EntertainmentNationalNews

വിജയ് രാഷ്ട്രീയത്തിലേക്ക്?സാധ്യത പരിശോധിയ്ക്കാന്‍ ആരാധകസംഘടനയുടെ സര്‍വ്വേ

ചെന്നൈ:നടന്‍ വിജയ്‌യുടെ രാഷ്ട്രീയപ്രവേശ സാധ്യതയെക്കുറിച്ച് പഠിക്കാന്‍ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം സര്‍വേ ആരംഭിച്ചു. സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ബൂത്ത് തലത്തിലാണ് സര്‍വേ നടത്തുന്നത്. ഒരോയിടത്തെയും നിലവിലെ രാഷ്ട്രീയ സാഹചര്യം, ജനങ്ങളുടെ പ്രശ്‌നങ്ങള്‍, നിര്‍ണായക സ്വാധീനമുള്ള വ്യക്തികള്‍, കഴിഞ്ഞ അഞ്ചു വര്‍ഷമായി തിരഞ്ഞെടുപ്പില്‍ വിജയികളായവരുടെ വിവരങ്ങള്‍ തുടങ്ങിയവയാണ് ശേഖരിക്കുന്നത്.

പ്രത്യേക ഫോം നല്‍കി അവ മുഖേനയാണ് സംഘടനാംഗങ്ങള്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്. ആരാധക സംഘടനയെ ശക്തിപ്പെടുത്തി പാര്‍ട്ടിയാക്കി മാറ്റുന്നതിനുള്ള സാധ്യതകളാണ് തേടുന്നത്. ഇതിനായി വിജയ് മക്കള്‍ ഇയക്കം ജനറല്‍ സെക്രട്ടറി ബുസി ആനന്ദിന്റെ നേതൃത്വത്തില്‍ സംഘടനയുടെ ജില്ലാ യോഗങ്ങള്‍ തുടങ്ങി.

സംഘടനയിലേക്ക് കൂടുതല്‍ ആളുകളെ ചേര്‍ത്ത് വിജയ്ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് നീക്കങ്ങള്‍. വിജയ് മക്കള്‍ ഇയക്കം നേരത്തേയും സന്നദ്ധ പ്രവര്‍ത്തങ്ങള്‍ നടത്താറുണ്ടായിരുന്നുവെങ്കിലും അംബേദ്കര്‍ ജയന്തി പോലെയുള്ള ആഘോഷങ്ങള്‍ നടത്തിയിരുന്നില്ല.

എന്നാല്‍, ഇത്തവണ അംബേദ്കര്‍ ജയന്തി വ്യാപകമായി ആചരിച്ചു. റംസാന്‍ മാസത്തില്‍ ഇഫ്താര്‍ വിരുന്നും നടത്തി. പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളെ പ്രധാനമായും ലക്ഷ്യമാക്കിയുള്ള നടപടിയായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. തമിഴ്‌നാട്ടില്‍ വേരുറപ്പിക്കാന്‍ ബി.ജെ.പി. തീവ്രശ്രമം നടത്തുമ്പോഴാണ് വിജയ്‌യും രാഷ്ട്രീയ സാധ്യത തേടുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെ സിനിമയിലൂടെ വിമര്‍ശിച്ചതിനെത്തുടര്‍ന്ന് ബി.ജെ.പി.യില്‍നിന്ന് രൂക്ഷമായ എതിര്‍പ്പ് വിജയ് നേരിട്ടിരുന്നു. അതിനാല്‍ കമല്‍ഹാസനെപ്പോലെത്തന്നെ ബി.ജെ.പി.യെ എതിര്‍ത്തു കൊണ്ടുതന്നെയാകും വിജയ്‌യുടെയും രംഗപ്രവേശമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍, സര്‍വേയുടെയും തുടര്‍ന്നുള്ള രാഷ്ട്രീയസാഹചര്യത്തെയും ആശ്രയിച്ചാകും രാഷ്ട്രീയ പ്രവേശത്തില്‍ വിജയ് അന്തിമ തീരുമാനമെടുക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker