News

വിജയിയെ കേന്ദ്ര സര്‍ക്കാരിന്റെ കണ്ണിലെ കരട്, വിമര്‍ശിക്കുന്നവരെ ഏതു മാർഗ്ഗം സ്വീകരിച്ചും ഒതുക്കുക എന്നതാണ് സംഘപരിവാര്‍ രീതി, ആഞ്ഞടിച്ച് മന്ത്രി ഇ.പി.ജയരാജൻ

തിരുവനന്തപുരം: ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത നടന്‍ വിജയിയെ പിന്തുണച്ച് സിപിഎം നേതാവും മന്ത്രിയുമായ ഇ.പി ജയരാജന്‍. ഫെയ്‌സ് ബുക്കിലൂടെയാണ് വിജയ്‌ക്കെതിരായ നടപടിയെ വിമര്‍ശിച്ചും നടന് പിന്തുണ പ്രഖ്യാപിച്ചും മന്ത്രി രംഗത്തെത്തിയത്.

വിജയിയെ കസ്റ്റഡിയിലെടുത്ത നടപടി അപലപനീയമാണെന്ന് പറഞ്ഞ മന്ത്രി തങ്ങളെ വിമര്‍ശിക്കുന്നവരെ ഏതു കുത്സിതമാര്‍ഗ്ഗം സ്വീകരിച്ചും ഒതുക്കുക എന്നതാണ് സംഘപരിവാര്‍ രീതി എന്നും ആഞ്ഞടിച്ചു.

രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകിടംമറിച്ച നടപടികളായ നോട്ടുനിരോധനത്തെയും ജി.എസ്.ടിയെയും ‘മെര്‍സല്‍’ എന്ന തന്റെ സിനിമയില്‍ വിജയിയുടെ കഥാപാത്രം വിമര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ എന്ന സിനിമയിലൂടെ അണ്ണാഡിഎംകെ സര്‍ക്കാരിനെയും വിമര്‍ശിച്ചു. ഇതാണ് വിജയിയെ കേന്ദ്ര സര്‍ക്കാരിന്റെ കണ്ണിലെ കരടാക്കിയതെന്നും മന്ത്രി ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

സംഘപരിവാറിന്റെ കിരാത നടപടികള്‍ക്കെതിരെ നിലപാട് സ്വീകരിച്ച കലാകാരന്മാരെയും സാഹിത്യകാരന്മാരെയും അപായപ്പെടുത്താനും അക്രമിക്കാനും കള്ളക്കേസില്‍ കുടുക്കാനും തയ്യാറായതിന് നിരവധി ഉദാഹരണങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ

തമിഴ് സിനിമയിലെ സൂപ്പര്‍താരം വിജയിയെ കസ്റ്റഡിയിലെടുത്ത നടപടി അപലപനീയമാണ്. കടലൂരില്‍ സിനിമാ ചിത്രീകരണസമയത്താണ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്. തങ്ങളെ വിമര്‍ശിക്കുന്നവരെ ഏതു കുത്സിതമാര്‍ഗ്ഗം സ്വീകരിച്ചും ഒതുക്കുക എന്നതാണ് സംഘപരിവാര്‍ രീതി. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകിടംമറിച്ച നടപടികളായ നോട്ടുനിരോധനത്തെയും ജി.എസ്.ടിയെയും ‘മെര്‍സല്‍’ എന്ന തന്റെ സിനിമയില്‍ വിജയിയുടെ കഥാപാത്രം വിമര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ എന്ന സിനിമയിലൂടെ അണ്ണാഡിഎംകെ സര്‍ക്കാരിനെയും വിമര്‍ശിച്ചു. ഇതാണ് വിജയിയെ കേന്ദ്ര സര്‍ക്കാരിന്റെ കണ്ണിലെ കരടാക്കിയത്. സംഘപരിവാറിന്റെ കിരാത നടപടികള്‍ക്കെതിരെ നിലപാട് സ്വീകരിച്ച കലാകാരന്മാരെയും സാഹിത്യകാരന്മാരെയും അപായപ്പെടുത്താനും അക്രമിക്കാനും കള്ളക്കേസില്‍ കുടുക്കാനും തയ്യാറായതിന് നിരവധി ഉദാഹരണങ്ങളുണ്ട്. നരേന്ദ്ര ധബോല്‍ക്കര്‍, കലബുര്‍ഗി, ഗൗരി ലങ്കേഷ്, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ ജീവനെടുത്ത സംഘപരിവാര്‍ ഭീകരത നമ്മള്‍ കണ്ടതാണ്. തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്‍ സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് എഴുത്ത് നിര്‍ത്തുന്ന ഘട്ടത്തിലെത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിക്കുന്നവരെയും പ്രക്ഷോഭം ഉയര്‍ത്തുന്നവരെയും വെടിവെച്ച് വീഴ്ത്തുകയാണ്. പൗരത്വ ഭേദഗതി നിയമം അനീതിയാണെന്ന് പ്രതികരിച്ച മലയാള സിനിമാ പ്രവര്‍ത്തകര്‍ ആദായനികുതി പരിശോധന കരുതിയിരിക്കണമെന്ന് ഒരു ബി ജെ പി നേതാവ് ഭീഷണി ഉയര്‍ത്തിയത് വിജയിക്കെതിരായ നീക്കവുമായി ചേര്‍ത്തുവായിക്കണം. ഇത്തരം നെറികെട്ട നടപടികള്‍ ഒരിക്കലും അംഗീകരിക്കാനാകില്ല. ഈ അനീതിക്കെതിരെ രാജ്യമൊന്നാകെ പ്രതികരിക്കണം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker