KeralaNews

‘പാസഞ്ചറില്‍ വാഗണ്‍ ട്രാജഡി’,ഏറ്റുമാനൂരിന്റെ ദുരിതയാത്ര തുടരുന്നു,പാലരുവിയില്‍ കനിയാതെ റെയില്‍വേ

കോട്ടയം: ഇന്ന് രാവിലെ കൊല്ലത്തു നിന്നും പുറപ്പെട്ട കൊല്ലം-എറണാകുളം പാസഞ്ചര്‍  ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള അവസ്ഥയാണിത്.ആയിരത്തിലധികം യാത്രക്കാരാണ് ഏറ്റുമാനൂരില്‍ നിന്നും മാത്രം ട്രെയിനില്‍ കയറാനുള്ളത്. നിശ്ചത സമയപരിധിയ്ക്കുള്ളില്‍ ജീവന്‍ പണയംവെച്ച് ശരീരവും കാലുകളുമൊക്കെ ഒരുവിധത്തില്‍ വണ്ടിയ്ക്കകത്തും പുറത്തുമൊക്കെയായി യാത്ര തുടങ്ങുകയാണ് പതിവ്.ട്രെയിന്റെ പുറത്തെ അവസ്ഥ ഇതാണെങ്കില്‍ അകത്തെ സ്ഥിതിയേപ്പറ്റി പറയുകപോലും വേണ്ട.

ഒന്‍പതുമണിയോടെ ഏറ്റുമാനൂരിലെത്തുന്ന വേണാടിന്റെ അവസ്ഥയും വിഭിന്നമല്ല.രണ്ടു ട്രെയിനുകളിലെയും വന്‍ തിരക്കിന് ഏക പരിഹാരം 7.35 ന് ഏറ്റുമാനൂരില്‍ കൂടി കടന്നുപോകുന്ന പാലരുവി എക്‌സ്പ്രസിന് ഏറ്റുമാനൂരില്‍ സ്റ്റോപ്പ് അനുവദിയ്ക്കുക എന്നതു മാത്രമാണ്. പാലരുവി ഇവിടെ നിര്‍ത്തുന്നതോടെ പാസഞ്ചറിനും വേണാടിനും യാത്രചെയ്യേണ്ട യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറയുകയും ചെയ്യും.

പുലര്‍ച്ചെ  06.25 ന് കോട്ടയത്തു നിന്നും പുറപ്പെടുന്ന 56392 കൊല്ലം- എറണാകുളം പാസഞ്ചറിന് ശേഷം എറണാകുളത്ത് ഓഫീസ് സമയം പാലിക്കുന്ന ഏക ട്രെയിനാണ് പാലരുവി എക്‌സ്പ്രസ്സ്രാവിലെ 07 35 ന് ഏറ്റുമാനൂര്‍ വഴി കടന്നുപോകുന്ന പാലരുവി എക്‌സ്പ്രസ്സ് നിശ്ചിത സമയത്തിന് മിനിറ്റുകള്‍ക്ക് മുമ്പേ പല സ്റ്റേഷനുകളിലും  എത്തിച്ചേരുന്നതിനാല്‍ ഏറ്റുമാനൂരില്‍ ഒരു മിനിറ്റ് സ്റ്റോപ്പ് അനുവദിക്കുന്നതിലൂടെ നിലവിലെ സമയക്രമത്തില്‍ മാറ്റം വരുത്താതെ തന്നെ യാത്ര തുടരാമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

വൈകിട്ട് 07 05 ന് എറണാകുളത്ത് നിന്നും പുറപ്പെടുന്ന 16792 പാലരുവി ജോലിക്കാര്‍ക്ക് ഏറെ സഹായകമാണ്. 08 05 ന് കുറുപ്പന്തറയില്‍ നിന്നും  കേവലം 20 കിലോമീറ്റര്‍ സഞ്ചരിച്ചു കോട്ടയത്ത് എത്താന്‍ 35 മിനിറ്റ് സമയമാണ് അനുവദിച്ചിരിക്കുന്നത്. കുറുപ്പന്തറയ്ക്കും കോട്ടയത്തിനും മദ്ധ്യേ സ്ഥിതിചെയ്യുന്ന ഏറ്റുമാനൂര്‍ ഒരു മിനിറ്റ് സ്റ്റോപ്പേജ് അനുവദിക്കുന്നതിലൂടെ  നിലവിലെ സമയക്രമത്തെ ഒരു വിധത്തിലും  ബാധിക്കുകയില്ല.. അതേസമയം നിശ്ചിത സമയത്തിന് മുമ്പേ  എറണാകുളത്തും കോട്ടയത്തും എത്തിച്ചേരുന്ന പാലരുവി എക്‌സ്പ്രസ്സ് സ്റ്റേഷന്‍ ഔട്ടറില്‍ 15 മിനുട്ടുകള്‍ക്ക് മേലെ  കാത്തുകിടക്കുന്നത് സ്ഥിരം സംഭവമാണ്. ഈ സമയം ഏറ്റുമാനൂരിലേക്കുള്ള യാത്രക്കാര്‍ക്ക് ഗുണകരമാക്കാം.

പലരുവിക്ക് ഇത്രധികം യാത്രക്കാര്‍ ഇല്ലാത്ത പല സ്റ്റേഷനുകളിലും സ്റ്റോപ്പുകള്‍ പരിഗണിച്ച സമയത്ത് ഏറ്റുമാനൂരിനെ തഴയപ്പെടാന്‍ കാരണം ഒരു പ്ലാറ്റ് ഫോം മാത്രമുണ്ടായിരുന്ന കാരണത്താലാണ്.  ഇരട്ടപ്പാതയും അനുബന്ധ സംവിധാനങ്ങളുമടക്കം ഗതാഗത യോഗ്യമായ  4 പ്ലാറ്റ് ഫോമുകളുമായി അഭിമാനിക്കാവുന്ന നേട്ടം കൈവരിച്ച ശേഷവും എക്‌സ്പ്രസ്സ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കാമെന്ന വാഗ്ദാനങ്ങള്‍ ഇവിടെ ബാക്കിയാവുകയാണ്. ഡയറക്ട്‌ല ലൈനില്‍ രണ്ട് പ്ലാറ്റ് ഫോമുകള്‍  ഉള്ളതിനാല്‍ പാലരുവിക്ക് ഏറ്റുമാനൂര്‍ സ്റ്റോപ്പ് അനുവദിക്കുന്നതിലൂടെ യാതൊരു സമയനഷ്ടവും ഉണ്ടാകുന്നില്ല.

കോട്ടയം കഴിഞ്ഞാല്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആദായമുള്ള ഏറ്റുമാനൂര്‍ റയില്‍വേ സ്റ്റേഷന് പാലരുവിക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിലൂടെ റെയില്‍വേയ്ക്ക് ഈ നേട്ടം പങ്കുവെക്കാനാകുമെന്നതും വസ്തുതയാണ് വിശാലമായ പാര്‍ക്കിംഗ് സൗകര്യങ്ങളും ഗതാഗതക്കുരുക്കുകള്‍ കൂടാതെ പാലാ, പേരൂര്‍, നീണ്ടൂര്‍, ആര്‍പ്പൂക്കര,  മാന്നാനം,  അയര്‍ക്കുന്നം എന്നിവിടങ്ങളില്‍ നിന്നും വളരെ എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയും.

എം.ജി യൂണിവേഴ്‌സിറ്റി, ഐ.ടി.ഐ,  കെ.ഇ കോളേജ്,  ഏറ്റുമാനൂരപ്പന്‍ കോളേജ് മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,  മെഡിക്കല്‍ കോളേജ്, ഐ.സി.എച്ച്  കാരിത്താസ് മറ്റ് പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍  തീര്‍ത്ഥാടന കേന്ദ്രമായ അതിരമ്പുഴ പള്ളി,  ഏറ്റുമാനൂര്‍ ക്ഷേത്രം,  മറ്റു കച്ചവട കേന്ദ്രങ്ങള്‍,  ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് അങ്ങനെ സര്‍ക്കാര്‍ – അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍,  സ്വകാര്യമേഖലയില്‍ ജീവനക്കാര്‍ തുടങ്ങി കോട്ടയത്തിന്റെ ഉപഗ്രഹനഗരമായ ഏറ്റുമാനൂരില്‍ പതിനായിരങ്ങളാണ് ദിനംപ്രതി വന്നുപോകുന്നത്.ജനപ്രതിനിധികള്‍ക്കും റെയില്‍വേ ഉദ്യാഗസ്ഥര്‍ക്കുമടക്കം നിവേദനം നല്‍കി യാത്രക്കാര്‍ കാത്തിരിയ്ക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി.അധികൃതരുടെ അവഗണന തുടര്‍ന്നാല്‍ പ്രക്ഷോഭം സംഘടിപ്പിയ്ക്കാനുള്ള ഒരുക്കത്തിലുമാണ് യാത്രക്കാരുടെ സംഘടനകള്‍

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button