KeralaNews

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ എക്‌സൈസ് റെയ്ഡ്‌; മുറികളിൽ നിന്ന് കഞ്ചാവ് പിടികൂടി

തിരുവനന്തപുരം: പാളയത്തെ യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ അപ്രതീക്ഷിത എക്‌സൈസ് റെയ്ഡ്. ചില മുറികളില്‍നിന്ന് ചെറിയ അളവില്‍ കഞ്ചാവ് പിടികൂടി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഹരിശങ്കറിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. 15 മുറികളില്‍ പരിശോധന നടത്തി. റെയ്ഡില്‍ 455-ാം നമ്പര്‍ റൂമില്‍നിന്നാണ് കഞ്ചാവ് പിടികൂടിയത്. 

20 ഗ്രാം കഞ്ചാവാണ് പിടികൂടിയതെന്ന് എക്‌സൈസ് സംഘം പറയുന്നു. പരിശോധന പെട്ടെന്ന് അവസാനിപ്പിച്ച് എക്‌സൈസ് സംഘം മടങ്ങി. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വ്യാപകമായ റെയ്ഡ് ഉദ്ദേശിച്ചാണ് എക്‌സൈസ് എത്തിയതെന്നാണ് വിവരം. എന്നാല്‍ മൂന്നു നാലു മുറികളില്‍ പരിശോധന നടത്തിയതിനു ശേഷം പൊടുന്നന്നെ സംഘം പിന്‍വാങ്ങുകയായിരുന്നു.

മൂന്നുനിലകളിലായി 275 മുറികളാണ് മെന്‍സ് ഹോസ്റ്റലില്‍ ഉള്ളത്. അവധിയായതില്‍ മിക്ക മുറികളും അടച്ചിട്ട് കുട്ടികള്‍ വീടുകളില്‍ പോയിരിക്കുകയാണ്. യൂണിവേഴ്‌സിറ്റിക്കു കീഴിലുള്ള വിവിധ ഹോസ്റ്റലുകളിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടിയില്‍പെട്ട കുട്ടികള്‍ ഹോസ്റ്റലില്‍ താമസിക്കുന്നുണ്ടെന്ന് എസ്എഫ്‌ഐ നേതൃത്വം പറഞ്ഞു. ഹോസ്റ്റലില്‍ സംശയാസ്പദമായി കണ്ട രണ്ടു പേരെ കഴിഞ്ഞ ദിവസം പിടികൂടി മ്യൂസിയം പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചിരുന്നുവെന്നും നേതാക്കള്‍ പറഞ്ഞു.

ഹോസ്റ്റലില്‍ പരിശോധന നടത്തണമെന്ന് എസ്എഫ്‌ഐ നേതൃത്വം ആവശ്യപ്പെട്ടതിന്റെ കൂടി ഭാഗമായാണ് റെയ്ഡ്. മുകള്‍ നിലയിലെ ബ്ലോക്കില്‍നിന്നാണ് കഞ്ചാവ് പിടികൂടിയതെന്നും അവിടെ എസ്എഫ്‌ഐ പ്രവര്‍ത്തകരാരും താമസിക്കുന്നില്ലെന്നും നേതാക്കള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം പരിശോധനകളുടെ ഭാഗമായി നഗരത്തില്‍ അറസ്റ്റ് ചെയ്ത ആളുകളില്‍നിന്നു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഹോസ്റ്റലില്‍ റെയ്ഡ് നടത്താന്‍ എക്‌സൈസ് തീരുമാനിച്ചതെന്നും സൂചനയുണ്ട്. കളമശേരിയില്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജ് മെന്‍സ് ഹോസ്റ്റലില്‍ കഴിഞ്ഞ മാസം നടത്തിയ റെയ്ഡില്‍ വന്‍തോതില്‍ കഞ്ചാവ് ശേഖരം കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ സംസ്ഥാനത്താകെ വ്യാപകപരിശോധന നടത്താനാണ് പൊലീസും എക്‌സൈസ് വകുപ്പും തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് നടപടികള്‍ ചര്‍ച്ച ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker