കൊൽക്കത്ത: കൊല്‍ക്കത്തയില്‍ ആശുപത്രിയില്‍ കൊല്ലപ്പെട്ട വനിതാ ഡോക്ടര്‍ കൂട്ടബലാത്സംഗത്തിനിരയായെന്ന് സംശയം. ഡോക്ടറുടെ ശരീരത്തില്‍ കണ്ടെത്തിയ ബീജത്തിന്റെ അളവ് ഒന്നിലധികം പേരുടെ ഇടപെടല്‍ സൂചിപ്പിക്കുന്നുവെന്ന് മാതാപിതാക്കള്‍ കൊല്‍ക്കത്ത ഹൈക്കോടതിയെ അറിയിച്ചു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ സുപ്രധാന കണ്ടെത്തല്‍ കോടതിക്ക് മുന്‍പില്‍ ഉന്നയിച്ചാണ് മകള്‍ കൂട്ട ബലാത്സംഗത്തിനിരയായെന്ന സംശയം ഡോക്ടറുടെ ബന്ധുക്കള്‍ പ്രകടിപ്പിച്ചത്. മൃതദേഹത്തില്‍ നിന്ന് 150 മില്ലി ഗ്രാം ശുക്ലം ലഭിച്ചെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ കണ്ടെത്തല്‍. ഇത്രയും അളവുള്ളതിനാല്‍ ഒന്നില്‍ കൂടുതല്‍ ആളുകളുടെ പങ്ക് സംശയിക്കുന്നുവെന്നാണ് ഹര്‍ജിയിലുള്ളത്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ കൂട്ടബലാത്സംഗം നടന്നതിന്‍റെ സൂചനയാണെന്ന് ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് ഗവ ഡോക്ടേഴ്സ് അസോസിയേഷനും വ്യക്തമാക്കി. എന്നാല്‍ ആ ദിശയില്‍ പോലീസിന്‍റെ അന്വേഷണം നീങ്ങിയില്ല. കേസ് ഏറ്റെടുത്ത ko സിബിഐ സംഘത്തിന് മുന്നിലും ഈ സംശയം മാതാപിതാക്കള്‍ ഉന്നയിച്ചു.മൂന്ന് സംഘമായി തിരിഞ്ഞാണ് സിബിഐ അന്വേഷണം. ദില്ലിയില്‍ നിന്നുള്ള സംഘത്തില്‍ മെഡിക്കല്‍, ഫോറന്‍സിക് വിദഗ്ധരുമുണ്ട്. പ്രതിയെ ആശുപത്രിയിലെത്തിച്ച് തെളിവെടുത്തപ്പോള്‍ ജനരോഷം ഇരമ്പി.
അതേസമയം മമത സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധിയും വിമര്‍ശനം കടുപ്പിച്ചു. ഇരക്ക് നീതി നല്‍കുന്നതിന് പകരം പ്രതിയെ സംരക്ഷിക്കാന്‍ ശ്രമം നടന്നെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. നിര്‍ഭയ സംഭവത്തിന് പിന്നാലെ കൊണ്ടു വന്ന നിയമങ്ങള്‍ ഫലമില്ലാതാകുകയാണോയെന്നും രാഹുല്‍ ആശങ്കപ്പെട്ടു. സംഭവത്തില്‍ സിബിഐ അന്വേഷണം തുടങ്ങി.കേസന്വേഷണത്തിലെ വീഴ്ചയില്‍ മമത സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി രൂക്ഷവിമര്‍ശനമുയര്‍ത്തി.