മോശം കമന്റുകള്‍ തന്റെ അച്ഛനെ വല്ലാതെ വേദനിപ്പിച്ചിരുന്നു; എസ്തര്‍ അനില്‍
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് എസ്തര്‍ അനില്‍. വെള്ളിത്തിരയില്‍ എന്ന പോലെ തന്നെ സോഷ്യല്‍ മീഡിയകളിലും വളരെ ആക്ടീവാണ് താരം. ഇപ്പോള്‍ മോശം കമന്റുകള്‍ തന്റെ അച്ഛനെ വല്ലാതെ വേദനിപ്പിച്ചിരുന്നെന്ന് പറയുകയാണ് നടി. ‘പണ്ടൊക്കെ എന്റെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നത് അച്ഛനായിരുന്നു. അന്നൊക്കെ ഈ സന്ദേശങ്ങളും കമന്റുകളും അദ്ദേഹത്തെ വിഷമിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാനാണ് നേരിട്ട് എല്ലാം നോക്കുന്നത്. ആദ്യമൊക്കെ എനിക്കും സങ്കടം വന്നിരുന്നു. പക്ഷേ ഇപ്പോള്‍ അതൊക്കെ തമാശയായി’ എസ്തര്‍ പറയുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ നടി പറഞ്ഞു.
ദൃശ്യത്തിന്റെ രണ്ടാം ഭാഗം ദൃശ്യം 2 ആണ് നടിയുടെ പുതിയ ചിത്രം. ദൃശ്യം 2 ഒരു കുടുംബചിത്രമാണെന്നും ത്രില്ലര്‍ ഘടകങ്ങള്‍ ഉണ്ടെങ്കിലും സിനിമ പൂര്‍ണമായി അങ്ങനെയല്ല. ആദ്യത്തെ ദൃശ്യം ഷൂട്ട് ചെയ്യുന്ന സമയത്ത് താന്‍ ഒരുപാട് സംസാരിക്കുമെന്നാണ് അണിയറക്കാര്‍ പറഞ്ഞിരുന്നതെങ്കില്‍ ദൃശ്യം 2ന്റെ സമയത്ത് താന്‍ മിണ്ടാറേ ഇല്ലെന്നായിരുന്നു അവരുടെ പരാതി.-എസ്തര്‍ പറഞ്ഞു.
നല്ലവന്‍ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് എസ്തര്‍ സിനിമയില്‍ എത്തുന്നത്. മോഹന്‍ലാല്‍ നായകനായ ഒരുനാള്‍ വരും എന്ന ചിത്രത്തിലും എസ്തര്‍ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് കോക്ടെയില്‍, വയലിന്‍, ഡോക്ടര്‍ ലൗ, മല്ലു സിങ്, ഓഗസ്റ്റ് ക്ലബ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തിലും അഭിനയിച്ചു. ഷാജി എന്‍ കരുണിന്റെ ഓള് എന്ന ചിത്രത്തിലൂടെ നായികയായും എസ്തര്‍ അരങ്ങേറ്റം കുറിച്ചിരുന്നു. സന്തോഷ് ശിവന്‍ ചിത്രം ജാക്ക് ആന്‍ഡ് ജില്‍, ദൃശ്യം 2 എന്നിവയാണ് ഇനി വരാനിരിക്കുന്ന എസ്തറിന്റെ ചിത്രങ്ങള്‍.