ജയ്പൂര്‍: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ ആവേശപ്പോരാട്ടത്തിനിറങ്ങും മുമ്പ് ഔദ്യോഗികമായി പേര് മാറ്റം പ്രഖ്യാപിച്ച് രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലർ. ജോസ് ബട്‌ലർക്ക് പകരം ഇനി മുതല്‍ താൻ ജോഷ് ബട്‌ലർ എന്നായിരിക്കും അറിയപ്പെടുകയെന്ന് ബട്‌ലർ അറിയിച്ചു.
30 വർഷമായി തന്‍റെ ജീവിത്തില്‍ തുടർന്നു വരുന്നൊരു തെറ്റിന് ഒടുവില്‍ താന്‍ ഔദ്യോഗിക അംഗീകാരം നല്‍കുകയാണെന്ന് പ്രഖ്യാപിച്ചാണ് ബട്‌ലർ ഔദ്യോഗികമായി പേര് മാറ്റം പ്രഖ്യാപിച്ചത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്‍റെ സോഷ്യല്‍ മീഡിയയിലൂടെയാണ് ബട്‌ലർ നിര്‍ണായക പ്രഖ്യാപനം നടത്തിയത്.
പ്രിയപ്പെട്ടവരെ ഞാന്‍ ഇംഗ്ലണ്ടിന്‍റെ വൈറ്റ് ബോള്‍ ക്യാപ്റ്റൻ നിങ്ങളുടെ സ്വന്തം ജോസ് ബട്‌ലർ.എൻ്റെ ജീവിതകാലം മുഴുവൻ എന്നെ തെറ്റായ പേരാണ് ആളുകള്‍ വിളിച്ചത്, തെരുവിലെ ആളുകൾ മുതല്‍ എൻ്റെ അമ്മ വരെ, എൻ്റെ ജന്മദിന കാർഡിൽ. പ്രിയപ്പെട്ട ജോഷ്, നിനക്ക് വയസാവുന്നു, ജന്മദിനാശംസകൾ. ഒരുപാട് സ്നേഹം എന്നാണ് ആളുകള്‍ കുറിച്ചത്.
അങ്ങനെ, 13 വർഷത്തിന് ശേഷം എൻറെ രാജ്യത്തിനായി രണ്ട് ലോകകപ്പ് വിജയങ്ങൾ നേടിയശേഷം, ഞാനാ പ്രശ്നത്തിന് പരിഹാരം കാണുകയാാണ്. ഞാൻ ഇനി മുതല്‍ ഔദ്യോഗികമായും ജോഷ് ബട്‌ലറാണ്- ബട്‌ലർ പറഞ്ഞു. ഔദ്യോഗികമായി പേര് മാറിയശേഷം മുംബൈ ഇന്ത്യന്‍സിനെതിരെ ആണ് ബട്‌ലര്‍ ആദ്യ മത്സരം കളിക്കുക.