കൊച്ചി: കൊച്ചിയിലെ ഐ.ജി ഓഫീസ് മാര്‍ച്ചിനിടെ സി.പി.ഐ നേതാക്കള്‍ക്കു പോലീസ് ലാത്തിച്ചാര്‍ജില്‍ മര്‍ദനമേറ്റ സംഭവത്തില്‍ ആഭ്യന്തരവകുപ്പിനും സര്‍ക്കാരിനുമെതിരേ വിമര്‍ശനവുമായി സി.പി.ഐ എംഎല്‍എ എല്‍ദോ എബ്രഹാം. കേരളത്തിലെ പോലീസ് സംവിധാനം ശരിയായ നിലയിലല്ല പോകുന്നതെന്നും ആഭ്യന്തര വകുപ്പ് പരാജയമാണെന്നും എല്‍ദോ തുറന്നടിച്ചു. പോലീസ് സംവിധാനത്തെ നിയന്ത്രിക്കാന്‍ സംസ്ഥാനത്തെ സര്‍ക്കാരിനു കഴിയുന്നില്ല. പോലീസിന്റെ പോക്കു ശരിയായ ദിശയിലുമല്ല. പോലീസിന്റെ ഭാഗത്തുനിന്ന് തുടര്‍ച്ചയായി വീഴ്ചയുണ്ടാകുന്നു. ആഭ്യന്തര വകുപ്പ് പരാജയമാണ്. പോലീസിനു വീഴ്ചയുണ്ടായാല്‍ അതു ചൂണ്ടിക്കാണിക്കാന്‍ സിപിഐക്കു മടിയില്ലെന്നും എല്‍ദോ പറഞ്ഞു. ചൊവ്വാഴ്ച സി.പി.ഐ നടത്തിയ ഡി.ഐ.ജി ഓഫീസ് മാര്‍ച്ചിലെ ലാത്തിച്ചാര്‍ജിനിടെ മൂവാറ്റുപുഴയില്‍നിന്നുള്ള സിപിഐ എംഎല്‍എ എല്‍ദോ ഏബ്രഹാമിന്റെ കൈ പോലീസ് തല്ലിയൊടിച്ചിരുന്നു. ഇടതുകൈ ഒടിഞ്ഞ എംഎല്‍എ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ജില്ലാ സെക്രട്ടറി പി. രാജു അടക്കമുള്ള സിപിഐ നേതാക്കള്‍ക്കും സാരമായി പരിക്കേറ്റിരിന്നു.