കര്‍ഷക സമരം ആറാം മാസത്തിലേക്ക്; കര്‍ഷകര്‍ ഇന്ന് കരിദിനം ആചരിക്കും
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടത്തുന്ന രാജ്യവ്യാപക സമരം ആറാം മാസത്തിലേക്ക് കടക്കുമ്പോള്‍ കര്‍ഷകര്‍ ഇന്ന് കരിദിനം ആചരിക്കും. 2014 മെയ് 26ന് പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റതിന്റെ ഏഴാം വാര്‍ഷികം കൂടിയായ ഇന്ന് പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് കര്‍ഷകര്‍ പ്രതിഷേധിക്കും.
സമരം നടക്കുന്ന പ്രദേശങ്ങളില്‍ ട്രാക്ടറുകളിലും മറ്റുമായി മുദ്രാവാക്യം വിളിച്ചും കരിങ്കൊടി കാണിച്ചും പ്രതിഷേധിക്കാനാണ് കര്‍ഷക നേതാക്കളുടെ ആഹ്വാനം. വിവിധ സംഘടനകളാണ് ഇന്നത്തെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
രാജ്യ വ്യാപകമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമകള്‍, ചിത്രങ്ങള്‍ എന്നിവ കൂട്ടിയിട്ട് കത്തിക്കും. കറുത്ത തലപ്പാവ്, ദുപ്പട്ട, വസ്ത്രം എന്നിവ ധരിച്ച് ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഡല്‍ഹി അതിര്‍ത്തികളിലും പ്രതിഷേധം സംഘടിപ്പിക്കും. കര്‍ഷക ട്രാക്ടറുകളിലും കറുത്ത പതാകകള്‍ സ്ഥാപിക്കും. സാമൂഹിക അകലവും മറ്റ് കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് പ്രതിഷേധം നടത്തുമെന്നും കര്‍ഷകര്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ച രാജ്യ വ്യാപക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തെ രംഗത്ത് വന്നിരിന്നു. മെയ് 26ന് നടത്തുന്ന പ്രതിഷേധത്തിന് 12 പ്രതിപക്ഷ പാര്‍ട്ടികളാണ് പിന്തുണ പ്രഖ്യാപിച്ചത്.
പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി പ്രസ്താവനയിറക്കിയാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി,സിപിഐ ദേശീയ സെക്രട്ടറി ഡി രാജ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എച്ച് ഡി ദേവഗൗഡ (ജെഡിഎസ്), ശരദ് പവാര്‍ (എന്‍സിപി), ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി (തൃണമൂല്‍ കോണ്‍ഗ്രസ്), മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ (ശിവസേന), തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ (ഡിഎംകെ), ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ (ജെഎംഎം), ഫറൂഖ് അബ്ദുള്ള (ജെകെപിഎ) തേജസ്വി യാദവ്(ആര്‍ജെഡി) എന്നിവാണ് പ്രവ്‌സ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്.