ലഖ്നൗ: രാജ്യത്തെ കൊറോണ വൈറസ് വ്യാപകമായി പടര്‍ന്ന് പിടിക്കുകയാണ്. കൊറോണ ബാധിച്ചവരുടെ എണ്ണം നൂറ് കടന്നു. ആരോഗ്യവകുപ്പും ഭരണകൂടങ്ങളും പ്രതിരോധപ്രവര്‍ത്തനങ്ങളുമായി മുന്നിട്ടുണ്ടെങ്കിലും പല വ്യാജപ്രചരണങ്ങളും ഇതിനിടെ നടക്കുന്നുണ്ട്. അത്തരമൊരു സംഭവം ആണ് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊറോണ വൈറസ് ഭേദമാക്കുമെന്ന് അവകാശപ്പെട്ട വ്യാജ ആള്‍ ദൈവത്തെ അറസ്റ്റ് ചെയ്തു.
കൊറോണ വൈറസ് വ്യാപനം തടയുന്നതിന് തന്റെ കൈവശമുള്ള മാന്ത്രിക കല്ലുകള്‍ ഉപയോഗിച്ചാല്‍ മതിയെന്നാണ് അദ്ദേഹം പറയുന്നത്. ഒരു കല്ലിനായി ഇയാള്‍ ഭക്തരില്‍ നിന്നു വാങ്ങുന്നത് 11 രൂപയാണ്. കൊറോണ വൈറസിനെ മറികടക്കാന്‍ തന്റെ കയ്യില്‍ ഒരു മാന്ത്രിക മരുന്ന് ഉണ്ടെന്ന് ഇയാള്‍ കടയുടെ പുറത്ത് ഒരു ബോര്‍ഡ് വച്ചിട്ടുണ്ട്. നിങ്ങള്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്നും തന്റെ കൈവശമുള്ള മാന്ത്രികകല്ലുകള്‍ ധരിച്ചാല്‍ മതിയെന്നുമാണ് ഇയാളുടെ വാദം. ഇത് വിശ്വസിച്ച് നൂറ് കണക്കിന് ആളുകളാണ് ഇയാളുടെ കടയില്‍ എത്തയിത്.
ഇയാളെ പോലീസ് അറസ്റ്റ് ചെയ്തതായി മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. കൊറോണ ബേല്‍ ബാബയെന്നാണ് ഇയാള്‍ സ്വയം വിളിക്കുന്നതെന്നും ധാരാളം നിരപരാധികളെ ഇയാള്‍ കബളിപ്പിച്ചെന്നും പോലീസ് പറയുന്നു.