KeralaNews

കെസി വേണുഗോപാല്‍ ജയിച്ചാൽ രാജ്യസഭയിൽ ബിജെപിക്ക് വോട്ട് കൂടും; അവർക്ക് സന്തോഷിക്കാൻ വേറെയെന്ത് വേണമെന്ന് ജോൺ ബ്രിട്ടാസ്

തിരുവനന്തപുരം: ആലപ്പുഴയില്‍ കോൺഗ്രസ് സ്ഥാനാര്‍ത്ഥി കെ സി വേണുഗോപാല്‍ ജയിച്ചാല്‍ രാജ്യസഭയിൽ ബിജെപിക്ക് ഒരു വോട്ട് കൂടുമെന്ന് ജോൺ ബ്രിട്ടാസ് എംപി. രാജ്യസഭയിൽ ബിജെപി ഭൂരിപക്ഷത്തിലേക്ക് ഇഞ്ചിഞ്ചായി എത്തിക്കൊണ്ടിരിക്കുകയാണ്. നാലുപേരുടെ കുറവുമാത്രമാണ് ഇപ്പോ‍ഴുള്ളത്. രാജ്യത്തിന്റെ സ്വഭാവം തന്നെ മാറ്റാൻ കോപ്പുകൂട്ടുന്ന ബിജെപിക്ക് ഉപരിസഭയിലെ ഭൂരിപക്ഷം എല്ലാക്കാലത്തും ഒരു വിഷയമായിരുന്നു.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാധാന്യം അപ്പാടേ ചോർത്തിക്കളയുന്ന മണ്ഡല പുനർനിർണ്ണയം ഉൾപ്പെടെയുള്ള ആയുധങ്ങൾ തേച്ചുമിനുക്കുന്ന ബിജെപി രാജ്യസഭയിലെ ഭൂരിപക്ഷത്തിൽ കണ്ണുനട്ടിരിക്കാൻ തുടങ്ങിയിട്ട് കാലം ഏറെയായി. ഏതൊരു രാഷ്ട്രീയപാർട്ടിക്കും അവരുടെ പ്രതിനിധി എവിടെ മത്സരിക്കണമെന്നു തീരുമാനിക്കാനുള്ള സമ്പൂർണ്ണാവകാശമുണ്ട്. കെ സി വേണുഗോപാൽ ആലപ്പു‍ഴയിൽ മത്സരിക്കുന്നതിനെ ഇങ്ങനെ കാണാൻ സാധാരണഗതിയിൽ ക‍ഴിയേണ്ടതാണ്.

എന്നാൽ രാജസ്ഥാനിലെ പ്രതിനിധിയായി രാജ്യസഭയിൽ രണ്ട് വർഷം കൂടി കാലാവധി ബാക്കിയുള്ള കെ സി വേണുഗോപാൽ ലോക്സഭയിൽ മത്സരരംഗത്ത് വരുമ്പോൾ അതിന്‍റെ ഗുണഭോക്താവ് ആരായിരിക്കുമെന്ന ചോദ്യം മതനിരപേക്ഷവിശ്വാസികളുടെ കർണ്ണപുടത്തിൽ ശക്തിയായി പതിക്കുന്നുണ്ട്. രാജസ്ഥാനിൽ ഒരു രാജ്യസഭാ സീറ്റിലേയ്ക്ക് ഉപതെരഞ്ഞെടുപ്പു നടക്കുമ്പോൾ ആ സംസ്ഥാനത്ത് ഭൂരിപക്ഷമുള്ള പാർട്ടിയായ ബിജെപിക്ക് അത് സ്വാഭാവികമായി ലഭിക്കും.

ഇത് അപഗ്രഥിച്ച ശേഷമായിരിക്കുമല്ലോ കോൺഗ്രസ് നേതൃത്വം ലോക്സഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതെന്ന് ഓർക്കുമ്പോ‍ഴാണ് മതനിരപേക്ഷ വിശ്വാസികൾക്കു നടുക്കമുണ്ടാവുക. ബിജെപിക്ക് പ്രത്യക്ഷമായോ പരോക്ഷമായോ ലഭിക്കുന്ന ഒരു നേട്ടത്തെക്കുറിച്ച് കോൺഗ്രസ് ഹൈക്കമാൻഡ് ചിന്തിക്കാതെ പോകില്ലല്ലോ എന്നും ബ്രിട്ടാസ് ചോദിച്ചു. ആലപ്പു‍ഴയിൽ സിപിഎമ്മിന്‍റെ പ്രതിനിധിയോ കോൺഗ്രസിന്‍റെ പ്രതിനിധിയോ ജയിച്ചാൽ അത് ലോക്സഭയിൽ മോദി വിരുദ്ധ വോട്ടായിരിക്കും.

എന്നാൽ, ആലപ്പു‍ഴയിൽ കോൺഗ്രസ് പ്രതിനിധി കെ സി വേണുഗോപാലാണ് ജയിക്കുന്നതെങ്കിൽ ബിജെപിക്ക് രാജ്യസഭയിൽ ഒരു വോട്ട് കൂടും. തങ്ങളുടെ വർഗ്ഗീയ അജണ്ട നടപ്പാക്കാനുള്ള അടുത്ത ഘട്ടത്തെക്കുറിച്ചു ചിന്തിക്കുന്ന ബിജെപിക്ക് സന്തോഷിക്കാൻ ഇതിൽപ്പരം വലിയ ഒരവസരം വേറേയുണ്ടോയെന്നും ബ്രിട്ടാസ് ചോദിച്ചു. വർഗ്ഗീയതയ്ക്കും ഫാസിസത്തിനുമെതിരേയുള്ള പോരാട്ടത്തിൽ എവിടെ നിൽക്കുന്നു എന്ന് കോൺഗ്രസ് മലയാളികളെയെങ്കിലും ബോധ്യപ്പെടുത്തേണ്ട ഒരു വിഷയമാണിതെന്നും എംപി പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button