KeralaNews

കേരള മെഡിക്കല്‍ ടെക്‌നോളജി കണ്‍സോര്‍ഷ്യം രൂപീകരിക്കും: മുഖ്യമന്ത്രി,എന്റെ കേരളം മെഗാ പ്രദർശന മേളയ്ക്ക് തുടക്കം

കൊച്ചി:നാടിന്റെ സമഗ്ര അഭിവൃദ്ധി ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം മറൈന്‍ ഡ്രൈവില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

25 വര്‍ഷത്തിനകം കേരളത്തെ ലോകത്തെ വികസിത രാജ്യങ്ങള്‍ക്കൊപ്പം എത്തിക്കാന്‍ കഴിയുക എന്ന ലക്ഷ്യത്തിനുതകുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. നവകേരളം സാധ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി സമസ്ത മേഖലകളിലും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നു.

കാര്‍ബണ്‍ ന്യൂട്രലിന്റെ ഭാഗമായി കൊച്ചിയിലും തിരുവനന്തപുരത്തും 200 കോടി രൂപ ചെലവില്‍ ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബുകള്‍ സ്ഥാപിക്കും. ആരോഗ്യരംഗത്ത് അവയവ മാറ്റ ശസ്ത്രക്രിയയ്ക്കായി കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. മെഡിക്കല്‍ ഉപകരണങ്ങളുടെ ഉത്പാദനം, മെഡിക്കല്‍ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഗവേഷണം എന്നിവയുടെ കേന്ദ്രമായി കേരളത്തെ മാറ്റും. ഇതിനായി കേരള മെഡിക്കല്‍ ടെക്‌നോളജി കണ്‍സോര്‍ഷ്യം രൂപീകരിക്കും.

ബേക്കല്‍ മുതല്‍ കോവളം വരെയുളള ജലപാത ടൂറിസം രംഗത്തും വലിയ സാധ്യതകള്‍ നല്‍കും. ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിന് ഭൂമി ഏറ്റെടുക്കാന്‍ 300 കോടി രൂപ നീക്കിവച്ചു. ഇടുക്കി, വയനാട് , കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ എയര്‍ സ്ട്രിപ്പുകള്‍ സ്ഥാപിക്കും. ഓരോ എയര്‍ സ്ട്രിപ്പിനും 125 കോടി ചെലവ് പ്രതീക്ഷിക്കുന്നു. കോവളം, ആലപ്പുഴ, കുമരകം, കുട്ടനാട്, ബേപ്പൂര്‍, ബേക്കല്‍, കൊച്ചി തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളെ ലോകോത്തര ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റും. മൂന്നു വര്‍ഷത്തിനകം ഇത് യാഥാര്‍ഥ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. നികുതി വിഹിതം വെട്ടിക്കുറയ്ക്കുകയും വായ്പയെടുക്കുന്നതിന് വലിയ തോതില്‍ നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്യുന്നു. വികസനപ്രവര്‍ത്തനങ്ങള്‍ക്കുളള പണം സമാഹരിക്കാന്‍ രൂപീകരിച്ച കിഫ്ബിയെയും തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.

കേരളത്തില്‍ 2016 മുതല്‍ 21 വരെ 62000 കോടി രൂപയുടെ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. കിഫ്ബി വഴിയാണ് ഇതിനുളള തുക കണ്ടെത്തിയത്. 2021 മുതലുള്ള കാലഘട്ടത്തില്‍ 60000 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. ഇതില്‍ 18000 കോടി രൂപയുടെ പദ്ധതികള്‍ ആരംഭിച്ചു. എന്നാല്‍ കിഫ്ബിയെ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത്.

കേരളത്തിലെ ദേശീയപാതാ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ 5500 കോടി രൂപ നല്‍കിയിട്ടുണ്ട്. ദേശീയ പാതയ്ക്കായി ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം തുക 25% സംസ്ഥാന സര്‍ക്കാര്‍ നല്‍കി. കിഫ്ബി പണം ഉപയോഗിച്ചാണ് ഈ തുക നല്‍കിയത്. 6500 കോടി രൂപ ചെലവില്‍ തീരദേശ ഹൈവേ പദ്ധതി കിഫ്ബി വഴി നടന്നു വരുന്നു. 3500 കോടി രൂപ ചെലവില്‍ മലയോര ഹൈവേ പദ്ധതിയും പുരോഗമിക്കുന്നു.

അതിവേഗ നഗരവത്കരണ കാലത്ത് നഗരങ്ങളുടെ പുനരുജ്ജീവനത്തിനും സൗന്ദര്യവത്കരണത്തിനുമായി 300 കോടി രൂപ നീക്കിവെച്ചു. നാല് സയന്‍സ് പാര്‍ക്കിനായി ആയിരം കോടി രൂപ മാറ്റിവെച്ചു. പുതിയ ഐടി പാര്‍ക്കുകള്‍, ഐടി ഇടനാഴി എന്നിവയും കേരളത്തില്‍ കൊണ്ടുവരും.

ദേശീയപാതാ വികസനത്തിനായി ഇതുവരെ 5519 കോടി രൂപയാണ് കൈമാറിയത്. വികസനപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ക്ഷേമപ്രവര്‍ത്തനങ്ങളും നടക്കുന്നു. 63 ലക്ഷം പേര്‍ക്ക് ക്ഷേമ പെന്‍ഷന്‍ 1600 രൂപ നല്‍കുന്നു. 2016 മുതല്‍ കൃത്യമായി ക്ഷേമപെന്‍ഷന്‍ നല്‍കുന്നു.

ആരും പട്ടിണി കിടക്കരുത് എന്ന ധാരണയോടെ ആരംഭിച്ച ജനകീയ ഹോട്ടലുകള്‍ കൃത്യമായി പ്രവര്‍ത്തിക്കും. ലൈഫ് പദ്ധതി വഴി 3.25 ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചു. കൂടുതല്‍ ഭവന സമുച്ചയങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. മത്സ്യത്തൊഴിലാളികള്‍ക്കായി പുനര്‍ഗേഹം പദ്ധതിയും മികച്ച രീതിയില്‍ നടക്കുന്നു. 2016 മുതല്‍ 231000 ത്തിലധികം പേര്‍ക്ക് പട്ടയങ്ങള്‍ വിതരണം ചെയ്തു. രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കൂടുതല്‍ പേര്‍ക്ക് പട്ടയവിതരണം നടത്തും.

കര്‍ഷക അനുകൂല നടപടികളുടെ ഭാഗമായി രാജ്യത്ത് തന്നെ ആദ്യമായി 16 ഇനം പഴം പച്ചക്കറികള്‍ക്ക് താങ്ങുവില പ്രഖ്യാപിച്ചു.

900 സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭിക്കും. താമസിയാതെ കൂടുതല്‍ സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാകും. വാതില്‍പ്പടി സേവനവും ലഭ്യമാക്കുന്നു. ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി കെ ഫോണ്‍ പദ്ധതി ഉടന്‍ യാഥാര്‍ഥ്യമാകും. ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാത്ത സമൂഹമായി കേരളം മാറും. 2016 ജൂണ്‍ മുതല്‍ ഇതുവരെ 203000 പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി നിയമന ശുപാര്‍ശകള്‍ നല്‍കി. യുപിഎസ്‌സി യേക്കാള്‍ കൂടുതലാണിത്. 30,000 അധിക തസ്തികകളും സൃഷ്ടിച്ചു.

രാജ്യത്താകെ 25% പേര്‍ ദാരിദ്ര്യമനുഭവിക്കുമ്പോള്‍ കേരളത്തില്‍ ദാരിദ്രമനുഭവിക്കുന്നവര്‍ 0.7% ആണ്. ഇവരയെും ചേര്‍ത്തുപിടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇവരെ ദരിദ്രാവസ്ഥയില്‍ നിന്ന് കരകയറ്റാനായി നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.രാധാകൃഷ്ണന്‍, പി. പ്രസാദ്, റോഷി അഗസ്റ്റിന്‍, അഹമ്മദ് ദേവര്‍കോവില്‍ , ആന്റണി രാജു , കൊച്ചി മേയര്‍ അഡ്വ.എം.അനില്‍ കുമാര്‍ , എം.എല്‍.എ.മാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.പി.മോഹനന്‍ , കെ.ജെ. മാക്‌സി, ആന്റണി ജോണ്‍, കെ.എന്‍. ഉണ്ണികൃഷ്ണന്‍, പി.വി.ശ്രീനിജിന്‍, ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ്, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുനീത് കുമാര്‍, ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍ വകുപ്പ് ഡയറക്ടര്‍ ടി.വി. സുഭാഷ്, തുടങ്ങിയവര്‍ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker