പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിം കുഞ്ഞ് കൊച്ചിയിലെ വീട്ടിലെത്തി, നിർമ്മാണ കമ്പനിയ്ക്ക് മുൻകൂർ പണം നൽകിയത് നയപരമായ തീരുമാനമെന്ന് മുൻ മന്ത്രി
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വിജിലൻസ് അറസ്റ്റിലേക്ക് നീങ്ങുന്നുുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ മൊബൈൽ ഫോൺ ഓഫ് ചെയ്ത് ഒളിവിൽ പോയ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് കൊച്ചി ആലുവയിലെ വീട്ടില്‍. കരാര്‍ ഏജന്‍സിക്ക് മുന്‍കൂര്‍ പണം നല്‍കിയ അഴിമതിയ്ക്കും പണമിടപാടും സംബന്ധിച്ച് കൃത്യമായ രേഖകള്‍ ലഭിച്ചെന്നും ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും വിജിലന്‍സ് ഒരുങ്ങുന്നുവെന്നും ഉള്ള വിവരങ്ങള്‍ക്കിടെയാണ് ഇബ്രാഹിംകുഞ്ഞ് സ്വന്തം വീട്ടിലെത്തുന്നത്. പാലം പണിയുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനങ്ങള്‍ എല്ലാം നയപരം മാത്രമായിരുന്നുവെന്നാണ് ഇബ്രാഹിംകുഞ്ഞ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. അറസ്റ്റ് മുന്‍കൂട്ടിക്കണ്ട്, മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ക്കായി കുഞ്ഞ് നിയമോപദേശം തേടിയെന്നാണ് വിവരം. എന്നാല്‍ അഴിമതിക്കേസില്‍ ഇതുവരെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് നോട്ടീസൊന്നും ലഭിച്ചിട്ടില്ലെന്ന് ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കി.