
ഏറ്റുമാനൂർ: ട്രെയിൻതട്ടി മരിച്ച വീട്ടമ്മയെയും പെൺമക്കളെയും തിരിച്ചറിഞ്ഞു. പാറോലിക്കൽ 101 കവലയ്ക്ക് സമീപം വടകരയിൽ വീട്ടിൽ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്.കുടുംബ പ്രശ്നത്തെ തുടർന്നുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. തൊടുപുഴ ചുങ്കം സ്വദേശിയായ ഭർത്താവിന്‍റെ പീഡനം സഹിക്കാനാവാതെ ഷൈനിയും മക്കളും കുറച്ചുനാളായി സ്വന്തം വീട്ടിലായിരുന്നു താമസം.
രാവിലെ പള്ളിയിലേക്ക് എന്ന് പറഞ്ഞാണ് മക്കളെയും കൊണ്ട് ഷൈനി വീട്ടിൽ നിന്നും ഇറങ്ങിയത്. പിന്നാലെയാണ് വീട്ടുകാർ ആത്മഹത്യയുടെ വിവരമറിഞ്ഞത്.മരിച്ച അലീനയും ഇവാനയും തെള്ളകം ഹോളിക്രോസ് സ്കൂളിലെ വിദ്യാർഥികളാണ്. ഷൈനിക്ക് 14 വയസ്സുള്ള എഡ്വിൻ എന്ന ഒരു മകൻ കൂടിയുണ്ട്. എഡ്വിൻ എറണാകുളത്ത് സ്പോർട്സ് സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.
ഏറ്റുമാനൂർ പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ച ശേഷം മൃതദദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഇവർ ട്രെയിനിന് മുന്നിലേക്ക് എടുത്ത് ചാടുകയായിരുന്നു എന്നാണ് ഇടിച്ച ട്രെയിനിന്റെ ലോക്കോ പൈലറ്റ് പറയുന്നത്. ഹോൺ അടിച്ചിട്ടും ഇവർ മാറിയില്ലെന്നും ലോക്കോ പൈലറ്റ് റെയിൽവേ പൊലീസിന് മൊഴി നൽകി.
പുലര്‍ച്ചെ 5.30ന് കോട്ടയം – നിലമ്പൂർ എക്‌സ്‌പ്രസിന് മുന്നിലേക്ക് ചാടിയാണ് ഇവർ ജീവനൊടുക്കിയത്. സംഭവത്തിന് ശേഷം ലോക്കോ പൈലറ്റ് റെയിൽവേ അധികൃതരെ വിവരമറിയിച്ചു. തുടർന്ന് പൊലീസിനെയും അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥരെത്തിയാണ് മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്ന് മാറ്റിയത്. മൃതദേഹം ചിന്നിച്ചിതറിയ നിലയിലായതിനാൽ തിരിച്ചറിയാനായിരുന്നില്ല. വസ്‌ത്രവും ചെരുപ്പും കണ്ടിട്ടാണ് ഒരു സ്‌ത്രീയും രണ്ട് പെൺകുട്ടികളുമാകാം ഇതെന്ന നിഗമനത്തിലെത്തിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപവാസികളായ അമ്മയും മക്കളുമാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞത്. ഇവരുടെ ആത്മഹത്യയിൽ ഷൈനിയുടെ ഭർത്താവിന് നേരെ ആരോപണം ഉയർന്നിട്ടുണ്ട്. തൊടുപുഴ ചുങ്കം സ്വദേശിയായ ഭർത്താവ് നോബിയുമായി കുറച്ചുകാലങ്ങളായി അകന്നു കഴിയുകയായിരുന്നു ഷൈനിയും മക്കളും. ഇയാൾ ക്രൂരമായി പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ പൊലീസിനെ അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡൽഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)