അതിരപ്പള്ളിയില്‍ മസ്തകത്തിൽ മുറിവേറ്റ് ചികിത്സയിലായിരുന്ന കൊമ്പൻ ചരിഞ്ഞു

കൊച്ചി: അതിരപ്പിള്ളിയിൽനിന്നു വനംവകുപ്പ് പിടികൂടിയ മസ്തകത്തിൽ പരിക്കേറ്റ ആന ചരിഞ്ഞു. കോടനാട്ട് ചികിത്സയിലിരിക്കെയാണ് ആന ചരിഞ്ഞത്. ഒരു അടിയോളം ആഴത്തിലുള്ളതായിരുന്നു മുറിവ്. വളരെ മോശമായ രീതിയിലായിരുന്നു ആനയുടെ ആരോഗ്യാവസ്ഥ. ഹൃദയാഘാതം മൂലമാണ് ആന ചരിഞ്ഞതെന്നാണ് വിവരം.
ആന ഭക്ഷണവും വെള്ളവും ഇന്ന് രാവിലെ വരെ കഴിച്ചിരുന്നു. പക്ഷേ ചികിത്സക്കിടെ ആന കുഴഞ്ഞുവീഴുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷമേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാവുകയുള്ളൂവെന്നും വാഴച്ചാൽ ഡി.എഫ്.ഒ. കുറിപ്പിലൂടെ വ്യക്തമാക്കി.
ആനയെ മയക്കുവെടിവെച്ച ശേഷം സാധ്യമായ വിദഗ്ധചികിത്സ നൽകിയിരുന്നു. പിടികൂടിയ സമയം തന്നെ മുറിവ് ആഴത്തിലുള്ളതാണെന്നും ജീവന് ഭീഷണിയുണ്ടെന്നും ചീഫ് വെറ്റിനറി സർജൻ അരുൺ സക്കറിയ പറഞ്ഞിരുന്നു. മയക്കുവെടിയേറ്റതിന്റെ മയക്കം വിട്ടതിന് ശേഷം തീറ്റയെടുക്കുകയും കുളിക്കാനുള്ള ശ്രമം നടത്തുകയുമെല്ലാം ചെയ്തിരുന്നു. എന്നാൽ ആരോഗ്യാവസ്ഥ മോശമാവുകയായിരുന്നു. തുടർന്ന് ഗ്ലൂക്കോസ് അടക്കം നൽകി കൊണ്ട് ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആന ചരിയുകയായിരുന്നു.
മുറിവിലെ പഴുപ്പ് പൂർണമായി മാറ്റാനായി സാധിച്ചിരുന്നു. എന്നാൽ, മുറിവിലെ അണുബാധ തുമ്പിക്കൈയിലേക്കും ബാധിച്ചിരുന്നു. അണുബാധ മസ്തിഷ്കത്തിലേക്ക് ബാധിച്ചിട്ടില്ലെന്ന് ഡോക്ടർ അരുൺ സക്കറിയ വ്യക്തമാക്കിയിരുന്നു. തുമ്പിക്കൈയിലെ അണുബാധ കാരണം തുമ്പിക്കൈയിൽ വെള്ളം കോരി കുടിക്കുന്നതിനടക്കം ആനയ്ക്ക് പ്രയാസമുണ്ടായിരുന്നു. അതിനാൽ വളരെ ശ്രദ്ധയോടെയാണ് ആനയുടെ പരിപാലിച്ചിരുന്നത്. മുറിവിന്റെ വേദന കാരണം ആന പുറത്തേക്കും മുറിവിലേക്കും മണ്ണ് വാരി ഇടുന്നുണ്ടായിരുന്നു. അതെല്ലാം നിരന്തരം വൃത്തിയാക്കിക്കൊണ്ടായിരുന്നു ആനയെ പരിചരിച്ചിരുന്നത്.
ജനുവരി 15 മുതല്‍ മസ്തകത്തില്‍ പരിക്കേറ്റ നിലയില്‍ കൊമ്പനെ പ്ലാന്റേഷന്‍ തോട്ടത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പരിക്ക് ഗുരുതരമാണെന്ന് ബോധ്യപ്പെട്ടതോടെ 24 ന് മയക്കുവെടി വെച്ച് തളച്ച് ചികിത്സ നല്‍കി വിട്ടിരുന്നു. എന്നാല്‍ ഈ മുറുവില്‍ പുഴുവരിച്ചനിലയില്‍ കണ്ടതോടെ ആനയുടെ ജീവനില്‍ ആശങ്കവന്നത്. തുടര്‍ന്ന് ആനയെ മയക്കുവെടി വെച്ച് തളച്ച് ചികിത്സിച്ച് ഭേദമാക്കുന്നതുവരെ കൂട്ടില്‍ പാര്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പിടികൂടിയ കൊമ്പനെ കൂട്ടിൽ ശാന്തനായാണ് കണ്ടത്. സാധാരണ ആനകൾ കൂട്ടിൽ കയറ്റിയ ഉടനെ കാണിക്കാറുള്ള പ്രതിഷേധം പോലും ആനയിൽ നിന്നും ഉണ്ടായില്ല. അത്രത്തോളം അവശനിലയിലായിരുന്നു കൊമ്പൻ. ഗുരുതരമായ മുറിവാണെങ്കിലും ആനയെ ആരോഗ്യവാനായി തിരികെ കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ഈ പ്രതീക്ഷകളെല്ലാം വിഫലമാക്കി കൊണ്ടാണ് ആന ചരിഞ്ഞത്.