എംപുരാനിലെ ‘ഗുജറാത്ത് വംശഹത്യ’ രാഷ്ട്രീയം കത്തുന്നു,ഡിഗ്രേഡിങ്ങുമായി സംഘപരിവാർ അനുകൂലിച്ച് മറുപക്ഷം; സൈബർപ്പോര്

കൊച്ചി: റിലീസുചെയ്ത ദിവസം ‘എംപുരാനെ’ച്ചൊല്ലി ഇടത്-സംഘപരിവാർ അനുകൂലികൾതമ്മിൽ സൈബർപ്പോര്. സിനിമയുടെ രാഷ്ട്രീയത്തെ അഭിനന്ദിക്കുന്നകുറിപ്പുമായി മുൻമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ മകനും നടനുമായ ബിനീഷ് കോടിയേരിയാണ് ആദ്യം സാമൂഹികമാധ്യമങ്ങളിൽ വിവാദത്തിന് തിരികൊളുത്തിയത്.
തൊട്ടുപിന്നാലെ സംഘപരിവാർ അനുകൂലികൾ ചിത്രത്തിനെതിരേ രൂക്ഷ ആക്രമണംതുടങ്ങി. നേതാക്കളെ അപാനിക്കുന്നെന്നും വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് അതിലുള്ളതെന്നുമാണ് അവരുടെ ആരോപണം. ചിത്രത്തിന്റെ ബുക്കുചെയ്ത ടിക്കറ്റുകൾ റദ്ദാക്കിയതിന്റെ സ്ക്രീൻഷോട്ടുകൾസഹിതമായിരുന്നു പലരുടെയും രോഷപ്രകടനം.
ചിത്രം ഇഷ്ടമുള്ളവർക്ക് കാണാം അല്ലാത്തവർക്ക് കാണാതിരിക്കാം എന്നായിരുന്നു ബിജെപി സംസ്ഥാനസെക്രട്ടറി എം.ടി. രമേശിന്റെ പ്രതികരണം. സിനിമയെ സിനിമയായിക്കാണണമെന്നും അതിനുള്ള സാമാന്യബുദ്ധി കേരളത്തിലുള്ളവർക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘എംപുരാൻ’ കാണണമല്ലോ എന്നായിരുന്നു മുൻ ബിജെപി നേതാവും ഇപ്പോൾ കോൺഗ്രസിന്റെ സൈബർമുഖവുമായ സന്ദീപ് വാരിയരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ‘കാണേണ്ടതാണ്’ എന്ന് കണ്ണൂർ ജില്ലാപഞ്ചായത്ത് മുൻപ്രസിഡന്റ് പി.പി. ദിവ്യയും കുറിപ്പിട്ടു.
വ്യാഴാഴ്ച ബിജെപി സംസ്ഥാനാധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സാമൂഹികമാധ്യമത്തിലൂടെ ചിത്രത്തിന് ആശംസനേർന്നിരുന്നു. ‘വരുംദിനങ്ങളിൽ ഞാനും എംപുരാൻ കാണുന്നുണ്ട്’ എന്നായിരുന്നു അദ്ദേഹം മോഹൻലാലിനൊപ്പമുള്ള ചിത്രത്തിനൊപ്പം കുറിച്ചത്. എന്നാൽ, വിവാദമുയർന്നതോടെ ഇതിനുകീഴിൽ സിപിഎം അനുകൂലികൾ പരിഹാസകമന്റുകളിടുന്നുണ്ട്.
അതേസമയം, റിലീസിന് തൊട്ടുപിന്നാലെ എംപുരാന്റെ വ്യാജപ്പതിപ്പ് സാമൂഹികമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു.