ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് 190 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 246നെതിരെ ഇന്ത്യ 436 റണ്‍സിന് പുറത്തായി. 87 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. കെ എല്‍ രാഹുല്‍ (86), യഷസ്വി ജെയ്‌സ്വാള്‍ (80) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി ജോ റൂട്ട് നാല് വിക്കറ്റെടുത്തു. റെഹാന്‍ അഹമ്മദ്, ടോം ഹാര്‍ട്‌ലി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് മൂന്നാംദിനം ലഞ്ചിന് പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സെടുത്തിരുന്നു.എന്നാല്‍ ലഞ്ചിനുശേഷം കൂട്ടത്തകര്‍ച്ചയായിരുന്നു. ഇന്ത്യയ്‌ക്കെതിരേ സെഞ്ചുറിയുമായി ഒലി പോപ്പ് ഇംഗ്ലണ്ടിന്റെ രക്ഷകനായി. 125 റണ്‍സുമായി പോപ്പ് ക്രീസിലുണ്ട്. റെഹാന്‍ അഹമ്മദാണ് പോപ്പിനൊപ്പം ക്രീസില്‍.
രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് നിലവില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 275 റണ്‍സെന്ന നിലയിലാണ്. ഇംഗ്ലണ്ടിനിപ്പോള്‍ 85 റണ്‍സിന്റെ ലീഡായി.
ഓപ്പണര്‍ സാക് ക്രൗളിയുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് രണ്ടാം ഇന്നിങ്‌സില്‍ ആദ്യം നഷ്ടമായത്. 31 റണ്‍സെടുത്ത താരത്തെ അശ്വിന്‍ രോഹിത്തിന്‌റെ കൈയിലെത്തിച്ചു. നിലയുറപ്പിച്ച ബെന്‍ ഡക്കറ്റിന്റെ ഊഴമായിരുന്നു അടുത്തത്. ഒലി പോപ്പിനൊപ്പം 68 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിന് പിന്നാലെ ബുംറ ഡക്കറ്റിന്റെ കുറ്റി തെറിപ്പിച്ചു. 52 പന്തില്‍ നിന്ന് 47 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. പിന്നാലെ നിലയുറപ്പിക്കും മുമ്പ് ജോ റൂട്ടിനെ (2) മടക്കി ബുംറയും ജോണി ബെയര്‍സ്‌റ്റോയെ (10) പുറത്താക്കി ജഡേജയും ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സിനെ (6) മടക്കി അശ്വിനും ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി.
എന്നാല്‍ ആറാം വിക്കറ്റില്‍ ഒന്നിച്ച ഒലി പോപ്പ് – ഫോക്‌സ് സഖ്യം 112 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 81 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത ഫോക്‌സിനെ മടക്കി അക്ഷര്‍ പട്ടേലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
രണ്ടാംദിനം കളിനിര്‍ത്തുമ്പോള്‍ ഏഴിന് 421 എന്ന നിലയിലായിരുന്നു ഇന്ത്യ. ഇന്ന് 15 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. തലേ ദിവസത്തെ സ്‌കോറിനോട് ആറ് റണ്‍സ് മാത്രം ചേര്‍ത്ത് ജഡേജയാണ് ആദ്യം മടങ്ങിയത്. റൂട്ടിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. രണ്ട് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ജഡേജയുടെ ഇന്നിംഗ്‌സ്. തൊട്ടടുത്ത പന്തില്‍ ജസ്പ്രിത് ബുമ്ര (0) ബൗള്‍ഡായി. അടുത്ത ഓവറില്‍ അക്‌സര്‍ പട്ടേലിനെ (44) റെഹാന്‍ ബൗള്‍ഡാക്കുകയും ചെയ്തു. മുഹമ്മദ് സിറാജ് (0) പുറത്താവാതെ നിന്നു.
രണ്ടാം ദിനം ആദ്യ ഓവറില്‍ തന്നെ ഇന്ത്യയെ ഞെട്ടിച്ചാണ് ഇംഗ്ലണ്ട് തുടങ്ങിയത്. ആദ്യ ഓവര്‍ എറിയാനെത്തിയ ജോ റൂട്ടിനെതിരെ യശസ്വി ജയ്സ്വാള്‍ ബൗണ്ടറി നേടിയെങ്കിലും ആ ഓവറില്‍ തന്നെ യശസ്വിയെ സ്വന്തം ബൗളിംഗില്‍ കൈപ്പിടിയിലൊതുക്കി റൂട്ട് ഇന്ത്യയെ ഞെട്ടിച്ചു. 74 പന്തില്‍ 80 റണ്‍സെടുത്ത് യശസ്വി മടങ്ങിയത്. 10 ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതാണ് യശസ്വിയുടെ ഇന്നിംഗ്‌സ്.
പിന്നാലെ നാലാം നമ്പറില്‍ കെ എല്‍ രാഹുല്‍ ആണ് ക്രീസിലെത്തിയത്. തുടക്കം മുതല്‍ രാഹുല്‍ താളം കണ്ടെത്തിയപ്പോള്‍ അമിത പ്രതിരോധത്തിലേക്ക് പോയ ശുഭ്മാന്‍ ഗില്ലിന് പിടിച്ചു നില്‍ക്കാനായില്ല. ഇന്നലെ 14 റണ്‍സെടുത്തിരുന്ന ഗില്‍ ഇന്ന് ഒമ്പത് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് 23 റണ്‍സുമായി മടങ്ങി. 66 പന്തുകള്‍ നേരിട്ട ഗില്‍ രണ്ട് ബൗണ്ടറികള്‍ മാത്രമാണ് നേടിയത്.
ഗില്‍ മടങ്ങിയശേഷം ക്രീസിലെത്തിയ ശ്രേയസ് അയ്യര്‍ക്കെതിരെ ഷോര്‍ട്ട് ബോള്‍ തന്ത്രം ഇംഗ്ലണ്ട് പരീക്ഷിച്ചെങ്കിലും അത് അതിജീവിച്ച ശ്രേയസ് രാഹുലിനൊപ്പം 64 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇന്ത്യയെ ഇംഗ്ലണ്ട് സ്‌കോറിന് അടുത്തെത്തിച്ചു. ലഞ്ചിന് പിന്നാലെ സിക്‌സ് അടിക്കാനുള്ള ആവേശത്തില്‍ ശ്രേയസ്(35) മടങ്ങിയെങ്കിലും ജഡേജയും രാഹുലും ചേര്‍ന്ന് ഇന്ത്യയെ ലീഡിലേക്ക് നയിച്ചു. സെഞ്ചുറിയിലേക്കെന്ന് തോന്നിച്ച രാഹുല്‍ റെഹാന്‍ അഹമ്മദിനെ സിക്‌സ് അടിക്കാനുള്ള ആവേശത്തില്‍ 86 റണ്‍സില്‍ വീണു. എട്ട് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതാണ് രാഹുലിന്റെ ഇന്നിംഗ്‌സ്.
രാഹുല്‍ മടങ്ങിയശേഷം ശ്രീകര്‍ ഭരതുമൊത്ത് മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ജഡേജ ഇന്ത്യയുടെ ലീഡ് 100 കടത്തി. 41 റണ്‍സെടുത്ത ഭരത്തിനെ റൂട്ട് വിക്കറ്റിന് മുന്നില്‍ കുടുക്കിയതിന് പിന്നാലെ അശ്വിന്‍(1) റണ്ണൗട്ടായി. എന്നാല്‍ അക്‌സര്‍ പട്ടേലുമൊത്ത് വീണ്ടുമൊരു കൂട്ടുകെട്ടിലൂട ജഡേജ ഇന്ത്യക്ക് മികച്ച ലീഡ് ഉറപ്പാക്കി.
ഇന്നലെ ഒന്നാം ദിനം ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് 246 റണ്‍സില്‍ അവസാനിച്ചിരുന്നു.ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് നല്ല തുടക്കത്തിനുശേഷമാണ് തകര്‍ന്നടിഞ്ഞത്. ഇന്ത്യയുടെ സ്പിന്‍ ത്രയമായ അശ്വിനും ജഡേജക്കും അക്‌സര്‍ പട്ടേലിനും മുന്നില്‍ ബാസ്‌ബോള്‍ ശൈലിയില്‍ ബാറ്റ് വീശാന്‍ ശ്രമിച്ച ഇംഗ്ലണ്ട് അടിതെറ്റി വീഴുകയായിരുന്നു. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് വാലറ്റക്കാരെ കൂട്ടുപിടിച്ച് നടത്തിയ ചെറുത്തുനില്‍പ്പാണ് 155-7ല്‍ നിന്ന് ഇംഗ്ലണ്ടിനെ 246ല്‍ എത്തിച്ചത്.