കെ ജി എഫ് താരം സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ചു;അപകടം നടന്നത് ജിമ്മിലേയ്ക്ക് പോകുന്ന വഴിക്ക്
ബെംഗളൂരു: പ്രശസ്ത കന്നഡ ചലച്ചിത്ര താരം ബി.എസ്. അവിനാഷിന്റെ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചു. അദ്ഭുതകരമായാണ് അദ്ദേഹം രക്ഷപ്പെട്ടത്. ബംഗളൂരുവില്‍ വെച്ചാണ് അദ്ദേഹത്തിന്റെ മെഴ്‌സിഡസ് ബെന്‍സ് കാര്‍ അപകടത്തില്‍പ്പെട്ടത്.
കഴിഞ്ഞ ദിവസം രാവിലെ ആറു മണിയോടെ അനില്‍ കുംബ്ലെ സര്‍ക്കിളില്‍ വെച്ചാണ് അപകടമുണ്ടായത്. ജിമ്മിലേക്ക് പോകുകയായിരുന്നു അദ്ദേഹം. പ്രഭാതനടത്തത്തിനു വന്നവരാണ് അവിനാഷിനെ കാറില്‍നിന്ന് പുറത്തെത്തിച്ചത്. ട്രക്ക് ഡ്രൈവറെ കുബ്ബണ്‍ പാര്‍ക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.
തനിക്ക് പരിക്കൊന്നുമില്ലെന്നും കാറിന്റെ ബോണറ്റിന് കേടുപാടുകള്‍ പറ്റുക മാത്രമേ ഉണ്ടായുള്ളൂ എന്നും അവിനാഷ് പിന്നീട് ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചു. പോലീസിനും ആര്‍.ടി.ഓയ്ക്കു നന്ദി പറയുകയും ചെയ്തു അദ്ദേഹം.
യഷ് നായകനായ കെ.ജി.എഫ്, കെ.ജി.എഫ് ചാപ്റ്റര്‍ 2 എന്നീ ചിത്രങ്ങളില്‍ നിര്‍ണായക വേഷമായിരുന്നു അവിനാഷിന്. ആന്‍ഡ്രൂ എന്ന കഥാപാത്രത്തേയാണ് അദ്ദേഹം അവതരിപ്പിച്ചത്.