KeralaNews

ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു

കോട്ടയം: ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലന്ന് മാതാപിതാക്കൾ വിമർശിച്ചു. സുരക്ഷാവീഴ്ചകൾ പരിശോധിച്ചില്ല. സുതാര്യമായ അന്വേഷണം ഉറപ്പാക്കണമെന്നും ഹർജിയിൽ ഇവർ ആവശ്യപ്പെടുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ചാണ് ഡോ വന്ദന ദാസ് അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്. 

ഡോ.വന്ദന ദാസിന്റെ കൊലപാതകത്തില്‍ നിര്‍ണായക റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. സംഭവ സമയത്ത് പ്രതി സന്ദീപ് ലഹരി വസ്തുക്കൾ ഉപയോ​ഗിച്ചിട്ടില്ലെന്ന് കണ്ടെത്തൽ. ഫോറൻസിക് പരിശോധന ഫലം കോടതിക്ക് കൈമാറി. രക്തം, മൂത്രം എന്നിവയിൽ മദ്യത്തിന്റെയോ ലഹരി വസ്തുക്കളുടെയോ സാന്നിദ്ധ്യമില്ല. പ്രതിക്ക് കാര്യമായ മാനസിക പ്രശ്നമില്ലെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കി. ഏറ്റവും പുതിയ റിപ്പോർട്ടാണ് പുറത്തു വന്നത്. 

രാത്രി ഇയാളെ കസ്റ്റഡിയിലെടുത്ത് പൊലീസ് ആശുപത്രിയിലെത്തിക്കുമ്പോൾ വന്ദനയെ കൊലപ്പെടുത്താനും മറ്റ് ആളുകളെ കുത്തി മുറിവേൽപിക്കാനും കാരണമായത് സന്ദീപിനുള്ളിലെ ലഹരി ആയിരുന്നു എന്നായിരുന്നു സംശയം. എന്നാൽ ഇയാളുടെ പരിശോധന ഫലത്തിൽ ലഹരിയുടെ സാന്നിദ്ധ്യമില്ല. പത്ത് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിച്ചിരുന്നു.  

വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന പൊലീസിനെയടക്കം രൂക്ഷമായി വിമർശിച്ച് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മ രം​ഗത്തെത്തിയിരുന്നു. ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ പൊലീസ് സംഭവ സമയത്ത് ഇടപെട്ടതിൽ പ്രശ്നങ്ങളുണ്ടെന്ന് അവർ പറഞ്ഞു. വന്ദനയെ രക്ഷിക്കാൻ ഒരു ശ്രമവും ആരുടെയും ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും അവർ പറഞ്ഞു.

പരിക്കേറ്റ അക്രമിയെ നാല് പേർക്ക് പിടികൂടാനോ തടയാനോ കഴിഞ്ഞില്ലെന്ന് അവർ വിമർശിച്ചു. വന്ദന രക്ഷപ്പെടുത്തമെന്ന് അഭ്യർത്ഥിച്ചിട്ടും ആരും സഹായിക്കാനുണ്ടായില്ല. അക്രമിക്കപ്പെട്ട ആശുപത്രിയിൽ പ്രാഥമിക ചികിത്സ പോലും വന്ദനയ്ക്ക് നൽകിയില്ല. ഇത്രയധികം ദൂരം വന്ദനയ്ക്ക് ചികിത്സ നൽകാൻ കൊണ്ടുപോയത് ആരുടെ തീരുമാനമായിരുന്നുവെന്നും അവർ ചോദിച്ചു.

കേരളാ പൊലീസിന് ഒരു പെൺകുട്ടിയെ പോലും രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും രേഖ ശർമ്മ  കുറ്റപ്പെടുത്തി. പൊലീസ് അന്വേഷണത്തിൽ വന്ദനയുടെ മാതാപിതാക്കൾക്ക്  പരാതിയുണ്ട്. സിബിഐ അന്വേഷണം മാതാപിതാക്കൾ ആവശ്യപ്പെടുന്നു. ഒരു കോടി രൂപ കുടുംബം ധനസഹായം ആവശ്യപ്പെട്ടുവെന്നത് തെറ്റായ കാര്യമാണ്. അന്വേഷണം തൃപ്തികരമല്ലെന്ന് പറഞ്ഞ ദേശീയ വനിത കമ്മീഷൻ കേരളാ പൊലീസ് മേധാവി അനിൽകാന്തുമായി കൂടിക്കാഴ്ച നടത്തുമെന്നും വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker