ന്യായമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിര്‍മലാ സീതാരാമൻ്റെ വാക്കുകൾ –
യാഥാർത്ഥ്യം മറച്ച് വച്ച് വിലക്കയറ്റത്തിൽ നടക്കുന്നത് രാഷ്ട്രീയ വിവാദം മാത്രമാണ്. അതിനാൽ ഇക്കാര്യത്തിൽ തൻ്റെ മറുപടിയും രാഷ്ടീയമായിട്ടായിരിക്കും. മുന്നറിയിപ്പില്ലാതെ വന്ന മഹാമാരിയിൽ തകർന്ന സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമായിരുന്നു. സർക്കാർ സ്വീകരിച്ച നടപടികൾ സാമ്പത്തിക മേഖലക്ക് ഉണർവായി.പല രാജ്യങ്ങളേക്കാളും ഇന്ത്യയുടെ നില മെച്ചപ്പെട്ടു. രാഷ്ട്രീയ വ്യത്യാസം മാറ്റി വച്ച് ഇക്കാര്യത്തിൽ അഭിമാനിക്കുകയല്ലേ വേണ്ടത്? ആഗോള ഏജൻസികൾ ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയെ അംഗീകരിച്ചിട്ടുണ്ട്.
ഇന്ത്യ സാമ്പത്തി മാന്ദ്യത്തിലേക്ക് നീങ്ങാനുള്ള സാധ്യത പൂജ്യമാണെന്ന് ബ്ലൂംബർഗ് സർവേ പറഞ്ഞു. ഐ.എം.എഫും വ്യക്തമാക്കുന്നത് മറ്റൊന്നല്ല. ഇക്കഴിഞ്ഞ ജൂലൈയിലെ ജി എസ് ടി വരുമാനം മറ്റൊരു റെക്കോർഡാണ്. ജിഎസ്ടി നിലവിൽ വന്ന ശേഷമുള്ള രണ്ടാമത്തെ ഉയർന്ന വർധനയാണിത്. ഇതെല്ലാം വ്യക്തമാക്കുന്നത് സമ്പദ് രംഗത്തിൻ്റെ വളർച്ചയെയാണ്. വിലക്കയറ്റത്തെ കുറിച്ച് ഉയരുന്ന ചോദ്യങ്ങൾ വസ്തുതകൾ മനസിലാക്കാതെയുള്ളതാണ്. രാജ്യത്തെ നാണയപ്പെരുപ്പവും നിയന്ത്രണവിധേയമാണ്. സാമ്പത്തിക മാന്ദ്യത്തിൻ്റെ യാതൊരു ഭീഷണിയും രാജ്യം ഇന്ന് നേരിടുന്നില്ല. യുപിഎ സർക്കാരിൻ്റെ കാലത്ത് നാണയപ്പെരുപ്പം 9 തവണ ഇരട്ട അക്കത്തിലെത്തിയിരുന്നു.
ഐ.എം.എഫിന് മുന്നിൽ സഹായത്തിന് കൈ നീട്ടി നിൽക്കുന്ന ബംഗ്ലാദേശിനോടും, ശ്രീലങ്കയോടുമാണ് പ്രതിപക്ഷം ഇന്ത്യയെ താരതമ്യപ്പെടുത്തുന്നത്. ജിഎസ്ടി കൗൺസിലിൽ എല്ലാ മന്ത്രിമാരും അംഗങ്ങളാണ്. നേരത്തെ പാക്ക് ചെയ്ത സാധനങ്ങൾക്കാണ് അധിക നികുതി. അല്ലാതെ തൊഴിലാളിയോ വ്യാപാരിയോ പാക്ക് ചെയ്തു വിൽക്കുന്ന ചില്ലറ വിൽപന സാധനങ്ങൾക്കല്ല. അതിനാൽ തന്നെ പാവപ്പെട്ടവർക്ക് നികുതിയുടെ അധിക ഭാരമുണ്ടാവില്ല.
മൂന്ന് തലങ്ങളിൽ ചർച്ച ചെയ്താണ് നികുതി വര്‍ധനയ്ക്കുള്ള തീരുമാനമെടുത്തത്. മന്ത്രി തല സംഘം ചർച്ച ചെയ്തു. പിന്നീട് ജി.എസ്.ടി കൗണ്‍സിലിൽ വിശദമായ ചര്‍ച്ച നടന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ മന്ത്രിമാർ ചർച്ചയിൽ പങ്കെടുത്തു. ഒരാൾ പോലും യോഗത്തിൽ എതിർ ശബ്ദമുയർത്തിയില്ല. എല്ലാ സംസ്ഥാനങ്ങൾക്കും പ്രാതിനിധ്യമുള്ള ജി.എസ്.ടി കൗൺസിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. അല്ലാതെ നികുതി വര്‍ധന കേന്ദ്രത്തിൻ്റ ഏകപക്ഷീയ തീരുമാനമല്ല. ശ്മശാനം,മോർച്ചറി എന്നിവക്കൊന്നും ജി.എസ്.ടി ഏർപ്പെടുത്തിയിട്ടില്ല. പുതിയ ശ്മശാനം നിർമ്മിക്കാനുപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾക്ക് നികുതിയുണ്ടാകും. അതിനർത്ഥം ശ്മശാനങ്ങളിൽ ജി.എസ്.ടി ഏർപ്പെടുത്തിയെന്നല്ല. ഐസിയു, ഹോസ്പിറ്റൽ കിടക്ക എന്നിവര്‍ക്ക് ജി.എസ്.ടി ഏർപ്പെടുത്തിയെന്ന പ്രചാരണവും തെറ്റാണ്. മുറി വാടകയിലാണ് നികുതി കൂട്ടിയത്. എമർജൻസി, ഐസിയു സർവീസുകൾക്ക് നികുതി വര്‍ധനവ് അതിനാൽ ബാധകമല്ല.