വീട്ടില്‍ വൈന്‍ നിര്‍മ്മിച്ചാല്‍ ഇനി മുതല്‍ അകത്ത് പോകും; സര്‍ക്കുലറുമായി എക്‌സൈസ്
തിരുവനന്തപുരം: വീട്ടില്‍ വൈന്‍ ഉണ്ടാക്കുന്നതിന് കര്‍ശന വിലക്കുമായി എക്‌സൈസ് വകുപ്പ്. അബ്കാരി നിയമം പ്രകാരം ജാമ്യംകിട്ടാത്ത കുറ്റമാണതെന്ന് ഓര്‍മിപ്പിച്ച് എക്‌സൈസിന്റെ പുതിയ സര്‍ക്കുലര്‍. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കു മുന്നോടിയായാണ് എക്‌സൈസിന്റെ നീക്കം. ഹോംമെയ്ഡ് വൈന്‍ വില്‍പനയ്ക്കുണ്ടെന്നു സമൂഹമാധ്യമങ്ങളില്‍ പരസ്യം ചെയ്യുന്നത് എക്‌സൈസ് നിരീക്ഷിക്കുന്നുണ്ട്. കൂടാതെ വൈന്‍ ഉണ്ടാക്കുന്ന വീഡിയോകള്‍ യുട്യൂബ് വഴി പ്രചരിപ്പിക്കുന്നവരെയും എക്‌സൈസ് നോട്ടമിടുന്നതായാണു വിവരം.
മദ്യക്കടത്തും വ്യാജവാറ്റും തടയാന്‍ പ്രത്യേക സംഘങ്ങള്‍ക്ക് രൂപം നല്‍കി നടപടികള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ജില്ലാതലം മുതല്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്ന് 24 മണിക്കൂര്‍ ജാഗ്രത പുലര്‍ത്താന്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. റെയ്ഡ് അടക്കം അടിയന്തര നടപടികള്‍ക്കായി ഓരോ ജില്ലയിലും സ്‌ട്രൈക്കിംഗ് ഫോഴ്‌സ് എന്ന പേരില്‍ മൂന്നോ നാലോ സംഘങ്ങളെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.