മുൻ കേരള ക്രിക്കറ്റ് താരം ആത്മഹത്യ ചെയ്തു
ആലപ്പുഴ: മുൻ കേരള രഞ്ജി ട്രോഫി താരം എം. സുരേഷ് കുമാറിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.മികച്ച ഓഫ് സ്പിന്നർ എന്ന് പേരെടുത്ത സുരേഷ് കുമാർ കേരളത്തിനായി ഒട്ടേറെ മത്സരങ്ങളിൽ ബാറ്റു കൊണ്ടും മികച്ച പ്രകടനം നടത്തിയ താരമാണ്.
സുഹൃത്തുക്കൾക്കിടയിൽ ഉംബ്രി എന്നറിയപ്പെട്ടിരുന്ന സുരേഷ് 1990-ൽ രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യൻ അണ്ടർ-19 ടീമിൽ അംഗമായിരുന്നു. മുൻ ന്യൂസീലൻഡ് ക്യാപ്റ്റൻ സ്റ്റീഫൻ ഫ്ളെമിങ്ങും ഡിയോൺ നാഷും ഉൾപ്പെട്ട കിവീസ് യുവനിരയ്ക്കെതിരേ യൂത്ത് ടെസ്റ്റും ഏകദിന പരമ്പരയും കളിച്ചിട്ടുണ്ട്.
72 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്നായി ഒരു സെഞ്ചുറിയടക്കം 1657 റൺസും 196 വിക്കറ്റുകളും നേടിയിട്ടുണ്ട്. ഏഴ് അർധ സെഞ്ചുറികളും 12 തവണ അഞ്ചു വിക്കറ്റ് നേട്ടവും സ്വന്തമാക്കി. 51 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്ന് 433 റൺസും 52 വിക്കറ്റുകളും സ്വന്തമാക്കി.
1994-95 രഞ്ജി സീസണിൽ തമിഴ്നാടിനെ ആദ്യമായി കീഴടക്കിയ കേരള രഞ്ജി ട്രോഫി ടീമിലെ പ്രധന താരമായിരുന്നു സുരേഷ്. അന്ന് 12 വിക്കറ്റുകളുമായി കേരള വിജയത്തിന് ചുക്കാൻ പിടിച്ചതും സുരേഷായിരുന്നു.