CrimeKeralaNewsNews

ഇന്റർസിറ്റി എക്‌സ്പ്രസ് തുമ്പായി, പിടിയിലായത് ക്രൈംവാർത്ത കാണുന്നതിനിടെ; 'ഓപ്പറേഷൻ നവംബർ' ഇങ്ങനെ

കോഴിക്കോട്: നഗരമധ്യത്തില്‍ ലോഡ്ജ്മുറിയില്‍ യുവതിയെ കൊലപ്പെടുത്തിയശേഷം രക്ഷപ്പെട്ട പ്രതി അബ്ദുള്‍ സനൂഫിന് കുരുക്കിട്ടത് കോഴിക്കോട് സിറ്റി പോലിസിന്റെ 'ഓപ്പറേഷന്‍ നവംബര്‍'. നവംബര്‍ 26-നാണ് എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍വെച്ച് മലപ്പുറം വെട്ടത്തൂര്‍ സ്വദേശി ഫസീലയെ പ്രതി കൊലപ്പെടുത്തിയത്. അബ്ദുള്‍ സനൂഫ് മുന്‍പ് ബസ് ഡ്രൈവറായി ജോലിചെയ്തിരുന്നു. അങ്ങനെയാണ് ഫസീലയുമായി പരിചയത്തിലാകുന്നത്. കൊലപാതകത്തിന് ശേഷം പ്രതി ഒളിവില്‍ പോവുകയായിരുന്നു.

സിറ്റി പോലീസിന്റെ ഏറ്റവും മിടുക്കരായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പോലീസ് കമ്മിഷണര്‍ ടി.നാരായണന്റെ കീഴില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൂന്ന് സംഘങ്ങളായിട്ടായിരുന്നു അന്വേഷണം. ടൗണ്‍ എ.സി.പി. അഷറഫ് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചു. നടക്കാവ് ഇന്‍സ്‌പെക്ടര്‍ എന്‍.പ്രജീഷ് ആയിരുന്നു സ്‌ക്വാഡ് തലവന്‍.

സംഭവശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതി അബ്ദുള്‍ സനൂഫ്, പാലക്കാട് കാര്‍ ഉപേക്ഷിച്ചശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് രക്ഷപ്പെട്ടത് പോലീസിനെ കുഴപ്പിച്ചു. തുടര്‍ന്ന് കേരളം തമിഴ്‌നാട്, കര്‍ണാടക എന്നിവടങ്ങളിലായി വ്യാപിപ്പിച്ച അന്വേഷണത്തെ ഏകോപിപ്പിച്ചത് ഓപ്പറേഷന്‍ നവംബര്‍ എന്ന വാട്‌സാപ്പ് ഗ്രൂപ്പായിരുന്നു. മലപ്പുറം പാലക്കാട് തൃശൂര്‍ എന്നിവിടങ്ങളില്‍ രഹസ്യാന്വേഷണം നടത്തിയും സി.സി.ടി.വികള്‍ പരിശോധിച്ചും ശേഖരിച്ച വിവരങ്ങള്‍ എ.സി.പി. ഉള്‍പ്പടെയുള്ള പോലീസ് സംഘം പരസ്പരം ചര്‍ച്ചചെയ്ത് നിഗമനത്തിലെത്തിയായിരുന്നു അന്വേഷണം.

ലഭ്യമായ ഫോട്ടോകളും ഫോണ്‍ നമ്പരുകളും സി.സി.ടി.വി. ദൃശ്യങ്ങളും അതത് സമയത്ത് ഗ്രൂപ്പില്‍ പങ്കുവെച്ചത് അന്വേഷണ വേഗത കൂട്ടി. കൊലനടന്നതിന്റെ പിറ്റേന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ പാലക്കാട് കണ്ടെത്തിയ കാറാണ് ആദ്യസൂചന നല്‍കിയത്. സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് പ്രതി ടൗണ്‍ റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തേക്ക് പോയതായി മനസിലാക്കി. മുറിയില്‍നിന്ന് രക്ഷപ്പെട്ട സമയത്തെ വേഷവിധാനങ്ങള്‍ മാറ്റിയും മീശവടിച്ചും രൂപമാറ്റം വരുത്തി പ്രതി റെയില്‍വെസ്റ്റേഷനിലെത്തിയതായി അന്വേഷണസംഘം കണ്ടെത്തി. പക്ഷേ, എവിടേക്കാണ് പോയതെന്ന് തിരിച്ചറിയാന്‍ സാധിച്ചില്ല.

ബെംഗളൂരുവില്‍ ഹോട്ടലിൽ മുറിയെടുത്ത് യുട്യൂബില്‍ ടി.വി. വാര്‍ത്തകള്‍ കണ്ട് അന്വേഷണസംഘത്തിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ച സനൂഫ് തന്റെ ഫോട്ടോ പതിച്ച ലുക്ക്ഔട്ട് നോട്ടീസിനെക്കുറിച്ച് മനസിലാക്കുകയും നോഷ്യല്‍ മീഡിയയിലൂടെ ഇത് കണ്ട ആരെങ്കിലും തന്നെ തിരിച്ചറിയുമെന്ന് ഭയന്ന് തമിഴ്‌നാട്ടിലേക്ക് കടക്കുകയുമായിരുന്നു. ദക്ഷിണ കന്നഡ സ്വദേശിയായ ചൗഢ ഗൗഢ എന്നയാളുടെ സിം സംഘടിപ്പിച്ച് വിളിച്ച് തമിഴ്‌നാട്ടിലേക്ക് നീങ്ങിയ പ്രതി, ചെന്നൈ ആവഡിയിലെ ഹോട്ടലുമായി ബന്ധപ്പെട്ടത് പോലീസ് കണ്ടെത്തി.

ഗൂഗിള്‍ വഴി ഹോട്ടലിനെക്കുറിച്ച് സകലവിവരവും ശേഖരിച്ച പോലീസ് സംഘം ഹോട്ടല്‍ വളഞ്ഞപ്പോള്‍ സനൂഫ് മുറിയിലെ ടി.വിയില്‍ യൂട്യൂബില്‍ ക്രൈം വാര്‍ത്തകള്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. പ്രതിക്ക് രക്ഷപ്പെടാന്‍ പഴുതുപോലും നല്‍കാതെ ഓപറേഷന്‍ നവംബര്‍ ചെന്നൈ ആവഡിയിലെ ലോഡ്ജില്‍ അവസാനിക്കുകയായിരുന്നു. തുടർന്ന് സനൂഫ് താൻ ചെയ്ത കുറ്റമെല്ലാം പോലീസിനോട് ഏറ്റുപറഞ്ഞു.

തനിക്കെതിരെ ഫസീല ഒറ്റപ്പാലത്ത് ബലാത്സംഗ കേസ് നല്‍കിയതും രണ്ടരമാസം റിമാന്‍ഡിലായതുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കേസ് പറഞ്ഞുതീര്‍ത്ത് കരാര്‍ എഴുതണമെന്ന് പറഞ്ഞാണ് സനൂഫ് യുവതിയെ മുറിയിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് യുവതിയുമായി ഇക്കാര്യത്തില്‍ വാക്കേറ്റം നടക്കുകയും കഴുത്തില്‍ അമര്‍ത്തി ശ്വാസംമുട്ടിച്ച് കൊല്ലുകയുമായിരുന്നു.

നടക്കാവ് ഇന്‍സ്‌പെക്ടര്‍ എന്‍. പ്രജീഷ് എസ്.ഐമാരായ ബിനുമോഹന്‍, ലീല, സാബു, രമേശന്‍, ബാബു മമ്പാട്ടില്‍, എ.എസ്.ഐ. നിഷ, വനിതാ സി.പി.ഒ. സോമിനി എന്നിവര്‍ക്ക് പുറമെ എസ്.സി.പി.ഒമാരായ സജിഷ്, ശ്രീരാഗ്, റിജേഷ്, സിറ്റി സ്‌ക്വാഡിലെ ഷാലു, സുജിത്ത്, ജിനീഷ്, പ്രശാന്ത്കുമാര്‍, ഹാദില്‍ കുന്നുമ്മല്‍, രാഗേഷ്, ഷാഫി എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker