EntertainmentNews

‘കൈയിലും ചുണ്ടിലും ചോരവന്ന ഫോട്ടോകൾ എടുത്തിരുന്നു,അന്ന് പ്രചരിപ്പിച്ചത് 25ലക്ഷം മോഷ്ടിച്ചുവെന്ന്’ തുറന്ന് പറഞ്ഞ് എലിസബത്ത്‌

കൊച്ചി: നടന്‍ ബാലയ്‌ക്കെതിരെ വ്യാജരേഖയുണ്ടാക്കിയതുമായി ബന്ധപ്പെട്ട് മുന്‍ഭാര്യ അമൃത സുരേഷ് അടുത്തിടെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ഭാര്യ എലിസബത്ത് ഉദയനും രംഗത്തെത്തി. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യുട്യൂബ് വീഡിയോയില്‍ തന്നെ ബാല ആക്രമിച്ചതിനെ കുറിച്ചും പലതും സഹിച്ചും ക്ഷമിച്ചും നിന്നതിനെ കുറിച്ചും വിശദമായി പറയുന്നുണ്ട്.

തമിഴ്‌നാട്ടിലെ ഗലാട്ട മീഡയയ്ക്ക് അടുത്തിടെ ബാലയും ഭാര്യ കോകിലയും അഭിമുഖം നല്‍കിയിരുന്നു. എലിസബത്ത് തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചു എന്ന് പരോക്ഷമായി ബാല അഭിമുഖത്തില്‍ പറയുന്നുണ്ട്. കരള്‍ മാറ്റ ശസ്ത്രക്രിയക്കുശേഷം തെറ്റായ മരുന്ന് നല്‍കിയെന്നായിരുന്നു ബാലയുടെ ആരോപണം. ഇതിന് പിന്നാലെയാണ് എലിസബത്ത് ബാലയോടൊപ്പമുള്ള ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയത്.

തന്നെ വിവാഹം ചെയ്തതിനുശേഷവും പല സ്ത്രീകളേയും ബാല ഫ്‌ളാറ്റിലേക്ക് കൊണ്ടുവരാറുണ്ടെന്നും കഴുത്തിന് കുത്തിപ്പിടിച്ചും തലമുടിക്ക് പിടിച്ചും മുഖത്തടിച്ചും മര്‍ദിച്ചിരുന്നുവെന്നും എലിസബത്ത് പറയുന്നു. ബാലയെ ഒരുപാട് സ്‌നേഹിച്ചു പോയതുകൊണ്ടാണ് ഇതിനെതിരെ പോലീസില്‍ പരാതി നല്‍കാതിരുന്നതെന്നും അവര്‍ വീഡിയോയില്‍ പറയുന്നു.

‘വിവാഹം കഴിഞ്ഞതിനുശേഷവും ബാല ഫ്‌ളാറ്റിലേക്ക് സ്ത്രീകളെ കൊണ്ടുവന്നിരുന്നു. ഇത് പലരും എന്നെ വിളിച്ച് പറഞ്ഞിട്ടുണ്ട്. ഒരു തവണ മര്‍ദിച്ചപ്പോള്‍ ഞാന്‍ പോലീസ് സ്‌റ്റേഷനില്‍ വിളിച്ചു പറഞ്ഞു. പോലീസുകാര്‍ വന്നപ്പോഴേക്കും ബാല അവിടെ നിന്ന് വേറൊരു സ്ഥലത്തേക്കുപോയി. ഇതോടെ പോലീസുകാര്‍ പരാതി എഴുതി തരാന്‍ പറഞ്ഞു. പക്ഷേ ബാലയോടുള്ള സ്‌നേഹം കാരണം പരാതി എഴുതി കൊടുത്തില്ല. പക്ഷേ പിന്നീട് ബാല തിരിച്ച് വീട്ടിലേക്ക് വന്നില്ല. ഞാന്‍ അവിടെ നിന്ന് ഇറങ്ങിപ്പോയാലേ വരൂ എന്ന് പറഞ്ഞു. അപ്പോള്‍പിന്നെ ഞാന്‍ ഇറങ്ങി പോകാതിരുന്നിട്ട് കാര്യമില്ലല്ലോ.’-എലിസബത്ത് വീഡിയോയില്‍ പറയുന്നു.

തനിക്കെതിരെ ബാല പതലവണ മോഷണക്കുറ്റം ആരോപിച്ചിട്ടുണ്ടെന്നും മോഷ്ടാവായി ചിത്രീകരിച്ചിട്ടുണ്ടെന്നും എലിസബത്ത് പറയുന്നു. ‘വീട്ടില്‍ ഒരു നായ്ക്കുട്ടിയുണ്ടായിരുന്നു. അതിനെ എനിക്ക് ഇഷ്ടമായിരുന്നു. അതിനെ ഞാന്‍ എടുത്തോണ്ടുപോയാല്‍ കട്ടുകൊണ്ടുപോയി എന്നാണ് ബാല പറയുക. പണ്ട് എനിക്ക് ന്യൂമോണിയ വന്നിട്ട് കുറച്ച് ദിവസം വീട്ടില്‍നിന്ന് മാറി നിന്നു. അന്ന് പ്രചരിപ്പിച്ചത് ഞാന്‍ അവിടെ നിന്ന് 25 ലക്ഷം മോഷ്ടിച്ചുകൊണ്ടുപോയി എന്നാണ്. അങ്ങനെയുള്ള മോഷ്ടാവാണ് ഞാനെങ്കില്‍ വീണ്ടും എന്തിനാണ് വീട്ടിലേക്ക് വിളിച്ചു കയറ്റിയത്?. അത് ചിന്തിച്ചുകൂടേ?. ഒരു ദിവസം പുലര്‍ച്ചെ മൂന്ന് മണിക്ക് വിളിച്ചിട്ട് ‘ചോര ഛര്‍ദ്ദിക്കുന്നു, ആശുപത്രിയിലാണ്, അവിടെ ആരുമില്ല ഒപ്പ് ഇടാന്‍’ എന്ന് പറഞ്ഞു. അങ്ങനെയാണ് ഞാന്‍ തിരിച്ചുവന്നത്.

ഒരു ദിവസം പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ നിന്നാണെന്ന് പറഞ്ഞ് എനിക്കൊരു കോള്‍ വന്നു. വിളിച്ചു ആളുടെ പേരും നമ്പറുമെല്ലാം എന്റെ കൈയിലുണ്ട്. വിളിച്ചത് സ്റ്റേഷനില്‍നിന്ന് തന്നെയാണോ അതോ ഇയാളുടെ ഗുണ്ടകള്‍ പേടിപ്പിക്കാന്‍ വിളിച്ചതാണോ എന്ന് എനിക്കറിയില്ല. വിളിച്ച വ്യക്തി പറഞ്ഞത് ഞാന്‍ അയാളെ ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നാണ്. ബാലയുടെ കൈയില്‍ പോറലുണ്ടെന്ന് പറയുകയും വീഡിയോ അയച്ചുതരികയും ചെയ്തു. ശരിക്കും പറഞ്ഞാല്‍ ഞങ്ങള്‍ തമ്മില്‍ മല്‍പ്പിടിത്തമൊക്കെ നടന്നിരുന്നു.

എന്നെ ഒരുപാട് തല്ലുകയും ചെയ്തിരുന്നു. ആ സമയത്ത് മരണവെപ്രാളത്തില്‍ പലതും ചെയ്യുമ്പോള്‍ ചിലപ്പോള്‍ ഒരു പോറലൊക്കെ വന്നു എന്ന് വരാം. അതായിരിക്കാം ഉണ്ടായത്. എന്റെ മുടിയൊക്കെ പിടിച്ചുവലിച്ചതൊക്കെ എനിക്ക് ഓര്‍മയുണ്ട്. എന്റെ ചുണ്ടിലും കൈയിലും ചോര വന്ന കുറേ ഫോട്ടോകള്‍ ഞാന്‍ എടുത്തിരുന്നു. അതുപോലെ എന്റെ മുഖത്ത് നീരുവന്ന ഫോട്ടോയും എടുത്തുവെച്ചിട്ടുണ്ടായിരുന്നു.

നേരത്തെ പറഞ്ഞ പോറല്‍ പോലെ പിച്ചി, മാന്തി എന്നെല്ലാം പറഞ്ഞും പുള്ളി പോലീസുകാര്‍ക്ക് എനിക്കെതിരേയുള്ള ഫോട്ടോകള്‍ അയച്ചുകൊടുത്തിരുന്നു. എനിക്കെതിരെ പരാതിയും നല്‍കിയിരുന്നു. തുടര്‍ന്നാണ് പോലീസ് സ്‌റ്റേഷനില്‍ നിന്ന് എന്നെ വിളിച്ചത്. അതുപോലെ എന്നെ അടിച്ച ശേഷം അയാള്‍ പോകുമ്പോള്‍ ഞാനും പോലീസ് സ്‌റ്റേഷനില്‍ വിളിച്ചിരുന്നു. ആ സമയത്തെല്ലാം അയാള്‍ വീട്ടില്‍നിന്ന് ഇറങ്ങിപ്പോകുന്നത് ക്യാമറയില്‍ നോക്കിയാല്‍ മനസിലാകും. അന്ന് പോലീസുകാര്‍ വന്നപ്പോള്‍ എന്റെ മുഖത്തെ നീര് കണ്ടിരുന്നു. തുടര്‍ന്നാണ് പരാതി എഴുതി കൊടുക്കാന്‍ പറഞ്ഞത്.

ഇതിന് മുമ്പ് രണ്ട് ചെക്കന്‍മാരുമായി ബാല അടിയുണ്ടാക്കിയിരുന്നു. അപ്പുറത്തെ വീട്ടില്‍നിന്ന് ഹെല്‍മെറ്റ് എന്തോ അവര്‍ എടുത്തിട്ടുപോയി എന്നൊക്കെ പറഞ്ഞാണ് അവരെ വിളിപ്പിച്ച് വരുത്തി തല്ലിയത്. ശരിക്കും ഇയാളെ കാണാന്‍ വേണ്ടി അവര്‍ വീട്ടില്‍ വന്നതാണ്. പോകുമ്പോള്‍ അവരുടെ ഹെല്‍മെറ്റ് കൂടി എടുത്തിട്ടാണ് പോയത്. പക്ഷേ വീട്ടില്‍ ഇരുന്ന ഹെല്‍മെറ്റ് എടുത്തുകൊണ്ടുപോയി എന്ന് പറഞ്ഞാണ് അവരെ അടിച്ചത്. അന്ന് ഞാന്‍ വല്ലാതെ പേടിച്ചുപോയി. അവരെ ഇയാള്‍ ഒരുപാട് തല്ലി. ഞാന്‍ പോയി ഇയാളെ കെട്ടിപ്പിടിച്ചാണ് തിരിച്ചുകൊണ്ടുവന്നത്. ആ ചെക്കന്‍മാര്‍ ആശുപത്രയില്‍ അഡ്മിറ്റായി.

അടുത്ത ദിവസം ഇയാള്‍ ഒരു കട ഉദ്ഘാടനത്തിന് പോകുകയാണ്. എനിക്ക് ഒറ്റയ്ക്ക് വീട്ടിലിരിക്കാന്‍ പേടിയായി. ആളും പേടിച്ചിരുന്നു. എയര്‍ ഗണ്‍ ഒക്കെ കൈയിലുണ്ടായിരുന്നു. ബ്ലാക്ക് ക്യാറ്റിനെ ഒക്കെ വിളിച്ചാണ് ഉദ്ഘാടനത്തിന് പോയത്. ഞാന്‍ ആണെങ്കില്‍ വീട്ടില്‍ ഒറ്റയ്ക്കും. ഞാനും വരട്ടെ എന്ന് ചോദിച്ചതാണ്. പക്ഷേ കൊണ്ടുപോയില്ല. അന്ന് എന്നെ കൊണ്ടുപോകാതിരിക്കാന്‍ വേറേയും കാരണങ്ങളുണ്ട്. വേറെ കുറച്ച് ആള്‍ക്കാര്‍കൂടി ഇയാളുടെ ഒപ്പമുണ്ടായിരുന്നു. അത് ആരാണെന്ന് ഞാന്‍ ഇപ്പോള്‍ ഇവിടെ പറയുന്നില്ല. കുറച്ച് സസ്‌പെന്‍സുകള്‍ ഇരിക്കട്ടെ. അതുകഴിഞ്ഞ് ഞാന്‍ പുള്ളിയുടെ അമ്മയെ വിളിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു, പ്രാര്‍ഥിക്ക് എന്ന്.

ജീവന് അപായം തോന്നിയപ്പോഴെല്ലാം പോലീസ് സ്‌റ്റേഷനില്‍ വിളിച്ചിരുന്നുവെന്നും എന്നാല്‍ സഹായം ലഭിച്ചില്ലെന്നും എലിസബത്ത് പറയുന്നു. സാധാരണക്കാരായ ജനങ്ങള്‍ക്ക് ഇവിടെ നീതി ലഭിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

‘എന്നെ പിന്തുണച്ച് ഒരുപാട് പേര്‍ വരുന്നുണ്ട്. അവരോടെല്ലാം ഒരുപാട് നന്ദിയുണ്ട്. എന്റെ ബന്ധുക്കള്‍പോലും ചെയ്യാത്ത സഹായങ്ങള്‍ ചെയ്യാമെന്ന് പറഞ്ഞ് കുറേപ്പേര്‍ വരുന്നുണ്ട്. അവരോടെല്ലാം നന്ദിയുണ്ട്. ചിലര്‍ക്ക് ഞാന്‍ ആത്മഹത്യ ചെയ്യുമോ എന്ന പേടി ഉണ്ട്. പക്ഷേ ഞാന്‍ അതൊക്കെ ചെയ്യാനാണെങ്കില്‍ മുമ്പ് ഇയാളുടെ കൂടെ ജീവിക്കുമ്പോള്‍ ചെയ്യുമായിരുന്നു. അതില്‍ കൂടുതല്‍ ഇനി ഒന്നും പറ്റാനില്ല. അതില്‍ കൂടുതലൊക്കെ ഞാന്‍ അനുഭവിച്ചു കഴിഞ്ഞു.

ഇനി എന്ത് സംഭവിച്ചാലും കുഴപ്പമില്ല. ഇനിയിപ്പോള്‍ എന്നെ കൊന്നാലും എന്റെ തുണിയില്ലാത്ത ചിത്രം ഇട്ടാലും കുഴപ്പമില്ല. എല്ലാം നേരിടാന്‍ ഞാന്‍ തയ്യാറാണ്. അയാള്‍ എന്നെ ആ തരത്തിലാക്കി മാറ്റി. പക്ഷേ ഒരു കാര്യം എനിക്ക് പറയാതിരിക്കാന്‍ വയ്യ. എനിക്ക് എന്തുമാത്രം ഇഷ്ടമായിരുന്നു എന്ന് അറിയാമോ? അത് നിങ്ങള്‍ക്ക് അറിയില്ല എന്ന് മാത്രം പറയരുത്. ആ എന്നോട് എങ്ങനെ ഇതൊക്കെ ചെയ്യാന്‍ പറ്റി എന്ന് ആലോചിക്കുമ്പോഴാണ് സങ്കടം.’-എലിസബത്ത് വീഡിയോയില്‍ പറഞ്ഞുനിര്‍ത്തുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker