
തിരുവനന്തപുരം: രാജ്യത്ത് ഫാസിസം വന്നിട്ടില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്‍. ഫാസിസ്റ്റ് സര്‍ക്കാരെന്ന് മോദി സര്‍ക്കാരിനെ പ്രസംഗത്തില്‍ പറയുന്നത് ഒരു പ്രയോഗത്തിന്റെ ഭാഗം മാത്രമാണ്. പിണറായി സര്‍ക്കാരിനെ കുറിച്ചും പ്രതിപക്ഷ നേതാക്കള്‍ ഫാസിസ്റ്റ് സര്‍ക്കാരെന്ന് പറയാറുണ്ട്. അതുകൊണ്ട് ഫാസിസ്റ്റാകില്ലെന്നും ബാലന്‍ പറഞ്ഞു. മോദി സര്‍ക്കാരിനെ ഫാസിസ്റ്റ് ഭരണകൂടം എന്ന് വിളിക്കാനാകില്ലെന്ന സിപിഎം രേഖ സംബന്ധിച്ചായിരുന്നു ബാലന്റെ പ്രതികരണം. പത്രങ്ങളിലൂടെ ഇപ്പോള്‍ പുറത്തുവന്ന ഈ രേഖ പുതിയതല്ലെന്നും പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ഫെബ്രുവരിയില്‍ ചിന്ത വാരികയില്‍ പ്രസിദ്ധീകരിച്ചതാണെന്നും ബാലന്‍ പറഞ്ഞു.
‘മോദി സര്‍ക്കാരിനെ കുറിച്ച് ഫാസിസ്റ്റ് സ്വഭാവമുള്ള സര്‍ക്കാരാണെന്നാണ് ഞങ്ങള്‍ ആദ്യമേ പറയാറുള്ളത്. പ്രസംഗിക്കുമ്പോള്‍ എല്ലാവരും ഫാസിസ്റ്റ് സര്‍ക്കാരെന്ന് പറയും. പിണറായി വിജയനെ സംബന്ധിച്ചും പ്രതിപക്ഷ നേതാവ് പറയാറുണ്ട്. അതൊരു പ്രയോഗംകൊണ്ട് പറയുന്നതാണ്. 22-ാം പാര്‍ട്ടി കോണ്‍ഗ്രസ് മുതലേ ഫാസിസ്റ്റ് സ്വഭാവം എന്നാണ് പറയുന്നത്. ഫാസിസം വന്നിട്ടില്ല. വസ്തുത വസ്തുയായിരിക്കണം.
മോദി സര്‍ക്കാര്‍ ഒരു ഫാസിസ്റ്റ് സര്‍ക്കാരാണെന്ന് പറഞ്ഞു കഴിഞ്ഞാല്‍ ഫാസിസത്തെ സംബന്ധിച്ച ഞങ്ങളുടെ ധാരണയിലെ തെറ്റായി മാറുമത്. ഫാസിസത്തിലേക്ക് വരാന്‍ സാധ്യതയുള്ള സര്‍ക്കാരാണ്. അത് വരാതിരിക്കാന്‍ വേണ്ടിയുള്ള മുന്‍കരുതലെന്ന നിലയിലാണ് രാഷ്ട്രീയ പ്രമേയത്തില്‍ ഈയൊരു ഭാഗം വന്നത്’ എ.കെ.ബാലന്‍ പറഞ്ഞു.
മോദി സര്‍ക്കാരിനെ ഫാസിസ്റ്റല്ലെന്ന് പറയാന്‍ സിപിഐ തയ്യാറല്ലെന്ന ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയോട് ബാലന്‍ ഇങ്ങനെ പ്രതികരിച്ചു. ‘സിപിഎമ്മും സിപിഐയും അടിസ്ഥാനപരമായി വ്യത്യാസമുള്ളത്‌കൊണ്ടാണല്ലോ രണ്ട് പാര്‍ട്ടികളായി നില്‍ക്കുന്നത്’.
നവഫാസിസത്തില്‍ ഒരു വ്യക്തത വരുത്തണമെന്നത് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായതിന്റെ ഭാഗമായി വന്നതാണ്. ഇത് സ്വകാര്യരേഖയല്ല. ഫെബ്രുവരിയില്‍ പോളിറ്റ്ബ്യൂറോ തയ്യാറാക്കി ചിന്ത പ്രസിദ്ധീകരിച്ച കാര്യമാണത്. ഇത് പൊതുരേഖയാണ്. പാര്‍ട്ടിയെ സംബന്ധിച്ച് ഇത് ചര്‍ച്ചയാകണമെന്ന് തന്നെയാണ്. ഫാസിസം വന്നിട്ടുണ്ടെന്ന് തെളിയിക്കട്ടെ. അതിന് രേഖകളുണ്ടെങ്കില്‍ വെക്കട്ടെ. അതല്ല ഫാസിസ്റ്റ് സ്വഭാവമുള്ള സര്‍ക്കാരാണ് ഉള്ളതെന്ന പാര്‍ട്ടിയുടെ അഭിപ്രായത്തിനൊപ്പമാണോ ജനങ്ങള്‍ നില്‍ക്കുന്നതെന്ന് വിലയിരുത്തലുണ്ടാകട്ടെ. ഇതില്‍ പുതുതായി ഒന്നുമില്ലെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു. നയരേഖയില്‍ ആര്‍ക്കും ഭേദഗതിനിര്‍ദേശിക്കാമെന്നും ബാലന്‍ ചൂണ്ടിക്കാട്ടി