ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നുവെന്ന പ്രഖ്യാപനം കൊണ്ടുമാത്രം സമരം നിര്‍ത്തേണ്ടതില്ലെന്ന് കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു. ഞായറാഴ്ച ചേരാനിരിക്കുന്ന സംയുക്ത കിസാന്‍ മോര്‍ച്ച സമിതിയുടെ യോഗത്തിന് മുന്നോടിയായി ഇന്ന് ചേര്‍ന്ന ഒന്‍പത് കര്‍ഷക സംഘടനകളുടെ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
നിയമം റദ്ദാക്കുന്നതിനുള്ള സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ തയാറാകണം. പ്രധാനമന്ത്രി ഇത്തരമൊരു പ്രഖ്യാപനം നടത്തിയാല്‍ മാത്രം അംഗീകരിക്കാന്‍ കഴിയില്ല. പാര്‍ലമെന്റില്‍ ഉള്‍പ്പടെ അവതരിപ്പിച്ച് നിയമം പൂര്‍ണമായും പിന്‍വലിച്ചുകൊണ്ടുള്ള നടപടികള്‍ സ്വീകരിക്കണം.
മന്ത്രിസഭയില്‍ പോലും ആലോചിക്കാതെയാണ് പ്രധാനമന്ത്രി ഇത്തരമൊരു പ്രഖ്യാപനം നടത്തിയതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. അതിനാല്‍ വാക്കു വിശ്വസിച്ച് സമരം പിന്‍വലിക്കാന്‍ കഴിയില്ല. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് താങ്ങുവില ഉറപ്പുവരുത്താന്‍ നടപടി വേണം.
സമരനാളുകളില്‍ കര്‍ഷകര്‍ക്കെതിരേ വിവിധ വകുപ്പുകള്‍ ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം. വിഷയത്തില്‍ തുടര്‍ ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ തയാറാകണം. മുന്‍നിശ്ചയപ്രകാരം ട്രാക്ടര്‍ റാലി ഉള്‍പ്പടെ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും കര്‍ഷക സംഘടന നേതാക്കള്‍ അറിയിച്ചു.ഞായറാഴ്ചയാണ് 42 കര്‍ഷക സംഘടനകള്‍ ഒന്നിക്കുന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗം. അതിന് മുന്നോടിയായിട്ടാണ് ഇന്ന് നേതാക്കള്‍ കൂടിയാലോചന നടത്തിയത്.