തൃശ്ശൂര്‍: തൃശ്ശൂര്‍ ചിറ്റാട്ടുകരയില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞ് ഒരാളെ കുത്തിക്കൊന്നു. ആലപ്പുഴ ആരിക്കര പുലിമുട്ട് കോളനി സ്വദേശി ആനന്ദ(45)നാണ് മരിച്ചത്. ചിറ്റാട്ടുകര പൈങ്കണിക്കല്‍ ഉത്സവത്തിനായി കൊണ്ടുവന്ന ചിറ്റിലപ്പിള്ളി ഗണേശന്‍ എന്ന ആനയാണ് ഇടഞ്ഞത്.
ഉത്സവ എഴുന്നെള്ളിപ്പിനായി കുളിപ്പിച്ച് കൊണ്ടുവരുന്നതിനിടെ ക്ഷേത്ര പരിസരത്തെ പറമ്പില്‍വെച്ചാണ് ആന ഇടഞ്ഞത്. കുളിപ്പിക്കാന്‍ ആനയുടെ ഇടച്ചങ്ങല അഴിച്ചിരുന്നു. ചൊവ്വാഴ്ച മൂന്നരയോടെയാണ് സംഭവം. ആനന്ദന്‍റെ മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഇടഞ്ഞ ആന സമീപത്തെ പറമ്പുവഴി ഓടി ചിറ്റാട്ടുകര റെയില്‍വേ ഗേറ്റിന് സമീപം എത്തുകയായിരുന്നു. ഇവിടെ പറമ്പില്‍ വിശ്രമിച്ചിരുന്ന ആനന്ദനു നേരെ ആന പാഞ്ഞടുത്തു. കൂടെയുണ്ടായിരുന്നവര്‍ ഓടിയെങ്കിലും രോഗിയായ ആനന്ദന് ഓടി രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. പച്ചമരുന്ന് കച്ചവടക്കാരായ ബന്ധുവിനെ കാണാനായി എത്തിയതായിരുന്നു ആനന്ദന്‍. ആനയെ പിന്നീട് കണ്ടാണശ്ശേരി ഭാഗത്തുവെച്ച് തളച്ചു.