ന്യൂഡല്‍ഹി:200 കോടിയുടെ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കനേഡിയന്‍ ഡാന്‍സറും ബോളിവുഡ് താരവുമായ നോറ ഫത്തേഹിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു.
എട്ട് മണിക്കൂറോളമാണ് ഇ.ഡി ഇവരെ ചോദ്യം ചെയ്തത്. തട്ടിപ്പുകാരന്‍ സുകേഷ് ചന്ദ്രശേഖറിനെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് നോറ ഫത്തേഹിയേയും ചോദ്യം ചെയ്യുന്നത്. ബിസിനസുകാരനില്‍ നിന്നും 200 കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ തടവ് ശിക്ഷ അനുഭവിക്കുകയാണ് സുകേഷ് ചന്ദ്രശേഖര്‍.
ഇ.ഡിയുടെ ഡല്‍ഹിയിലെ ഓഫീസില്‍ ഇന്നലെ 11.30ഓടെയാണ് നോറ എത്തിയത്. ചോദ്യം ചെയ്യല്‍ രാത്രി 8.30 വരെ നീണ്ടു. സുകേഷുമായി നടത്തിയ സാമ്ബത്തിക ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങള്‍ ഇവര്‍ ഇ.ഡിക്ക് മുന്‍പാകെ ഹാജരാക്കിയതായാണ് വിവരം. ഇതേ കേസില്‍ ബോളിവുഡ് നടന്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ ചോദ്യം ചെയ്യാനും ഇ.ഡി തീരുമാനിച്ചിട്ടുണ്ട്.
നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ ഇ.ഡി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. സുകേഷ് ചന്ദ്രശേഖറുമായി നോറ ഫത്തേഹിക്കും, ജാക്വിലിന്‍ ഫെര്‍ണാണ്ടസിനും ഏതെങ്കിലും രീതിയിലുള്ള പണമിടപാടുകള്‍ ഉണ്ടോ എന്നാണ് ഇ.ഡി പ്രധാനമായും അന്വേഷിക്കുന്നത്.
നിലവില്‍ ഡല്‍ഹി രോഹിണി ജയിലില്‍ തടവിലാണ് സുകേഷ് ചന്ദ്രശേഖര്‍. ബിസിനസുകാരനില്‍ നിന്നും 200 കോടി രൂപ തട്ടിയെടുത്തെന്നാണ് ഇയാള്‍ക്കെതിരായ പ്രധാന പരാതി. ഇതിന് പുറമെ 20ഓളം കവര്‍ച്ച കേസുകളും ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജയിലിനുള്ളില്‍ കിടന്നും ഇയാള്‍ പണമിടപാടുകള്‍ നിയന്ത്രിച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
നേരത്തെ സുകേഷിന്റെ ഭാര്യയായ ലീന മരിയ പോളിന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ഇവര്‍ക്കും ഈ കേസില്‍ പങ്കുണ്ടെന്നാണ് വിവരം. ലീനയേയും ഇവരോട് അടുത്ത് പ്രവര്‍ത്തിക്കുന്ന നാല് പേരെയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.