ഹൈദരാബാദ്: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 246 റണ്‍സിന് പുറത്ത്. ഹൈദരാബാദിലെ സ്പിന്‍ പിച്ചില്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ രവീന്ദ്ര ജഡേജയും ആര്‍. അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ അക്ഷര്‍ പട്ടേലും ജസ്പ്രീത് ബുംറയും ചേര്‍ന്നാണ് ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ നിരയെ എറിഞ്ഞിട്ടത്.
88 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ആറ് ഫോറുമടക്കം 70 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സാണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്‌കോറര്‍.
ഭേദപ്പെട്ട തുടക്കത്തിനു ശേഷമാണ് ഇംഗ്ലണ്ട് പതറിയത്. ഓപ്പണിങ് വിക്കറ്റില്‍ സാക് ക്രൗളി – ബെന്‍ ഡക്കറ്റ് സഖ്യം 55റണ്‍സ് ചേര്‍ത്തു. 35 റണ്‍സെടുത്ത ഡക്കറ്റിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി അശ്വിനാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ ഒലി പോപ്പിനെ (1) ജഡേജ മടക്കി. തൊട്ടടുത്ത ഓവറില്‍ ക്രൗളിയും (20) അശ്വിന് മുന്നില്‍ വീണു. എന്നാല്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച ജോ റൂട്ട് – ജോണി ബെയര്‍സ്‌റ്റോ സഖ്യം 61 റണ്‍സ് ചേര്‍ത്ത് സ്‌കോര്‍ 100 കടത്തി. 37 റണ്‍സെടുത്ത ബെയര്‍സ്‌റ്റോയുടെ കുറ്റി പിഴുത് അക്ഷര്‍ പട്ടേല്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ റൂട്ട് (29) ജഡേജയുടെ പന്തില്‍ വീണു. വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്ക്‌സിനെയും (4) നിലയുറപ്പിക്കും മുമ്പ് അക്ഷര്‍ പുറത്താക്കി.
ആറിന് 137 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ഇംഗ്ലണ്ടിനെ വാലറ്റത്തെ കൂട്ടുപിടിച്ച് 246-ല്‍ എത്തിച്ചത് സ്റ്റോക്ക്‌സിന്റെ ഇന്നിങ്‌സാണ്. 23 റണ്‍സെടുത്ത ടോം ഹാര്‍ട്ട്‌ലി ക്യാപ്റ്റന് പിന്തുണ നല്‍കി. സ്റ്റോക്ക്‌സിന്റെ കുറ്റിതെറിപ്പിച്ച് ജസ്പ്രീത് ബുംറ ഇംഗ്ലണ്ട് ഇന്നിങ്‌സ് അവസാനിപ്പിച്ചു.
രെഹാന്‍ അഹമ്മദ് (13), മാര്‍ക്ക് വുഡ് (11) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.