അമ്മയെക്കാൾ വെറും 2 വയസിന് ഇളയ മകൾ ; ചരിത്രം തിരുത്തിക്കുറിച്ച് കുഞ്ഞ് മോളിയുടെ ജനനം
ലോസ്ആഞ്ചലസ് :ഒരു മാസം പോലും പ്രായമായിട്ടില്ലാത്ത മോളി എവറെറ്റ് ഗിബ്സൺ എന്ന കുഞ്ഞ് അമ്മയെക്കാൾ വെറും 2 വയസിന് മാത്രം ഇളയതാണ് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുന്നില്ല അല്ലെ. എന്നാൽ സംഗതി സത്യമാണ്.ഒക്ടോബർ 26നാണ് ടിന – ബെൻ ഗിബ്സൺ ദമ്പതികളുടെ മകളായി മോളി ജനിച്ചത്. എന്നാൽ. കഴിഞ്ഞ 27 വർഷമായി ശീതികരിച്ച് സൂക്ഷിച്ചിരുന്ന ഭ്രൂണത്തെ കഴിഞ്ഞ ഫെബ്രുവരി 10നാണ് ടിനയുടെ ഗർഭപാത്രത്തിലേക്ക് നിക്ഷേപിച്ചത്.
ചരിത്രത്തിലാദ്യമായാണ് ഇത്രയും കാലം സൂക്ഷിച്ച ഭ്രൂണത്തിൽ നിന്നും ഒരു കുഞ്ഞ് പിറക്കുന്നതെന്ന് യൂണിവേഴ്സിറ്റി ഒഫ് ടെന്നസീ പ്രിസ്റ്റൺ മെഡിക്കൽ ലൈബ്രറി അധികൃതർ പറയുന്നു. അതേസമയം ഇതിന് മുമ്പ് ഈ റെക്കോർഡ് കരസ്ഥമാക്കിയത് മോളിയുടെ മൂത്ത സഹോദരിയായ എമ്മ വ്രെൻ ഗിബ്സൺ ആണ്. ടിന – ബെൻ ഗിബ്സൺ ദമ്പതികളുടെ ആദ്യത്തെ കുഞ്ഞായ എമ്മയുടെ ജനനവും ശീതീകരിച്ച് സൂക്ഷിച്ചിരുന്ന ഭ്രൂണത്തിൽ നിന്നാണ്.
2017ലാണ് എമ്മ ജനിച്ചത്. 1992 ഒക്ടോബർ മുതൽ സൂക്ഷിച്ചിരുന്ന ഭ്രൂണത്തിൽ നിന്നാണ് എമ്മയുടെ ജനനം. അതായത് 25 വർഷം ശീതീകരിച്ച ഭ്രൂണാവസ്ഥയിൽ നിന്നാണ് എമ്മ 2017ൽ ജനിച്ചത്. ശീതീകരിച്ച് സൂക്ഷിച്ചിരുന്ന ഈ രണ്ട് ഭ്രൂണങ്ങളും ജനിതകപരമായി സഹോദരങ്ങൾ ആണ്. 25 വർഷങ്ങൾക്ക് ശേഷം ജനിച്ചപ്പോൾ മോളിയ്ക്ക് 27 വർഷം കാത്തിരിക്കേണ്ടി വന്നു.മോളിയുടെയും എമ്മയുടെയും അമ്മയായ ടിനയുടെ പ്രായം ഇപ്പോൾ 29 ആണ്. 1991 ഏപ്രിലിലാണ് ടിന ജനിച്ചത്. അതേ സമയം, 1992 ഒക്ടോബറിൽ ശീതീകരിച്ച ഭ്രൂണത്തിൽ നിന്നാണ് ഇപ്പോൾ മോളി ജനിച്ചിരിക്കുന്നത്. അതായത് ഒരർത്ഥത്തിൽ, അമ്മയായ ടിനയെക്കാൾ വെറും 2 വയസിന് ഇളയതാണ് മോളി.
വിവാഹം കഴിഞ്ഞ് 7 വർഷങ്ങൾ കഴിഞ്ഞിട്ടും കുഞ്ഞുങ്ങളുണ്ടാകാതെ വന്നതോടെ ടിന – ബെൻ ഗിബ്സൺ ദമ്പതികൾ എംബ്രിയോ അഡോപ്റ്റേഷൻ എന്ന നൂതന ചികിത്സാ രീതിയെ ആശ്രയിക്കുന്നത്. തുടർന്നാണ് ദമ്പതികൾക്ക് എമ്മയും മോളിയും ജനിച്ചത്.