മസ്കറ്റ്: ഒമാനില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനം ഞായറാഴ്ച ഉച്ചയ്ക്ക് 02:43നാണ് രേഖപ്പെടുത്തിയത്. റിക്ടര്‍ സ്കെയിലില്‍ 2.5 തീവ്രതയാണ് രേഖപ്പെടുത്തിയത്.
റുവി, വാദി കബീര്‍, മത്ര, സിദാബ് പ്രദേശങ്ങളിലെ താമസക്കാര്‍ക്ക് നേരിയ തോതില്‍ പ്രകമ്പനം അനുഭവപ്പെട്ടു. മസ്കറ്റിന് മൂന്ന് കിലോമീറ്റര്‍ തെക്ക് മാറിയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നവംബര്‍ 24നും സമാനമായ നേരിയ ഭൂചലനം അല്‍ അമെറാതത്ത് വിലായത്തില്‍ രേഖപ്പെടുത്തിയിരുന്നു.
റിക്ടര്‍ സ്കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. അല്‍ അമെറാത്, മസ്കറ്റ്, മത്ര, വാദി കബീര്‍, സിദാബ് പ്രദേശങ്ങളിലെ താമസക്കാര്‍ക്ക് നേരിയ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. സാധാരണയായി റിക്ടര്‍ സ്കെയിലില്‍ 2.5 അല്ലെങ്കില്‍ അതില്‍ താഴെ തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനങ്ങള്‍ പ്രദേശത്ത് പ്രകമ്പനം ഉണ്ടാക്കാറില്ല എന്നാല്‍ സീസ്മോഗ്രാഫിലൂടെ ഇവ രേഖപ്പെടുത്താറുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.