കണ്ണൂർ∙വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ആര്‍ടി ഒാഫിസില്‍ ബഹളം വച്ചതിന് അറസ്റ്റിലായ ഇ– ബുൾ ജെറ്റ് സഹോദരങ്ങൾ റോഡിലൂടെ സൈറൺ ഇട്ട് പോവുന്നതിന്റെ ദൃശ്യങ്ങളും പുറത്ത്. ബിഹാറിലെ റോഡില്‍ കൂടിയാണ് സൈറൺ ഇട്ട് ഇവര്‍ പായുന്നത്. ‘വേറെന്തു ചെയ്യാനാണ്, ഒറ്റ മനുഷ്യൻ മാറി തരുന്നില്ല’ എന്നാണ് സൈറൺ ഇട്ട് പായുന്നതിനു സഹോദരങ്ങൾ പറയുന്ന ന്യായം.
ഒരു പൊലീസ് വാഹനം വരെ വഴിമാറിക്കൊടുക്കുന്നുണ്ട്. ഇവര്‍ക്കാർക്കും ഡ്രൈവിങ് മര്യാദകള്‍ അറിയില്ലെന്നുള്ള അഭിപ്രായങ്ങളും കേള്‍ക്കാം. സൈറൺ ഇട്ടു വരുന്നതിനാൽ ആംബുലൻസ് ആണെന്നു തെറ്റിദ്ധരിച്ച് ടോൾ ബൂത്തിൽ പണം നൽകാതെ കടക്കുന്നതും വിഡിയോയിൽനിന്നു വ്യക്തമാണ്.
അതേസമയം, യുട്യൂബ് വ്ലോഗര്‍മാരുടെ അറസ്റ്റിനു പിന്നാലെ നിയമലംഘനങ്ങൾക്ക് ആഹ്വാനം ചെയ്തതിനും നിയമവിരുദ്ധമായി സംഘം ചേർന്നതിനും ആരാധകരായ 17 പേരെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റു ചെയ്ത് വിട്ടയച്ചു. കൂടുതൽ പേർ നിരീക്ഷണത്തിലെന്ന് പൊലീസ് അറിയിച്ചു. കേരളം കത്തിക്കണമെന്നു വരെയായിരുന്നു ആഹ്വാനം. ഇതേക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ട്രോളുകളും വന്നു. സഹോദരന്മാര്‍ രണ്ടുപേരും രണ്ടാഴ്ചത്തേക്ക് റിമാന്‍ഡിലാണ്.