ന്യൂയോർക്ക്: ഫോബ്സ്-22ലെ അതിസമ്പന്നരുടെ പട്ടികയിൽ ഒന്നാമത് ടെസ്‌ല മേധാവി എലോൺ മസ്ക്. 219 ബില്യൻ ഡോളർ ആസ്തിയുമായാണ് മസ്ക് ഒന്നാമതെത്തിയത്. നേരത്തെ ഒന്നാം സ്ഥാനത്തായിരുന്ന ആമസോണ്‍ സിഇഒ ജെഫ് ബെസോസിനെ പിന്തള്ളിയാണ് മസ്ക് ഒന്നാം സ്ഥാനത്തെത്തിയത്.
അതേസമയം ജെഫ് ബെസോസ് രണ്ടാമതെത്തി. 171 ബില്യൻ ഡോളറാണ് ജെഫിന്റെ സമ്പാദ്യം.158 ബില്യൻ ഡോളറുമായി ഫ്രഞ്ച് ഫാഷൻ രംഗത്തെ പ്രധാനികളായ ബെർനാഡ് അർനോൾട്ട് ആണ് മൂന്നാമത്. 129 ബില്യൻ ഡോളറുമായി മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സ് നാലാമതാണ്. വാറൻ ബഫറ്റ് 118 ബില്യൻ ഡോളറുമായി അഞ്ചാം സ്ഥാനവും കരസ്ഥമാക്കി.
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് ആഗോള തലത്തിൽ ആദ്യ പത്തിലുള്ള ഇന്ത്യാക്കാരൻ. 90.7 ബില്യൻ ആസ്തിയോടെയാണ് അംബാനി പട്ടികയിൽ ഇടം പിടിച്ചത്. പതിനൊന്നാം സ്ഥാനത്ത് അദാനി ഗ്രൂപ്പിന്റെ ഗൗതം അദാനിയാണ്. 90 ബില്യൻ ഡോളറാണ് അദാനിയുടെ ആസ്തി. 28.7 ബില്യൻ ഡോളർ- എച്ച്സിഎൽ ഉടമ ശിവ് നാടാർ, 24.3 ബില്യൻ ഡോളർ- സിറം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകൻ സൈറസ് പൂനാവാല, 20 ബില്യൻ ഡോളർ- രാധാകിഷൻ ദമാനി എന്നിവരാണ് ഇന്ത്യയിൽ നിന്നും പട്ടികയിൽ ഇടം പിടിച്ച മറ്റുള്ളവർ.
ടെസ്ല സിഇഒയും ആഗോള അതിസമ്പന്നനുമായ ഇലോൺ മസ്ക് ട്വിറ്ററിൽ നിക്ഷേപം നടത്തിയിരുന്നു. 9.2 ശതമാനം ഓഹരികൾ സ്വന്തമാക്കിയെന്ന വിവരം അമ്പരപ്പോടെയാണ് ആഗോള ബിസിനസ് ലോകം കേട്ടത്. പിന്നാലെ ട്വിറ്ററിന്റെ ഓഹരികൾക്ക് വൻ ഡിമാന്റുണ്ടായി. ഇതോടെ മൂല്യം 26 ശതമാനത്തോളം കുതിച്ചുയർന്നു.
ഇതോടെ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഓഹരികളുള്ളയാളായി മസ്ക് മാറി. ട്വിറ്ററിന് പുറമെ ഫെയ്സ്ബുക്കിന്റെ പാരന്റ് കമ്പനിയായ മെറ്റ പ്ലാറ്റ്ഫോമിന്റെയും സ്നാപ്ചാറ്റിന്റെ ഉടമകളായ സ്നാപിന്റെയും ഓഹരി മൂല്യത്തിലും വർധനവുണ്ടായി.
ട്വിറ്ററിന്റെ 73.5 ദശലക്ഷം ഓഹരികളാണ് ഇലോൺ മസ്കിന്റെ കൈവശമുള്ളത്. ഇലോൺ മസ്ക് റിവോക്കബിൾ ട്രസ്റ്റിന്റെ പേരിലാണ് ഈ വമ്പൻ ബിസിനസുകാരൻ ഓഹരികൾ സ്വന്തമാക്കിയത്.
ട്വിറ്ററിൽ സജീവമായ ബിസിനസുകാരിൽ ഒരാളാണ് ഇലോൺ മസ്ക്. 80 ദശലക്ഷത്തിലധികം ഫോളോവേർസാണ് ഇദ്ദേഹത്തിനുള്ളത്. 2009 മുതൽ ട്വിറ്ററിൽ സ്ഥിര സാന്നിധ്യമായ മസ്ക്, തന്റെ ബിസിനസുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ വലിയ പ്രഖ്യാപനങ്ങൾക്ക് ട്വിറ്റർ ഹാന്റിൽ ഉപയോഗിച്ചിരുന്നു.
എന്നാൽ സമൂഹ മാധ്യമങ്ങളുടെ നിലപാടിനെ നിശിതമായി വിമർശിക്കുന്ന സ്വഭാവക്കാരനുമാണ് മസ്ക്. പുതിയ ഓഹരി ഏറ്റെടുക്കലിലൂടെ ട്വിറ്ററിന്റെ സ്ഥാപകനായ ജാക് ഡോർസിയെ അപേക്ഷിച്ച് നാല് മടങ്ങ് ഓഹരികൾ മസ്കിന്റെ കൈവശം അധികമായുണ്ട്.