KeralaNews

സ്ത്രീധന വിവാഹത്തിന് കമ്മീഷൻ: ബ്രോക്കർമാർക്കെതിരെ നടപടി വേണമെന്ന് ഫാത്തിമ തഹ്ലിയ

കോഴിക്കോട്:സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ ഗാർഹിക പീഡന പരാതികൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇത് തടയാൻ സർക്കാറിന് എട്ടിന നിർദേശങ്ങളുമായി എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. സ്ത്രീധനത്തിൽ നിന്നും കമ്മീഷൻ പറ്റി വിവാഹം നടത്തുന്ന ബ്രോക്കർമാർക്കെതിരെ നിയമ നടപടി സ്വീകരിക്കുക, കൂടുതൽ കുടുംബ കോടതികൾ, ഗാർഹിക പീഡനമേറ്റ സ്ത്രീകൾക്കായി പ്രത്യേക സാമ്പത്തിക പദ്ധതികൾ തുടങ്ങിയ നിർദേശങ്ങളാണ് ഫാത്തിമ തഹ്ലിയ മുന്നോട്ടുവെക്കുന്നത്. അഭിഭാഷക കൂടിയാണ് ഫാത്തിമ തഹ്ലിയ.

1-നിരന്തരമായി ഗാർഹിക പീഡനം ഏൽക്കേണ്ടി വരുന്ന ഒരു സ്ത്രീ ആദ്യം ചെയ്യേണ്ടത് ആ ബന്ധത്തിൽ നിന്ന് പുറത്തുകടക്കുക എന്നതാണ്. ഒരു സ്ത്രീക്ക് വിവാഹമോചനം ലഭിക്കണമെങ്കിൽ കുടുംബ കോടതിയെ സമീപിക്കണം. കേരളത്തിലെ കുടുംബ കോടതികളാണെങ്കിൽ കേസുകളുടെ ബാഹുല്യംമൂലം വളരെ തിരക്കേറിയതാണ്. ഒരു വിവാഹമോചന കേസ് തീർപ്പാക്കാൻ നാലും അഞ്ചും വർഷം വേണ്ടിവരും. ഈ കാലതാമസം ഗാർഹിക പീഡനം ഏൽക്കേണ്ടി വരുന്ന സ്ത്രീക്ക് നീതിനിഷേധിക്കപ്പെടാൻ കാരണമാകും. കൂടുതൽ കൂടുംബ കോടതികൾ സ്ഥാപിക്കുക എന്നതാണ് ഇതിനുള്ള പരിഹാരം. ജില്ലകളിൽ ഒന്നോ രണ്ടോ കുടുംബ കോടതികൾ മാത്രമാണ് നിലവിലുള്ളത്. ഓരോ താലൂക്കിലും കുടുംബ കോടതികൾ സ്ഥാപിച്ച് പരിഹാരം കാണണം.

2-ഗാർഹിക പീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം യുപിഎ സർക്കാരിന്റെ കാലത്ത് 2005-ൽ തന്നെ പാർലമെന്റ് പാസാക്കിയിട്ടുണ്ട്. ഈ നിയമപ്രകാരം ഹർജി സമർപ്പിക്കേണ്ടത് മജിസ്ട്രേറ്റ് കോടതികളിലാണ്. വളരെ തിരക്കേറിയ കോടതികളാണ് കേരളത്തിലെ മജിസ്ട്രേറ്റ് കോടതികൾ. ഇവിടേയും കേസുകൾ വൈകുന്നത് മൂലം സ്ത്രീകൾക്ക് നീതി നിഷേധിക്കപ്പെടുകയാണ്. ഇതിന് പരിഹാരമായി ഗാർഹിക പീഡനകേസുകൾ പരിഗണിക്കുന്നതിനായി പ്രത്യേക മജിസ്ട്രേറ്റ് കോടതികൾ സ്ഥാപിക്കണം.

3- പലരും ഗാർഹിക പീഡനങ്ങൾ സഹിച്ച് ബന്ധത്തിൽ തുടരുന്നത്, അതിൽ നിന്ന് പുറത്തുകടന്നാലുള്ള സാമ്പത്തിക പ്രതിസന്ധി ചിന്തിച്ചിട്ടാണ്. ഗാർഹിക പീഡനത്തിന് ഇരയാകുന്ന സ്ത്രീകൾക്ക് പ്രത്യേക സാമ്പത്തിക സഹായവും സ്വയം തൊഴിൽ കണ്ടെത്തുന്നതിന് പലിശ രഹിത വായ്പകളും നൽകുക.

4-സംരംഭകരായ സ്ത്രീകൾക്കുള്ള സർക്കാരിന്റെ വിവിധ സാമ്പത്തിക പദ്ധതികൾ, അവരെ മുൻനിർത്തി വീട്ടിലെ പുരുഷൻമാർ കൈകളിലാക്കുന്ന പ്രവണത കണ്ടുവരുന്നു. ഇത് തടയാൻവേണ്ട ഭരണപരമായ നടപടികൾ സർക്കാർ സ്വീകരിക്കണം.

5-സ്ത്രീധന നിരോധന നിയമപ്രകാരം സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമാണ്. നിവൃത്തികേട് കൊണ്ട് സ്ത്രീധനം കൊടുക്കേണ്ടി വരുന്ന കുടുംബത്തിനും ക്രിമിനൽ കുറ്റം നേരിടേണ്ടിവരുന്ന സാഹചര്യമാണ് ഉള്ളത്. ഈ നിയമം മാറ്റണം. സ്ത്രീധനം കൊടുക്കേണ്ടി വരുന്നവരെ ഇരയായി പ്രഖ്യാപിക്കണം. അവർ ക്രിമിനൽ കേസ് നേരിടുന്ന സാഹചര്യം ഒഴിവാക്കണം.

6-സ്ത്രീധനത്തിൽ നിന്നും കമ്മീഷൻ വാങ്ങി സ്ത്രീധനവിവാഹം നടത്തികൊടുക്കുന്ന ബ്രോക്കർമാർക്കെതിരെ ശക്തമായ നിയമനടപടി സർക്കാർ സ്വീകരിക്കണം.

7-മാട്രിമോണി വെബ്സൈറ്റുകളിൽ സ്ത്രീധന വിരുദ്ധ നയം സ്വീകരിക്കാൻ ആവശ്യപ്പെടണം. സ്ത്രീധനം ആവശ്യപ്പെടുന്ന പ്രൊഫൈലുകളെ റിപ്പോർട്ട് ചെയ്യാനും ബ്ലോക്ക് ചെയ്യാനുമുള്ള സംവിധാനം ഈ വെബ്സൈറ്റുകളിൽ വേണം.

8-സ്ത്രീധന നിരോധന നിയമപ്രകാരം നിയമിക്കേണ്ട ഡൗറിപ്രോഫിബിഷൻ ഓഫീസർ കേരളത്തിൽ കാര്യക്ഷമമാക്കണം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker