എമ്പുരാന്‍ എഫ്ക്ട്; ബി.ജെ.പി പണി തുടങ്ങി, എമ്പുരാന്‍ നിര്‍മാതാക്കളായ ഗോകുലം ഗോപാലന്റെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഓഫീസുകളില്‍ ഇഡി റെയ്ഡ്

ചെന്നൈ: മലയാളി വ്യവസായിയും സിനിമ നിര്‍മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫിസുകളില്‍ ഇ.ഡി റെയ്ഡ്. ചെന്നൈ, കൊച്ചി, കോഴിക്കോട് ഓഫിസുകളിലാണ് പരിശോധന. വിശദമായ പരിശോധനയാണ് ഇ.ഡി നടത്തുന്നതെന്നാണ് വിവരം. ഫെമ നിയമം ലംഘിച്ചുവെന്ന് ആരോപിച്ചാണ് പരിശോധന. ഇത് സംബന്ധിച്ച പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടക്കുന്നതെന്നാണ് വിവരം.
ചെന്നൈ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ ഗോകുലം ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്. ഇ ഡി ഡെപ്യൂട്ടി ഡയറക്ടര്‍ രാജേഷ് നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. ഗോകുലം ഗോപാലന്‍ നിര്‍മിച്ച മോഹന്‍ലാല്‍- പൃഥ്വിരാജ് സിനിമ ‘എമ്പുരാന്‍’ 200 കോടി ക്ലബില്‍ ഇടംനേടിയിരുന്നു. കളക്ഷനില്‍ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുന്നതിനിടെയാണ് റെയ്ഡ്.
വിവാദമായ എമ്പുരാന്‍ സിനിമയുടെ നിര്‍മാതാവാണ് ഗോകുലം ഗോപാലാന്‍. ലൈയ്ക്ക പ്രൊഡക്ഷന്‍സ് നിര്‍മാണത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് ഗോകുലം ഗോപാലന്‍ എമ്പുരന്‍ ഏറ്റെടുത്തത്. സിനിമ റിലീസായതിന് പിന്നാലെ ഗുജറാത്ത് കലാപം ചിത്രീകരിക്കുന്ന രംഗങ്ങളുടെ പേരില്‍ വലിയ വിവാദം ഉയര്‍ന്നിരുന്നു. പ്രേക്ഷകര്‍ സ്‌നേഹിക്കുന്ന താരങ്ങള്‍ അഭിനയിച്ച സിനിമ നിന്ന് പോകരുതെന്ന് കരുതിയാണ് എമ്പുരാനുമായി സഹകരിച്ചതെന്ന് ഗോകുലം ഗോപാലന്‍ പറഞ്ഞിരുന്നു. സിനിമ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ വേണ്ട നടപടി സ്വീകരിക്കാന്‍ സംവിധായകന്‍ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ട്
തല്‍ക്കാലം ചില വാക്കുകള്‍ മ്യൂട്ട് ചെയ്തിട്ടുണ്ട്. മാറ്റം വരുത്താന്‍ എന്തൊക്കെ സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടാകും എന്നറിയില്ല. കാരണം ഒരുപാട് തിയറ്ററുകളില്‍ സിനിമ കളിക്കുന്നുണ്ട്. ഒരു തിയറ്ററില്‍ മാറ്റണമെങ്കില്‍ അതിനു നല്ല ചെലവ് വരും, അപ്പൊ നാലായിരത്തിലധികം തിയറ്ററുകളില്‍ ഓടുന്ന സിനിമയില്‍ മാറ്റം വരുത്താന്‍ അത്രത്തോളം പണം മുടക്കേണ്ടി വരും. ഏകദേശം 40 ലക്ഷത്തോളം രൂപ ചിലവ് വരുമെന്നാണ് തോന്നുന്നത്. പരമാവധി ചെയ്യാന്‍ പറ്റുന്നത് ചെയ്യണം എന്നാണ് എന്റെ ആഗ്രഹം. നമ്മള്‍ ഒരു സിനിമ എടുക്കുന്നത് ആരെയും വേദനിപ്പിക്കാനല്ലല്ലോ. സിനിമ കാണുന്നവര്‍ സന്തോഷിക്കാന്‍ വേണ്ടിയാണ് കാണുന്നതെന്നും ഗോപാലന്‍ പറഞ്ഞിരുന്നു.
‘ഞാന്‍ അവസാനമാണല്ലോ ഈ സിനിമയുമായി സഹകരിക്കുന്നത്. ഈ സിനിമയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച എല്ലാവരും തന്നെ ഇതുവരെയും ആര്‍ക്കും ഒരു ഉപദ്രവവും ചെയ്തിട്ടില്ലാത്ത ആളുകളാണ്. ആരെയും ബുദ്ധിമുട്ടിക്കാന്‍ നമുക്ക് ആര്‍ക്കും ആഗ്രഹമില്ല. ആര്‍ക്കും ഒരു ബുദ്ധിമുട്ടും തോന്നാത്ത വിധത്തില്‍ സിനിമ കാണണം. സിനിമ സെന്‍സര്‍ ചെയ്താണല്ലോ വന്നത്. അപ്പോഴൊന്നും ഒരു പ്രശ്‌നവും ഇല്ലായിരുന്നു. പക്ഷെ സിനിമ കാണുന്നവര്‍ പല ചിന്താഗതിക്കാര്‍ ആണല്ലോ, അതില്‍ വന്ന പ്രശ്‌നം ആണ്. മോഹന്‍ലാലിന് ആയാലും എനിക്ക് ആയാലും ആരെയും വിഷമിപ്പിക്കാന്‍ താല്‍പര്യം ഇല്ലാത്തവരാണ്. ഒരു പ്രത്യേക രാഷ്ട്രീയ കക്ഷികളുമായും നമുക്ക് ബന്ധമില്ല. രാഷ്ട്രീയം എന്നാല്‍ സേവനം എന്നാണ് ഞാന്‍ കാണുന്നത്. വലിയൊരു സിനിമ എടുത്തത് റിലീസ് ചെയ്യാന്‍ കഴിയാതെ നിന്ന് പോകാന്‍ പാടില്ല എന്നതുകൊണ്ടാണ് ഞാന്‍ അതില്‍ സഹകരിച്ചത്. നമ്മള്‍ കാരണം ആര്‍ക്കും ഒരു ബുദ്ധിമുട്ട് ഉണ്ടാകരുത്.’ ഗോപാലന്‍ പറഞ്ഞു.
‘സോഷ്യല്‍ മീഡിയയില്‍ ചില ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഔദ്യോഗികമായി ആരും ഒന്നും അറിയിച്ചിട്ടില്ല. മാനസികമായി ആര്‍ക്കെങ്കിലും നമ്മുടെ സിനിമ കാരണം ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ടെങ്കില്‍ അതിന്മേല്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് നോക്കുന്നുണ്ട്. പറ്റുമെങ്കില്‍ ചെയ്യണം എന്ന് ഞാന്‍ സംവിധായകനോട് വിളിച്ച് പറഞ്ഞിട്ടുണ്ട്, അദ്ദേഹവും ആരെയും വേദനിപ്പിക്കുന്ന ആളല്ല. എന്തായാലും ഞങ്ങള്‍ക്ക് ആരെയും ബുദ്ധിമുട്ടിക്കാന്‍ ഒരു ഉദ്ദേശവും ഇല്ല,
ഇതില്‍ അഭിനയിച്ചവരും സംവിധായകനും പ്രൊഡ്യൂസര്‍മാരും എല്ലാം ജനങ്ങളുടെ മനസ്സില്‍ കുടിയിരിക്കുന്നവരാണ്. എന്തായാലും ചില കാരണങ്ങള്‍ കൊണ്ട് ഈ സിനിമ ആരും കാണാതെ ഇരിക്കാന്‍ പാടില്ല അതിനുവേണ്ട നടപടികള്‍ ആണ് ചെയ്യാന്‍ ശ്രമിക്കുന്നത്. അതില്‍ സാങ്കേതികമായി എന്ത് ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നു എനിക്ക് അറിയില്ല, സംവിധായകന് അത് അറിയാന്‍ പറ്റും. അദ്ദേഹം ആലോചിച്ച് കാര്യങ്ങള്‍ തീരുമാനിക്കട്ടെ. എല്ലാരുടെയും സന്തോഷമാണ് നമ്മുടെ ലക്ഷ്യം.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എമ്പുരാന്‍ സിനിമക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ഗോധ്ര സംഭവം, ഗുജറാത്ത് കലാപം എന്നിവയില്‍ ചരിത്രത്തെ വളച്ചൊടിച്ചുവെന്ന വിമര്‍ശനമാണ് സംഘപരിവാര്‍ സംഘടനകള്‍ ഉന്നയിച്ചത്. ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്ന് നിര്‍മാതാക്കള്‍ തന്നെ ഇടപെട്ട് 24 കട്ടുകള്‍ നടത്തിയിരുന്നു. വിവാദ ഭാഗങ്ങളില്‍ ചിലത് ഒഴിവാക്കി റീ -സെന്‍സറിംഗ് നടത്തിയ പതിപ്പാണ് ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്.