അച്ഛന്‍ മറന്നാലും ആ സംഭവം ഞാന്‍ മറക്കില്ല: ധ്യാന്‍ ശ്രീനിവാസന്‍
കൊച്ചി:അഭിനയിച്ച സിനിമകളേക്കാളും കൂടുതല്‍ ധ്യാന്‍ ശ്രീനിവാസന്റെ അഭിമുഖം കാണാനാണ് പ്രേക്ഷകര്‍ക്ക് ഇഷ്ടം. അഭിനയം നിര്‍ത്തിയാലും അഭിമുഖം കൊടുക്കുന്നത് നിര്‍ത്തരുതെന്ന് പലരും തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ധ്യാനും വ്യക്തമാക്കിയിരുന്നു. ഉണ്ടാക്കി പറയുന്ന കഥകളല്ല, അതൊക്കെ ജീവിതത്തില്‍ ശരിക്കും സംഭവിച്ചിട്ടുള്ളതാണ്. സിനിമയില്‍ വരുന്നതിന് മുന്‍പുള്ള ജീവിതത്തിലെ പല കാര്യങ്ങളും സിനിമയാക്കാനും മാത്രമുണ്ടെന്നും ധ്യാന്‍ പറയുന്നു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ധ്യാന്‍ മനസ്തുറന്നത്. കുടുംബത്തെക്കുറിച്ചും ധ്യാന്‍ അഭിമുഖത്തില്‍ സംസാരിച്ചിരുന്നു.
വര്‍ഷങ്ങളായി പ്രണയിച്ചതിന് ശേഷമാണ് ധ്യാന്‍ ശ്രീനിവാസനും അര്‍പിതയും വിവാഹിതരായത്. എവിടെക്കൊണ്ടിട്ടാലും എല്ലാവര്‍ക്കും ഇഷ്ടം തോന്നുന്ന തരത്തിലുള്ള ചില ക്യാരക്ടറുണ്ടാവില്ലേ, അതുപോലെയൊരാളാണ് അര്‍പിത. എന്നോടുള്ള ചില സംഭവങ്ങളൊഴിച്ച് നിര്‍ത്തിയാല്‍ ആള്‍ സൂപ്പറാണെന്നായിരുന്നു ഭാര്യയെക്കുറിച്ചുള്ള അഭിപ്രായം. മകളുടെ കുസൃതിയെക്കുറിച്ചും അദ്ദേഹം വാചാലനായിരുന്നു.
ആരാധ്യ വികൃതിക്കാരിയാണ്. അടുത്തിടെ സിംഗപ്പൂരില്‍ പോയിരുന്നു. അവിടെ നിന്നും വന്നതിന് ശേഷം ഷേക്ക് ഹാന്‍ഡിനായി അരികിലേക്ക് വിളിക്കും. കൈനീട്ടിയതിന് ശേഷം തരാതെ മുടി മസാജ് ചെയ്യും. ഇത് പുതിയ സ്റ്റൈലാണ്. അച്ഛനും ഇതേപോലെ ആളുകളെ പറ്റിക്കണമെന്നാണ് എന്നോട് പറഞ്ഞിട്ടുള്ളത്. എന്നെ ഇങ്ങനെ ഓരോ കാര്യങ്ങള്‍ പഠിപ്പിച്ച് വരികയാണ് അവള്‍.
ഞാന്‍ കോളേജില്‍ പോവുന്നില്ലെന്ന കാര്യം മൂന്നര വര്‍ഷം കഴിഞ്ഞാണ് അച്ഛനും അമ്മയും അറിഞ്ഞത്. ഇനി കൊച്ചിയിലേക്ക് എന്ന് പറഞ്ഞ് അവര്‍ എന്നെ കൂട്ടാന്‍ വന്നിരുന്നു. കോളേജിലുള്ളവര്‍ അച്ഛനെയും അമ്മയേയും നന്നായി ഉപദേശിച്ചിരുന്നു. നല്ല ദേഷ്യത്തിലാണെങ്കിലും അച്ഛന്‍ ഒന്നും സംസാരിച്ചിരുന്നില്ല. ബിരിയാണിയൊക്കെ ഇഷ്ടമാണെങ്കിലും അന്ന് ഞാന്‍ മീല്‍സ് മതിയെന്ന് പറഞ്ഞു. അമ്മ മീനും ഞങ്ങള്‍ക്ക് ചിക്കന്‍ കറിയും പറഞ്ഞു. അന്ന് മൂന്ന് പീസ് അച്ഛനും രണ്ടെണ്ണം എനിക്കുമായിരുന്നു. മൂന്നാമത്തെ പീസ് അച്ഛന്‍ തന്നെ എടുത്തതില്‍ ഒരുപാട് അര്‍ത്ഥങ്ങളുണ്ട്. അതൊന്നും ഞാന്‍ മറക്കില്ല.
അച്ഛന്‍ ഈ സംഭവം ഓര്‍ത്തിരിക്കാനിടയില്ല. പക്ഷേ, എനിക്കതങ്ങനെ മറക്കാനാവുമോ. രണ്ട് ദിവസത്തിനകം വീട്ടില്‍ നിന്നും പുറത്താവാന്‍ പോവുകയാണെന്ന് അന്ന് എനിക്ക് തോന്നിയിരുന്നു. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. ധ്യാന്‍ എന്ന് പേര് എന്നെങ്കിലും മാറ്റേണ്ടി വന്നാല്‍ വിനീത് എന്നായിരിക്കും ഇടാന്‍ പോവുന്നതെന്നും ധ്യാന്‍ പറഞ്ഞിരുന്നു.