തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം സംബന്ധിച്ച് സമുഹമാധ്യമങ്ങളില്‍ വ്യാജ സന്ദേശം പ്രചരിക്കുന്നുണ്ടെന്ന് ഭക്ഷ്യ പൊതുവിതരണ സെക്രട്ടറി. വ്യാജ സന്ദേശം കണ്ട് ആരും റേഷന്‍ കടയില്‍ പോകരുതെന്നും സെക്രട്ടറി പറഞ്ഞു. ഇതുസംബന്ധിച്ചുള്ള ശരിയായ വിവരങ്ങള്‍ സര്‍ക്കാര്‍ സമയാസമയങ്ങളില്‍ അറിയിക്കുമെന്നും സെക്രട്ടറി വ്യക്തമാക്കി.
സൗജന്യ 17 ഇനം ഭക്ഷ്യ ധാന്യ കിറ്റുകളുടെ വിതരണം 13, 16, 21, 25 ദിവസങ്ങളില്‍ നടക്കുന്നതയാണ് വ്യാജ സന്ദേശം പ്രചരിച്ചത്. മഞ്ഞ കാര്‍ഡുകാര്‍ക്ക് 13 തിങ്കളാഴ്ച, പിങ്ക് കാര്‍ഡുകാര്‍ക്ക് 16 വ്യാഴം, നീല കാര്‍ഡുകാര്‍ക്ക് 21 ചൊവ്വ, വെള്ള കാര്‍ഡുകാര്‍ക്ക് 25 വെള്ളി ദിവസങ്ങള്‍ മുതല്‍ കിറ്റ് വിതരണം ചെയ്യുമെന്നും സന്ദേശത്തില്‍ പറയുന്നു. ഇത് നമ്മുടെ വാര്‍ഡിലെ എല്ലാ ആളുകളിലും അറിയിക്കുക. സര്‍ക്കാര്‍ സഹായം നമ്മുടെ അവകാശമാണ് എല്ലാവരും വാങ്ങുക എന്നും സന്ദേശത്തിലുണ്ടായിരുന്നു.
ഏപ്രില്‍ ഒന്‍പതാം തീയതി മുതലാണ് പലവ്യഞ്ജന കിറ്റുകളുടെ വിതരണം തുടങ്ങിയത്. പയര്‍, പഞ്ചസാര, ചായപ്പൊടി, ചെറുപയര്‍, വെളിച്ചെണ്ണയടക്കം 17 ഇനങ്ങള്‍ അടങ്ങിയ ഭക്ഷ്യ കിറ്റാണ് കൊവിഡ് കാലത്തെ നേരിടാന്‍ സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്യുന്നത്.