KeralaNews

സിനിമാ നിർമ്മാതാവ് അച്ചാണി രവി അന്തരിച്ചു

കൊല്ലം: പ്രമുഖ സിനിമാ നിർമ്മാതാവും വ്യവസായിയുമായ അച്ചാണി രവി (രവീന്ദ്രനാഥൻ നായർ) അന്തരിച്ചു. രാവിലെ 11:40ന് കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം. 90 വയസായിരുന്നു. ജൂലൈ ഒന്നിനാണ് അദ്ദേഹത്തിൻ്റെ നവതി ആഘോഷങ്ങൾ നടന്നത്. തൊട്ടുപിന്നാലെയാണ് വിയോഗം. ദീർഘ നാളായി അർബുദരോഗ ബാധിതനായിരുന്നു.

മലയാള സിനിമയെ രാജ്യാന്തര പ്രശസ്തിയിലേക്കുയർത്തിയ നിരവധി സമാന്തര സിനിമകളുടെ നിർമ്മാതാവാണ് അദ്ദേഹം. പി ഭാസ്‌കരൻ, എ വിൻസെന്റ്, ജി അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയ ചലച്ചിത്രകാരൻമാരുടെ സിനിമകളെ വളരെയധികം പിന്തുണച്ച സിനിമാ നിർമ്മാതാവായിരുന്നു. 115ഓളം കശുവണ്ടി ഫാക്ടറികളുള്ള വൻ സംരംഭമായിരിക്കെയാണ് സിനിമയിലേക്ക് തിരിഞ്ഞത്. 1967ൽ ജനറൽ പിക്ചേഴ്സ് എന്ന പേരിൽ നിർമ്മാണ കമ്പനി ആരംഭിച്ചു.

സത്യൻ നായകനായി 1967ൽ പുറത്തിറങ്ങിയ ‘അന്വേഷിച്ചു കണ്ടെത്തിയില്ല’ ആണ് ആദ്യ ചിത്രം. 1973ൽ പുറത്തിറങ്ങിയ ‘അച്ചാണി’ എന്ന സിനിമയുടെ പേരിൽ നിന്നാണ് അദ്ദേഹം പിന്നീട് അച്ചാണി രവി എന്ന് അറിയപ്പെട്ടത്. കാഞ്ചന സീത(1977), തമ്പ്(1978), കുമ്മാട്ടി(1979), എലിപ്പത്തായം(1981), മുഖാമുഖം(1984), അനന്തരം(1987), വിധേയൻ(1993) തുടങ്ങിയവ അദ്ദേഹം നിർമ്മിച്ച പ്രശസ്ത സിനിമകളാണ്. ജനറൽ പിക്ചേഴ്സ് ആകെ 14 സിനിമകൾ നിർമ്മിച്ചു.

സിനിമയിലെ സമഗ്ര സംഭാവനയ്‌ക്ക് 2008ൽ ജെ സി ഡാനിയേൽ പുരസ്കാരം നൽകി ആദരിച്ചു. കശുഅണ്ടി വ്യവസായത്തിലെ മുന്നേറ്റത്തിനും നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker