
ഏറ്റുമാനൂർ: ട്രെയിൻ തട്ടി മരിച്ചത് അമ്മയും രണ്ട് മക്കളും. കുടുംബ പ്രശ്‌നങ്ങളെ തുടർന്നാണ് ഇവർ ജീവനൊടുക്കിയതെന്നാണ് ലഭിക്കുന്ന വിവരം. ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശിനിയും തൊടുപുഴയിൽ വിവാഹം കഴിച്ചയച്ച ആളുമായ ഷൈനി, ഇവരുടെ രണ്ട് മക്കളായ അലീന ഇവാന എന്നിവരുമാണ് മരിച്ചത്. തെള്ളകം ഹോളി ക്രോസ് വിദ്യാസദൻ വിദ്യാർത്ഥികളാണ്
വെള്ളിയാഴ്ച രാവിലെയാണ് ഏറ്റുമാനൂർ പാറോലിക്കലിലെ റെയിൽവേ ട്രാക്കിൽ യുവതിയെയും രണ്ട് കുട്ടികളെയും ട്രെയിൻ ഇടിച്ചു മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം അറിഞ്ഞ് ഏറ്റുമാനൂർ പൊലീസ് സംഘം സ്ഥലത്ത് എത്തുകയായിരുന്നു. ട്രാക്കിൽ മൃതദേഹങ്ങൾ ചിന്നിച്ചിതറി കിടക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് ട്രെയിൻ നിർത്തിയിട്ടു. ഇതോടെ എറണാകുളം – കോട്ടയം റൂട്ടിൽ ട്രെയിൻ ഗതാഗതവും പൂർണമായും മുടങ്ങി. ട്രാക്കിൽ നിന്നും മൃതദേഹങ്ങൾ നീക്കം ചെയ്ത ശേഷമാണ് ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചത്. തൊടുപുഴയിൽ വിവാഹം ചെയ്തയച്ച ഷൈനി കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് ഏറ്റുമാനൂരിലെ വീട്ടിൽ വന്ന് നിൽക്കുകയായിരുന്നുവെന്നാണ് വിവരം.
ഇതേ തുടർന്നുണ്ടായ പ്രശ്നങ്ങളേത്തുടർന്നാണ് ഇവർ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയതെന്നാണ് ലഭിക്കുന്ന വിവരം. ഏറ്റുമാനൂർ പൊലീസ് സംഭവത്തിൽ കേസെടുത്തു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.