ചെന്നൈ: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നാരോപിച്ച് തമിഴ്നാട്ടിൽ എൻജിനീയറിങ് വിദ്യാർഥിയെ ഇന്റലിജന്റ്സ് ബ്യൂറോ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ തിരുപ്പത്തൂർ അമ്പൂരിൽ നിന്നുള്ള വിദ്യാർതി മീർ അനസ് അലി എന്ന 22കാരനെയാണ് അറസ്റ്റ് ചെയ്തത്. വിദ്യാർഥി ഐഎസുമായി ഓൺലൈൻ മുഖേന ബന്ധപ്പെടുന്നുണ്ടെന്ന് വ്യക്തമായതിനെ തുടർന്നാണ് അറസ്റ്റെന്നും ഐബി അറിയിച്ചു. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. റാണിപ്പേട്ടയിലെ മേൽവിഷാരത്തെ സ്വകാര്യ കോളേജിൽ എൻജിനീയറിങ് (മെക്കാനിക്കൽ) മൂന്നാം വർഷ വിദ്യാർത്ഥിയാണ് മീർ അനസ് അലി.
അനസിന്റെ ഓൺലൈൻ ഇടപെടലുകൾ സംശയം ജനിപ്പിച്ചതിനെ തുടർന്നാണ് ഇന്റലിജൻസ് ബ്യൂറോ നിരീക്ഷിക്കാൻ തുടങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച പുലർച്ചെ നാലിനാണ് വിദ്യാർഥിയെ വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്. 35 കിലോമീറ്റർ അകലെ വെല്ലൂരിലെ ആനക്കട്ട് പൊലീസ് സ്റ്റേഷനിലേക്കാണ് ഇയാളെ കൊണ്ടുവന്നത്. രാവിലെ തുടങ്ങിയ ചോദ്യം ചെയ്യൽ മണിക്കൂറുകളോളം നീണ്ടു. അനസിന് ഐഎസുമായി ബന്ധമുണ്ടെന്നും ടെലിഗ്രാം, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് സംഘടനയുമായി ആശയവിനിമയം നടത്തിയിരുന്നതായും പൊലീസ് പറഞ്ഞു.
അമുസ്‌ലിംകളിൽ ഭയം വളർത്താനും പ്രമുഖനെ കൊലപ്പെടുത്താനും തീവ്രവാദ ആക്രമണങ്ങൾ നടത്താനും സംഘടനയുമായി ചേർന്ന് ഗൂഢാലോചന നടത്തിയതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ശനിയാഴ്ച അർദ്ധരാത്രിയോടെ വിദ്യാർഥിയെ വെല്ലൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി.