EntertainmentKeralaNews

സിനിമകളിൽ നിന്നും ഒഴിവാക്കി; എനിക്കെതിരെ ശക്തമായ ലോബി: എം.ജയചന്ദ്രൻ

തിരുവനന്തപുരം:മലയാള സിനിമാസംഗീതരംഗത്ത് തനിക്കെതിരെ ശക്തമായ ഒരു ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംഗീതസംവിധായകൻ എം.ജയചന്ദ്രൻ. സിനിമകളിൽ നിന്നും തന്നെ പലരും മാറ്റി നിർത്തിയിട്ടുണ്ടെന്നും എന്നാൽ തനിക്ക് സ്വന്തമായി ഒരു വഴിയുണ്ടെന്നും ആ വഴിയിലൂടെ മുന്നോട്ടു നീങ്ങുമെന്നും ജയചന്ദ്രൻ പറഞ്ഞു. തിരുവനന്തപുരത്ത് മീറ്റ് ദ് പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ചലച്ചിത്ര പുരസ്കാര നേട്ടവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെക്കുറിച്ചും ജയചന്ദ്രൻ വിശദീകരിച്ചു.

‘സംഗീതത്തോടുള്ള സ്നേഹമാണ് എന്നെ ഇത്തവണയും സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് അർഹനാക്കിയത്. മുൻപും സംസ്ഥാന പുരസ്കാരങ്ങൾ ഏറ്റുവാങ്ങാനുള്ള ഭാഗ്യം എനിക്കുണ്ടായി. സംഗീതത്തിന് വലിയ അദൃശ്യ ശക്തിയുള്ളതായി ഞാൻ വിശ്വസിക്കുന്നു. വിവാദങ്ങൾക്കു പിന്നാലെ പോകുന്നില്ല. ഞാൻ ഒരു ലോബിയുടെയും ഭാഗമല്ല. എന്നാൽ സിനിമയിൽ ഒരു ശക്തമായ ലോബിയുണ്ട്. അതിന്റെ ഭാഗമായി പല സിനിമകളിൽ നിന്നും എന്നെ ഒഴിവാക്കിയിട്ടുണ്ട്. അടുത്തകാലത്തു പോലും അങ്ങനെ സംഭവിച്ചു. 

പക്ഷേ എനിക്ക് ഈശ്വരന്റെ ലോബി ഉണ്ട്. അതിന്റെ തെളിവാണ് ഇത്തവണത്തെ എന്റെ പുരസ്കാര നേട്ടം. സിനിമയിൽ ഒറ്റയ്ക്ക് നടക്കുന്ന വ്യക്തിയാണ് ഞാൻ. എനിക്കായി ഒരു പാതയുണ്ട്. അതിലൂടെ ഞാൻ മുന്നോട്ടു നീങ്ങും. സിനിമയിൽ അവസരങ്ങൾ ലഭിക്കണമെങ്കിൽ ഓരോ നിമിഷവും ഞാൻ സ്വയം വെല്ലുവിളിച്ച് ഹിറ്റുകൾ സൃഷ്ടിച്ചുകൊണ്ടേയിരിക്കണം’, എം.ജയചന്ദ്രൻ പറഞ്ഞു. 

സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് നേരിട്ട് ഇടപെട്ടു എന്നതിന് തെളിവുമായി സംവിധായകൻ വിനയൻ രംഗത്തെത്തിയിരുന്നു. ഇക്കാര്യം വ്യക്തമാക്കുന്ന ജൂറിയംഗം നേമം പുഷ്പരാജിന്റെ ഓഡിയോ വിനയൻ പുറത്തുവിട്ടു. ചലച്ചിത്ര അക്കാദമി ചെയർമാൻ പദവി ദുരുപയോഗം ചെയ്ത് അവാർഡ് നിർണയത്തിൽ രഞ്ജിത് ഇടപെട്ടുവെന്നാരോപിച്ച് സംവിധായകൻ വിനയൻ രംഗത്തെത്തിയിരുന്നു. ഇത് സാധൂകരിക്കുന്ന തെളിവുകളാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിനയൻ പുറത്തുവിട്ടത്. രഞ്ജിത്തിനെതിരെ ജൂറിയംഗം നേമം പുഷ്പരാജ് സംസാരിക്കുന്ന ഓഡിയോയാണ് പുറത്തുവന്നത്. അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടു എന്നാണ് നേമം പുഷ്പരാജ് വ്യക്തമാക്കുന്നത്.

‘‘ഇത്തവണത്തെ സംസ്ഥാന ഫിലിം അവാർഡിന്റെ പ്രധാന ജൂറി മെമ്പറും പ്രാഥമിക ജൂറിയുടെ ചെയർമാനുമായിരുന്ന നേമം പുഷ്പരാജിൻെറ വാക്കുകളാണ്  ഇവിടെ കൊടുത്തിരിക്കുന്നത്. ഒരു  മാധ്യമ പ്രവർത്തകനോടാണ് അദ്ദേഹം സംസാരിക്കുന്നത്.. ഒരു സർക്കാർ ജൂറി മെമ്പർ എന്ന നിലയിൽ പരിമിതികളുള്ളപ്പോൾ തന്നെ അദ്ദേഹം കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്  പദവി ദുരുപയോഗം ചെയ്ത് അവാർഡ് നിർണയത്തിൽ ഇടപെട്ടു എന്ന് കഴിഞ്ഞ ദിവസം ഞാൻ ഇവിടെ പോസ്റ്റുചെയ്തിരുന്നു. അതിനു കൃത്യമായ തെളിവുകൾ എൻെറ കയ്യിലുണ്ടന്നും..ധാർമികത ഉണ്ടങ്കിൽ രഞ്ജിത് ചെയർമാൻ സ്ഥാനം രാജി വയ്കണമെന്നും ഞാൻ പറഞ്ഞിരുന്നു..

എന്റെ വാക്കുകൾക്ക് അടിവരയിട്ടുകൊണ്ട് ചെയർമാൻ സ്ഥാനത്തിരിക്കാൻ രഞ്ജിത് ഒരു കാരണവശാലും യോഗ്യനല്ലന്ന് സംവിധായകനും ജൂറി മെമ്പറുമായ നേമം പുഷ്പരാജ് ഇപ്പോൾ പറയുന്നു.. അക്കാദമി ചെയർമാൻ എന്നനിലയിൽ അവാർഡ് നിർണയത്തിൽ അനാവശ്യ ഇടപെടൽ നടത്തി എന്നു വ്യക്തമായി ഒരു സീനിയർ ജൂറി മെമ്പർ പറഞ്ഞു കഴിഞ്ഞാൽ..  ഇനി മറുപടി പറയേണ്ടത്  അക്കാദമി ചെയർമാൻ രഞ്ജിത്ത് ആണ്. നേമം പുഷ്പരാജ് ഈ ശബ്ദരേഖയിൽ പറയുന്നതു കൂടാതെ അവാർഡ് നിർണയത്തിൽ നടന്ന പല വൃത്തികെട്ട ഇടപെടലുകളുടെയും ഗൂഢാലോചനയുടെയും  ഒക്കെ ഞെട്ടിക്കുന്ന  വിവരങ്ങൾ വിശദമായി തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.. അത് ആവശ്യമുള്ള ഘട്ടത്തിൽ മാത്രം വെളിപ്പെടുത്താം.

ഇപ്പോൾ എനിക്കു ചോദിക്കാനുള്ളത് ഈ ജൂറിമെമ്പറുടെ വെളിപ്പെടുത്തലിനു ശേഷം നിയമപരമായോ ധാർമികമായോ ആ പദവിയിലിരിക്കാൻ രഞ്ജിത്തിന് അവകാശമുണ്ടോ?ഈ വിവരം അവാർഡ് നിർണയ സമയത്തു തന്നെ അറിഞ്ഞിരുന്ന സാംസ്കാരിക വകുപ്പ് ഇപ്പോഴെങ്കിലും നടപടി എടുക്കുമോ? നേരത്തെ സർക്കാരിന്റെ  PRD യുടെ കീഴിലായിരുന്നു ഈ അവാർഡ് നിർണയവും മറ്റും നടത്തിയിരുന്നത്. 1996ലെ അവാർഡി നിർണയത്തിൽ ഗുരുതരമായ ക്രമക്കേടു നടന്നു എന്നു കാണിച്ച് ഹൈക്കോടതിയിൽ കേസു പോകുകയുണ്ടായി

ദേശാടനം എന്ന സിനിമയേ മനഃപൂർവം ഒഴിവാക്കി എന്നതായിരുന്നു പ്രശ്നം.. അന്ന് ബഹുമാന്യനായ ജസ്റ്റീസ് നാരായണക്കുറുപ്പ് അവാർഡ് നിർണയത്തിൽ പക്ഷപാതമുണ്ട് സുതാര്യത ഇല്ലായിരുന്നു എന്നു കണ്ടെത്തുകയും സത്യസന്ധമായി അവാഡ് നിർണയം നടക്കുവാനായി PRD യിൽ നിന്നു മാറ്റി ചലച്ചിത്ര അക്കാദമി രൂപീകരിക്കുവാനും അക്കാദമി ജൂറിയെ നിയമിച്ചു കഴിഞ്ഞാൽ പിന്നെ അവരിൽ യാതൊരു ഇടപെടലും ഉണ്ടാകാതെ അവാർഡ് നിർണ്ണയം നടത്തണമെന്നും ഹൈക്കോടതി ഉത്തരവിടുകയും ഉണ്ടായി.

അന്ന് സാംസ്കാരിക വകുപ്പു മന്ത്രി ആയിരുന്ന അന്തരിച്ച ടി.കെ. രാമകൃഷ്ണൻ സാറാണ് കേരളത്തിലെ ആദ്യത്തെ ചലച്ചിത്ര അക്കാദമിരൂപീ കരിച്ചത്. ഷാജി എൻ. കരുണായിരുന്നു ആദ്യത്തെ ചെയർമാൻ എന്നാണെന്റെറ ഒാർമ്മ.. അതിനു ശേഷവും പല സർക്കാരുകളും അവാർഡുകൾ പലപ്പോഴും വീതം വയ്കുകയായിരുന്നു എന്ന സത്യം നിഷേധിക്കാൻ കഴിയില്ല.. പക്ഷേ അതിനൊക്കെ ഒളിവും മറവും ഉണ്ടായിരുന്നിരിക്കാം.. തെളിവ് ഇല്ലായിരുന്നിരിക്കാം… ഇത്ര ധ്രാഷ്ടൃത്തോടെ തനിക്കാരെയും പേടിക്കേണ്ട കാര്യമില്ല എന്ന മാടമ്പിത്തരത്തോടെ അവാർഡ് നിർണയത്തിൽ കൈ കടത്തിയ ആദ്യത്തെ ചെയർമാൻ രഞ്ജിത്താണ് എന്നകാര്യം യാതൊരു സംശവുമില്ല.. എവിടുന്നാണ് ഇതിനുള്ള ധൈര്യം അദ്ദേഹത്തിന് ലഭിച്ചത്… 

സർക്കാരിനെ പ്രതിക്കുട്ടിൽ നിർത്തുന്ന ഈ ഗൂഡാലോചനക്കു പിന്നിൽ മറ്റാരൊക്കെയാണ്…  ശക്തമായ ഒരന്വേഷത്തിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉത്തരവിടുകയും.. കുറ്റവാളികളേ കണ്ടെത്തുകയും ചെയ്യുമെന്നു കരുതുന്നു.. അല്ലങ്കിൽ ഈ വീതം വയ്ക്കൽ നയം ഇടതുപക്ഷ സർക്കാരിന്റെ അറിവോടെയാണന്ന് പൊതുജനം ചിന്തിച്ചു പോകും.. എനിക്കൊരാവാർഡു കിട്ടാനോ എന്റെ സിനിമയ്ക്ക് അവാർഡ് കിട്ടാനോ വേണ്ടിയല്ല ഞാനിതിന് ഇറങ്ങി തിരിച്ചതെന്ന് ദയവായി കരുതരുത്…

ഞാനീ അവാർഡുകൾക്കു വേണ്ടി സിനിമ എടുക്കുന്ന ആളല്ലാ.. അതിന്റെ പുറകെ പോയിട്ടുമില്ല, ഇഷ്ടക്കാർക്ക് അവാർഡ് വീതം വച്ച രഞ്ജിത്തിന്റെ ഈ പരിപാടി സിനിമയേ പാഷനായി കാണുന്ന… അതിനു വേണ്ടി ജീവൻകളഞ്ഞു നിൽക്കുന്ന.. ഒരു വലിയ കൂട്ടം കലാകാരന്മാരോടു ചെയ്യുന്ന ചതിയാണ്.. കൊല്ലാക്കൊലയാണ്..എന്തു കഷ്ടപ്പാടും സഹിച്ച് സിനിമയെടുത്ത് പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ തയാറുള്ള ചെറുപ്പക്കാരുടെ മനസ്സു മടുപ്പിക്കുന്ന ക്രൂരതയാണ്..ബഹുമാനപ്പെട്ട സർക്കാരിൽ നിന്ന് നീതി ലഭിച്ചില്ലങ്കിൽ മാത്രമേ മറ്റു നടപടികളിലേക്കു നീങ്ങാൻ ആഗ്രഹിക്കുന്നുള്ളു.’’–വിനയൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker