ഗോകുലം ഗോപാലന്‍ അറസ്റ്റിലേക്കോ? എത്രയും വേഗം ചെന്നൈയിലെത്താൻ ഇഡി;രാവിലെ തുടങ്ങിയ റെയ്ഡ് അവസാനിച്ചത് ഉച്ചതിരിഞ്ഞ്

കോഴിക്കോട്∙ പ്രമുഖ വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലന്റെ കോഴിക്കോട്ടെ കോര്‍പറേറ്റ് ഓഫിസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ പരിശോധന അവസാനിച്ചു. രാവിലെ പതിനൊന്നരയോടെ ആരംഭിച്ച പരിശോധന മൂന്നു മണിയോടെയാണ് അവസാനിച്ചത്. ഗോകുലം ഗോപാലനോട് എത്രയും വേഗം ചെന്നൈയിലെ ഓഫിസിലെത്താനും ഇഡി നിർദേശം നൽകിയിട്ടുണ്ട്.
കൊച്ചിയില്‍ നിന്നെത്തിയ സംഘമാണ് പരിശോധന നടത്തിയത്. അരയിടത്തുപാലത്തെ ഗോകുലം മാളിന് സമീപത്തെ ഓഫിസിലായിരുന്നു പരിശോധന. ഇന്ന് രാവിലെ ചെന്നൈയിലെ ഗോകുലം ഓഫിസിലാണ് ആദ്യം പരിശോധന തുടങ്ങിയത്. പിന്നാലെ കോഴിക്കോട്ടെ ഓഫിസുകളിലും പരിശോധന നടത്തുകയായിരുന്നു.
വിദേശനാണയ വിനിമയച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് നേരത്തേയുണ്ടായിരുന്ന കേസുകളുടെ തുടര്‍നടപടികളുടെ ഭാഗമായാണ് വെള്ളിയാഴ്ച ഇഡി പരിശോധന നടത്തിയതെന്നാണ് വിവരം. എന്നാല്‍, ഇതുസംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പരിശോധനയുടെ ഭാഗമായി ഗോകുലം ഗോപാലനെയും അന്വേഷണസംഘം ചോദ്യം ചെയ്തു. ആദ്യം വടകരയിലെ വീട്ടിൽ വച്ച് ചോദ്യം ചെയ്യാനായിരുന്നു നീക്കമെങ്കിലും ഗോകുലം ഗോപാലൻ കോഴിക്കോട് കോർപറേറ്റ് ഓഫിസിലേക്ക് എത്തുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്.
കുറച്ച് ദിവസം മുൻപ് ഗോകുലം കമ്പനിയിലേക്ക് വലിയൊരു തുക നിക്ഷേപം വന്നു. ആ തുക എവിടെ നിന്നാണ് വന്നത്, ഒരാളിൽ നിന്നാണോ തുക വന്നതെന്നുൾപ്പെടെയുള്ള കാര്യങ്ങളാണ് ചോദിച്ചതെന്നാണ് പ്രാഥമിക വിവരം. കോഴിക്കോട് നഗരത്തിലെ ഗോകുലത്തിന്റെ മറ്റു സ്ഥാപനങ്ങളിലും ഒരേ സമയം പരിശോധന നടന്നിരുന്നു.